| Sunday, 22nd February 2026, 3:12 pm

രാജ്യസുരക്ഷയെ കുറിച്ച് രാഹുല്‍ പറഞ്ഞു; പിറ്റേന്ന് മോദിയുടെ നിര്‍ബന്ധത്തില്‍ വ്യാപാര കരാര്‍ ട്രംപ് പ്രഖ്യാപിച്ചു: കോണ്‍ഗ്രസ്

അനിത സി

ന്യൂദല്‍ഹി: രാജ്യത്തിന്റെ സുരക്ഷയെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ ശ്രദ്ധ തിരിക്കാനായാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങി യു.എസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചതെന്ന് ആരോപിച്ച് കോണ്‍ഗ്രസ്.

പാര്‍ലമെന്റില്‍ രാജ്യത്തിന്റെ സുരക്ഷ ചര്‍ച്ചയായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിടുക്കത്തില്‍ വ്യാപാര കരാര്‍ പ്രഖ്യാപിക്കാന്‍ ട്രംപിനെ നിര്‍ബന്ധിച്ചുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇന്‍-ചാര്‍ജ് ഓഫ് കമ്മ്യൂണിക്കേഷന്‍സ് ജയറാം രമേശ് ആരോപിച്ചു.

‘ഫെബ്രുവരി രണ്ടിന് തിടുക്കപ്പെട്ട് ട്രംപ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചു. ഇത് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ സ്വാധീനം കൊണ്ടാണ്. അന്ന് സുരക്ഷാ മേഖലയിലെ പരാജയങ്ങളെ കുറിച്ച് രാഹുല്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് കരാര്‍ പ്രഖ്യാപനം വന്നതും വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ വ്യാപാര കരാര്‍ നിറഞ്ഞുനിന്നത്’, അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ദോക്‌ലാമിലെ ഇന്ത്യന്‍ സൈന്യത്തിന് സംഭവിച്ചതും മോദി സര്‍ക്കാരിന്റെ വീഴ്ചയും പ്രതിപാദിക്കുന്ന മുന്‍കരസേന മേധാവി എം.എം. നരവനെയുടെ പുസ്തകം പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ഉദ്ധരിച്ചിരുന്നു.വലിയ ഒച്ചപ്പാടുകളാണ് ഈ പുസ്തകമുണ്ടാക്കിയത്. ബജറ്റ് സമ്മേളനം ബഹളത്തില്‍ മുങ്ങാനും ഈ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ കാരണമായിരുന്നു.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ ഒപ്പുവെച്ച ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ താത്കാലികമായെങ്കിലും റദ്ദാക്കണമെന്നും പ്രതിപക്ഷം ആവര്‍ത്തിച്ചു. ഈ വ്യാപാര കരാര്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പരാജയപ്പെട്ടതിന്റെ സൂചനയാണെന്നും തീരുവ സംബന്ധിച്ച കോടതി വിധിയിലെ ആശയക്കുഴപ്പം നീക്കും വരെ കരാര്‍ മരവിപ്പിക്കണമെന്നും ജയറാം രമേശ് എ.എന്‍.ഐയോട് പറഞ്ഞു.

ഈ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള വലിയ ആശയക്കുഴപ്പം കണക്കിലെടുത്ത്, ഈ സംയുക്ത പ്രസ്താവന കോള്‍ഡ് സ്റ്റോറേജില്‍ വെക്കുമെന്ന് പ്രതീക്ഷിക്കുന്നു. യു.എസുമായി ഒപ്പുവെച്ച ഇടക്കാല കരാറിലെ വ്യവസ്ഥകള്‍ ഇന്ത്യക്ക് വീണ്ടും ചര്‍ച്ച ചെയ്യാം. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവെച്ചിരിക്കുന്നത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് കര്‍ഷകരുടെ താത്പര്യങ്ങളെ തകര്‍ക്കുന്ന ഒരു ഏകപക്ഷീയമായ കരാറിലാണ്,’ ജയറാം രമേശ് പറഞ്ഞു.

ഇറക്കുമതിയിലുണ്ടാകുന്ന ഉദാരവത്കരണത്തെ കുറിച്ചും കാര്‍ഷിക ഉത്പന്നങ്ങളുടെ ഭാവിയെ കുറിച്ചും ആശങ്കയുള്ളതിനാല്‍ ഈ വ്യവസ്ഥകള്‍ റദ്ദാക്കണം. ഒരു കരാര്‍ എപ്പോഴും കൊടുക്കല്‍ വാങ്ങലുകളായിരിക്കും സംസാരിക്കുന്നത്. എന്നാല്‍ ഇന്ത്യ വിട്ടുകൊടുക്കല്‍ മാത്രമാണ് കരാറില്‍ ചെയ്തിട്ടുള്ളന്നതെന്നും ജയറാം രമേശ് പറഞ്ഞു.

ഇടക്കാല വ്യാപാര കരാറില്‍ പറയുന്നത് ഒരു രാജ്യത്തിന്റെ ഭാഗത്ത് നിന്നും മാറ്റങ്ങളുണ്ടായാല്‍ ഇരു രാജ്യങ്ങള്‍ക്കും തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ മാറ്റം വരുത്താമെന്നാണ്. അതുകൊണ്ടുതന്നെ ട്രംപ് തീരുവകളില്‍ മാറ്റം വരുത്തിയതിനാല്‍ ഇന്ത്യക്കും മാറ്റങ്ങള്‍ വരുത്താന്‍ അവകാശമുണ്ടെന്നും ജയറാം രമേശ് വിശദീകരിച്ചു.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വിവിധതരം ഭക്ഷ്യ-കാര്‍ഷിക ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാനായി വ്യാപാര കരാര്‍ കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിക്കുക എന്നതാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ യു.എസ് വ്യാവസായിക, ഭക്ഷ്യ-കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും ഇറക്കുമതി തീരുവ ഇല്ലാതാക്കാനോ കുറയ്ക്കാനോ ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്. ഈ വ്യവസ്ഥ കാരണം സോയാബീന്‍ കര്‍ഷകര്‍, ചോളം കര്‍ഷകര്‍, പഴം, പരിപ്പ് കര്‍ഷകര്‍, പരുത്തി കര്‍ഷകര്‍ എന്നിവര്‍ക്കായിരിക്കും ആഘാതമുണ്ടാവുക. ആദ്യം ജമ്മു കശ്മീര്‍, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷകരെ ഇത് ബാധിക്കുമെന്നും ജയറാം രമേശ് വിശദമാക്കി.

യു.എസ് സുപ്രീം കോടതി വിധി എപ്പോള്‍ വേണമെങ്കിലും വരാമെന്ന് പ്രധാനമന്ത്രിക്കും വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനും അറിയാമായിരുന്നിട്ടും എന്തിനാണ് തിടുക്കത്തില്‍ ഒരു കരാര്‍ ഉണ്ടാക്കിയതെന്ന് അദ്ദേഹം ചോദിച്ചു.

ട്രംപിന്റെ തീരുവ റദ്ദാക്കപ്പെടുമെന്ന് പലരും വിശ്വസിച്ചിരുന്നു. വിധി ട്രംപിനെതിരായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് അറിയാമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

Content Highlight: Rahul spoke about national security; Trump announced trade deal the next day at Modi’s insistence: Congress

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more