| Sunday, 14th September 2025, 7:53 am

ചൈനയ്ക്ക് 50 മുതൽ 100 % വരെ തീരുവ ഏർപ്പെടുത്തണം; റഷ്യയ്‌ക്കെതിരെയായ ഉപരോധങ്ങൾ പിന്തുണയ്ക്കാൻ നാറ്റോയോട്‌ ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ചൈനയ്ക്ക് 50 മുതൽ 100 % വരെ തീരുവ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ എണ്ണ വാങ്ങുന്നത് നിർത്തണമെന്നും റഷ്യയ്‌ക്കെതിരെ വലിയ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും നാറ്റോ രാജ്യങ്ങളോട് ട്രംപ് ആവശ്യപ്പെട്ടു.

‘എല്ലാ നാറ്റോ രാജ്യങ്ങളും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചാൽ റഷ്യയ്‌ക്കെതിരെ വലിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഞാൻ തയ്യാറാണ്. ചൈനയ്ക്കുമേൽ എല്ലാ രാജ്യങ്ങളും കൂട്ടായി 50 മുതൽ 100 % തീരുവ ചുമത്തണം. ഉക്രൈൻ യുദ്ധം അവസാനിച്ചതിന് ശേഷം ഇത് പൂർണമായും പിൻവലിക്കും’ ട്രംപ് കഴിഞ്ഞ ദിവസത്തെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു.

എന്നാൽ റഷ്യയിൽ നിന്നും എണ്ണ വാങ്ങിയ ഇന്ത്യയെ കുറിച്ച് ട്രംപ് പോസ്റ്റിൽ പരാമർശിച്ചില്ല. ഉക്രൈൻ റഷ്യ യുദ്ധത്തിൽ ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

‘യുദ്ധം തടയാനും ആയിരക്കണക്കിന് റഷ്യക്കാരുടെയും ഉക്രൈനിയക്കാരുടെയും ജീവൻ രക്ഷിക്കാനുമാണ് ഞാൻ ഇവിടെയുള്ളത്. ഞാൻ പറയുന്നത് പോലെ നാറ്റോ ചെയ്താൽ, യുദ്ധം വേഗത്തിൽ അവസാനിക്കും. അല്ലെങ്കിൽ, നിങ്ങൾ എന്റെയും, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും സമയവും, ഊർജ്ജവും, പണവും പാഴാക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങൾക്കും മറ്റ് ജി 7 സഖ്യകക്ഷികൾക്കുമേലും ട്രംപ് ഭരണകൂടം സമ്മർദം ചെലുത്തിയിരുന്നു.

ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ‘യഥാർത്ഥത്തിൽ പ്രതിജ്ഞാബദ്ധരാണെങ്കിൽ’ താരിഫ് നടപ്പാക്കാൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും യു.എസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും വെള്ളിയാഴ്ച പ്രസ്താവന പുറത്തിറക്കി.

അതേസമയം, ഓഗസ്റ്റിൽ ഇന്ത്യയ്ക്കുമേൽ ഏർപ്പെടുത്തിയ 25 % അധിക താരിഫ് നടപടി തുടരുമ്പോൾ യു.എസ് ഭരണകൂടം ഇന്ത്യയുമായി വ്യാപാര ചർച്ച നടത്തുകയാണ്.

ഇന്ത്യക്കാരുമായി തങ്ങൾ ഇപ്പോൾ സജീവമായി ചർച്ചകൾ നടത്തുകയാണെന്നും അടുത്ത ആഴ്ച ഇന്ത്യയുടെ വാണിജ്യ വ്യാപാര മന്ത്രിയെ സന്ദർശിക്കാൻ ക്ഷണം ഉണ്ടെന്നും ട്രംപ് ഭരണകൂടത്തിന്റെ ഇന്ത്യയിലെ അടുത്ത യു.എസ് അംബാസഡറായി ചുമതലയേൽക്കുന്ന സെർജിയോ ഗോർ പറഞ്ഞു.

Content Highlight: Trump asks NATO to support sanctions against Russia; impose 50 to 100% tariffs on China

We use cookies to give you the best possible experience. Learn more