വാഷിങ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ കരാര്‍ സാധ്യമായേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരെ അമേരിക്ക വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും എണ്ണവിലയില്‍ വന്‍ ഇടിവുണ്ടായെന്നും ഇനിയും കുറയുമെന്നും ട്രംപ് അവകാശപ്പെട്ടു.
നവംബര്‍ രണ്ടിന് എണ്ണവില ബാരലിന് ഏകദേശം 10 ഡോളര്‍ കുറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ വിപണി കണക്കുകള്‍ പ്രകാരം ബ്രെന്റ് ക്രൂഡ് ഓയില്‍ വില 8.66 ഡോളറും യു.എസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യു.ടി.ഐ) വില 7.66 ഡോളറും കുറഞ്ഞു. ജൂലൈ 27ന് ശേഷമുള്ള ഏറ്റവും വലിയ ശതമാന ഇടിവായിരുന്നു ഇത്.
ഇറാന്റെ നാവികസേനയും വ്യോമസേനയും തകര്‍ന്നുവെന്നും രാജ്യത്തിന് പണമില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനില്‍ 300 ശതമാനത്തിലധികം പണപ്പെരുപ്പമാണുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഈ കണക്കുകള്‍ സ്ഥിരീകരിച്ചിട്ടില്ല.
ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖാംനഇ സമാധാന ചര്‍ച്ചകള്‍ക്ക് സര്‍ക്കാരിന് അനുമതി നല്‍കിയതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അറിയിച്ചതിന് പിന്നാലെയാണ് നയതന്ത്ര നീക്കങ്ങള്‍ ശക്തമായത്. ഖത്തര്‍ മധ്യസ്ഥരും ഇറാന്‍ ഉദ്യോഗസ്ഥരും ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനെ ആണവായുധം സ്വന്തമാക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു.
അതേസമയം ഇറാനെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതായി യു.എസ് മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണ്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്ന് ഈ ആഴ്ച തന്നെ അമേരിക്ക ഇറാനെതിരെ ആണവായുധം പ്രയോഗിച്ചേക്കുമെന്ന് കാള്‍സണ്‍ പറഞ്ഞു. ഒരു കാലത്ത് ട്രംപിന്റെ ഏറ്റവും അടുത്ത സുഹൃത്തും പിന്നീട് ഏറ്റവും വലിയ വിമര്‍ശകനുമായ വ്യക്തിയാണ് ടക്കര്‍ കാള്‍സണ്‍.
മാത്രമല്ല അമേരിക്കയുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നതിനിടയിലാണ് ഇറാന് മേലുള്ള ട്രംപിന്റെ അവകാശവാദങ്ങള്‍. നാല് വര്‍ഷം കൂടുമ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. ഇതിനിടയില്‍ പ്രസിഡന്റിന്റെ രണ്ടാം ഭരണവര്‍ഷത്തില്‍ അമേരിക്കയിലെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കും.
Content Highlight: Trump claimed that Iran’s navy and air force have collapsed and that the country has no money