ടെഹ്‌റാന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണവ ചര്‍ച്ചകളെ വഞ്ചിച്ചെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന്‍-യു.എസ്, ഇസ്രഈല്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ തുടരുന്നതിനിടെ ആക്രമണം നടത്തിയ ട്രംപ് നയതന്ത്രത്തേയും തന്നെ പ്രസിഡന്റായി തെരഞ്ഞെടുത്ത അമേരിക്കക്കാരെയും വഞ്ചിച്ചുവെന്ന് അരാഗ്ചി കുറ്റപ്പെടുത്തി.
‘സങ്കീര്‍ണമായ ആണവ ചര്‍ച്ചകളെ ഒരു റിയല്‍ എസ്റ്റേറ്റ് ഇടപാട് പോലെ പരിഗണിക്കുകയും വലിയ നുണകള്‍ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുപിടിക്കുകയും ചെയ്യുമ്പോള്‍ അയാഥാര്‍ത്ഥമായ പ്രതീക്ഷകള്‍ നിറവേറ്റാനൊരിക്കലും സാധിക്കില്ല’, അരാഗ്ചി എക്‌സില്‍ കുറിച്ചു.
‘ഇതിന്റെയൊക്കെ ഫലമെന്താണ്? വെറുപ്പിനെ മുന്‍നിര്‍ത്തി ചര്‍ച്ചയ്‌ക്കൊരുങ്ങുന്ന ടേബിളിലേക്ക് ബോംബെറിഞ്ഞിരിക്കുന്നു. മിസ്റ്റര്‍ ട്രംപ് നയതന്ത്രത്തെയും തന്നെ തെരഞ്ഞെടുത്ത അമേരിക്കക്കാരേയും വഞ്ചിച്ചു’, അരാഗ്ചി വിമര്‍ശിച്ചു.
കഴിഞ്ഞദിവസവും അരാഗ്ചി സമാനമായ പ്രതികരണം നടത്തിയിരുന്നു. അമേരിക്കക്കാര്‍ കുറച്ചുകൂടി മെച്ചപ്പെട്ട ഭരണകൂടത്തെ അര്‍ഹിക്കുന്നുണ്ടെന്നും അവരുടെ രാജ്യം അവര്‍ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇസ്രഈലിന്റെ പ്രേരണയിലാണ് യു.എസ് ഇറാനില്‍ ആക്രമണത്തിന് മുതിര്‍ന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തന്നെ സമ്മതിച്ചെന്നും ഇറാനില്‍ നിന്നും യു.എസ് ആരോപിക്കപ്പെടുന്ന തരത്തിലുള്ള ഭീഷണിയൊന്നുമുണ്ടായിരുന്നില്ലെന്നും അരാഗ്ചി വിശദീകരിച്ചിരുന്നു.
അതേസമയം, അമേരിക്കന്‍ ആക്രമണത്തിന് മറുപടിയായുള്ള ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇതുവരെ 18000 കോടി രൂപയുടെ നഷ്ടം യു.എസ് സൈനിക താവളങ്ങളിലുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഖത്തറില്‍ സ്ഥാപിച്ചിരുന്ന ഏര്‍ലി വാണിങ് റഡാര്‍ സിസ്റ്റം, കുവൈത്തില്‍ വെടിവെപ്പില്‍ തകര്‍ന്ന യുദ്ധവിമാനങ്ങള്‍, ബഹ്‌റൈനിലെ കപ്പല്‍ പടയുടെ ആസ്ഥാനം യു.എ.ഇയിലെ റഡാര്‍ സംവിധാനം തുടങ്ങിയ വിലകൂടിയ യുദ്ധോപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും തകര്‍ന്നതായി തുര്‍ക്കി ന്യൂസ് ഏജന്‍സിയായ അനഡോലുവാണ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Trump betrayed Americans and diplomacy: Iranian Foreign Minister