വാഷിങ്ടണ്‍: കുടിയേറ്റക്കാരുടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ട്രംപ് നിയമിച്ച നാഷണല്‍ ഗാര്‍ഡിന് ലോസ് ആഞ്ചലസില്‍ തുടരാമെന്ന് അപ്പീല്‍ കോടതി. ലോസ് ആഞ്ചല്‍സില്‍ നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിക്കുന്നത് തുടരാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് യു.എസ് അപ്പീല്‍ കോടതി ഇന്നലെയാണ് (വ്യാഴാഴ്ച) അനുമതി നല്‍കിയത്.
നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുന്നത് തടഞ്ഞ കീഴ്‌ക്കോടതി വിധി താല്‍ക്കാലികമായി നിര്‍ത്തിവെച്ചാണ് കോടതിയുടെ ഉത്തരവ്.
കോടതി ട്രംപിനോട് യോജിക്കുന്നുവെന്ന് അര്‍ത്ഥമാക്കുന്നില്ലെങ്കിലും ഗാര്‍ഡിന്റെ കമാന്‍ഡിങ് പ്രസിഡന്റിന് വിട്ടുകൊടുക്കുന്നതാണ് അപ്പീല്‍ കോടതിയുടെ വിധിന്യായം. ട്രംപിന്റെ ഉത്തരവിനെതിരെ കാലിഫോര്‍ണിയ ഗവര്‍ണറായ ഗവിന്‍ ന്യൂസോം ആണ് കോടതിയെ സമീപിച്ചത്.
സാന്‍ ഫ്രാന്‍സിസ്‌കോ യു.എസ് ജില്ലാ ജഡ്ജി ചാള്‍സ് ബ്രെയര്‍, പ്രസിഡന്റ് നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചത് നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. അതിനാല്‍ തന്നെ നാഷണല്‍ ഗാര്‍ഡിനെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസോമിന്റെ നിയന്ത്രണത്തിലേക്ക് തിരികെ കൊണ്ടുവരാനും ജഡ്ജി ഉത്തരവിട്ടിരുന്നു.
നഗരത്തിലെ സൈന്യത്തിന്റെ സാന്നിധ്യം പ്രതിഷേധക്കാരുമായുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നുണ്ടെന്നും മറ്റ് ആവശ്യങ്ങള്‍ക്കായി ഗാര്‍ഡിനെ ഉപയോഗിക്കാനുള്ള സംസ്ഥാനത്തിന്റെ അവസരം നഷ്ടപ്പെടുത്തുന്നുവെന്നും ജില്ല ജഡ്ജി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ ഉത്തരവ് പുറപ്പെടുവിച്ച് രണ്ടര മണിക്കൂറിനുശേഷമാണ് ഇത് തടഞ്ഞുകൊണ്ട് അപ്പീല്‍ കോടതി ഉത്തരവിട്ടത്. ട്രംപ് തന്റെ ആദ്യ ടേമില്‍ നിയമിച്ച രണ്ട് ജഡ്ജിമാരും ജോ ബൈഡന്‍ നിയമിച്ച ഒരു ജഡ്ജിയും ഉള്‍പ്പെട്ടതായിരുന്നു ജഡ്ജിമാരുടെ പാനല്‍.
എന്നാല്‍ അപ്പീല്‍ കോടതി വിധി താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും അത് റദ്ദാക്കിയില്ലെന്ന് മേയറുടെ ഓഫീസ് ചൂണ്ടിക്കാട്ടി.
’36 പേജുകളുടെ അവലോകനത്തില്‍ എനിക്ക് ഉറപ്പുണ്ട്. തീര്‍ച്ചയായും അത് നിലനില്‍ക്കും,’ ജില്ലാ ജഡ്ജിയുടെ ഉത്തരവിനെക്കുറിച്ച് ന്യൂസോം പറഞ്ഞു. ഇന്ന് (വെള്ളിയാഴ്ച)700 യു.എസ് മറൈനുകളുടെ ഒരു ബറ്റാലിയന്‍ നഗരത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Trump can keep National Guard in Los Angeles says U.S appeals court