| Wednesday, 4th February 2026, 3:24 pm

കള്ളം മാത്രം പറയുന്നവര്‍; എപ്സ്റ്റീന്‍ ഫയലില്‍ ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് ട്രംപ്

യെലന കെ.വി

വാഷിങ്ടൺ: ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളെക്കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയെ പരസ്യമായി അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എപ്സ്റ്റീന്‍ കേസിലെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനെക്കുറിച്ച് ചോദിച്ച സി.എന്‍.എന്‍ റിപ്പോര്‍ട്ടറെയാണ് ട്രംപ് അധിക്ഷേപിച്ചത്.

ഫെബ്രുവരി 3-ന് വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സംഭവം. ‘നീതി കിട്ടിയില്ലെന്ന് പരാതിയുള്ള ഇരകളോട് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?’ എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. ഇതിനെത്തുടര്‍ന്ന് ട്രംപ് മാധ്യമപ്രവര്‍ത്തയോട് ഷുഭിതനാവുകയിരുന്നു. ‘നിങ്ങള്‍ ഏറ്റവും മോശം റിപ്പോര്‍ട്ടറാണ്’ എന്നാണ് ട്രംപ് മറുപടി നല്‍കിയത്.

‘പത്ത് വര്‍ഷമായി എനിക്ക് നിങ്ങളെ അറിയാം, നിങ്ങളുടെ മുഖത്ത് ഒരിക്കല്‍ പോലും ഒരു ചിരി ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ സത്യം പറയാത്തതുകൊണ്ടാണ് ചിരിക്കാത്തത്. നിങ്ങളുടെ മാധ്യമ സ്ഥാപനം നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കണം,’ എന്നും ട്രംപ് പറഞ്ഞു.

എപ്സ്റ്റീന്‍ കേസ് തന്നെ കുടുക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്ന് ട്രംപ് ആവര്‍ത്തിച്ചു. ‘എനിക്കെതിരെ തെളിവുകളൊന്നുമില്ല, ഇതൊരു ഗൂഢാലോചനയാണ്. രാജ്യം ഇനി ഇത്തരം കാര്യങ്ങള്‍ വിട്ട് ആരോഗ്യരംഗം പോലുള്ള മറ്റ് വിഷയങ്ങളില്‍ ശ്രദ്ധിക്കണം,’ അദ്ദേഹം പറഞ്ഞു.

ലക്ഷക്കണക്കിന് രേഖകള്‍ അടങ്ങിയ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവന്നത് അമേരിക്കയിലും ബ്രിട്ടനിലും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും ഭാര്യ ഹിലാരിയും ഈ വിഷയത്തില്‍ മൊഴി നല്‍കാന്‍ ഹാജരാകേണ്ടതുണ്ട്.

Content Highlight: Trump berates reporter when asked about Epstein Files, justice to survivors

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more