| Thursday, 31st July 2025, 4:42 pm

വൈറ്റ് ഹൗസിലെ 'ബഫൂണ്‍-ഇന്‍-ചീഫ്' ; ഇന്ത്യക്കെതിരായ താരിഫ് പ്രഖ്യാപനത്തില്‍ ട്രംപിനെതിരെ ഒവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയ്ക്കെതിരെ 25 ശതമാനം താരിഫ് പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പരിഹാസ പരാമര്‍ശവുമായി ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി.

ട്രംപ് വൈറ്റ് ഹൗസിലെ ‘ബഫൂണ്‍-ഇന്‍-ചീഫ്’ ആണെന്നും അദ്ദേഹത്തിന്റെ ഈ തീരുവ പ്രഖ്യാപനം ഇന്ത്യയ്ക്കെതിരായ മനഃപൂര്‍വമായ ആക്രമണമാണെന്നും ഒവൈസി പറഞ്ഞു.

‘ഇന്ത്യന്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് ഇനി 25% തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിലെ ഒരു കോമാളി എന്റെ രാജ്യത്തെ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്നത് കാണുന്നത് സങ്കടകരമാണ്,’ ഒവൈസി പറഞ്ഞു.

‘റഷ്യയുമായി വ്യാപാരം നടത്തുന്നതിനാല്‍ ഈ താരിഫിന് ഒരു പിഴയുടെ സ്വഭാവമുണ്ട്. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ്. അല്ലാതെ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ സലാമി (Pork) എത്തിച്ചുകൊടുക്കുന്ന ഒരു സാമന്ത രാഷ്ട്രമല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ട്രംപിന്റെ ഈ നടപടി നമ്മുടെ പരമാധികാരത്തിനും സാമ്പത്തിക ഘടനയ്ക്കും നേരെയുള്ള വ്യക്തവും ആസൂത്രിതവുമായ ആക്രമണമാണ്.

വര്‍ഷങ്ങളായി ഇന്ത്യക്കെതിരായി വര്‍ദ്ധിച്ചുവരുന്ന ശത്രുതാപരമായ വ്യാപാര രീതികളെക്കുറിച്ചുള്ള വിഷയം ഞാന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു.

നിലവില്‍ ഏര്‍പ്പെടുത്തിയ ഈ താരിഫുകള്‍ ഇന്ത്യന്‍ എം.എസ്.എം.ഇകളെയും ഉത്പാദകരേയും ഐ.ടി സ്ഥാപനങ്ങളെയും സേവന ദാതാക്കളെയും നമ്മുടെ കര്‍ഷകരെയുമടക്കം ബാധിക്കും.

ഇത് നമ്മുടെ കയറ്റുമതിയെ തകര്‍ക്കുകയും തൊഴിലവസരങ്ങളെ ബാധിക്കുകയും ചെയ്യും. ജപ്പാന്‍ 15% താരിഫ് നല്‍കുമ്പോള്‍, വിയറ്റ്‌നാം 20% നല്‍കും, ഇന്തോനേഷ്യ 19% താരിഫ് നല്‍കും. ഇത് ഇന്ത്യയെ നേരിട്ട് ബാധിക്കും.

നരേന്ദ്രമോദിയുടെ നിശബ്ദത നിങ്ങള്‍ കേള്‍ക്കുന്നില്ലേ. ഇതാണോ ’56 ഇഞ്ച് നെഞ്ചളവ്’? അതോ ഇനി ട്രംപ് താരിഫ് 56% ആക്കിയാല്‍ മാത്രമേ നമ്മള്‍ അത് കാണൂ?,’ ഒവൈസി ചോദിച്ചു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്കെതിരായ ഈ നീക്കം ഗൗരവമേറിയതാണെന്നും അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരത്തെ ഇത് ബാധിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂരും പറഞ്ഞിരുന്നു.

ബ്രിക്സിലെ പങ്കാളിത്തവും റഷ്യയുമായുള്ള വ്യാപാരവുമാണ് താരിഫ് ചുമത്തിക്കൊണ്ടുള്ള പ്രസ്താവനയില്‍ ട്രംപ് ഇന്ത്യക്കെതിരെ ഉന്നയിച്ചത്.

റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിക്കുകയോ ഉക്രൈയ്നില്‍ വെടിനിര്‍ത്തലിന് പിന്തുണ നല്‍കുകയോ ചെയ്തില്ലെങ്കില്‍ ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ അധിക താരിഫുകള്‍ നല്‍കേണ്ടിവരുമെന്ന് ട്രംപ് നേരത്തെയും പറഞ്ഞിരുന്നു.

Content Highlight: Trump as White House’s ‘buffoon-in-chief’ says Owaisi

We use cookies to give you the best possible experience. Learn more