| Saturday, 16th August 2025, 7:20 am

തീരുമാനത്തിലെത്തിയില്ല, പുരോഗതിയുണ്ട്: ചര്‍ച്ചക്കൊടുവില്‍ പുടിനും ട്രംപും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലാസ്‌ക: റഷ്യ- ഉക്രെയ്ന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റെ വ്‌ളാദിമര്‍ പുടിനുമായി നേരിട്ട് ചര്‍ച്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ഇരുനേതാക്കളും മാധ്യമങ്ങളോട് സംസാരിച്ചു. യുദ്ധത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്നും എന്നാല്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും വൈകാതെ ലക്ഷ്യം കാണുമെന്നും ഇരുവരും അറിയിച്ചു.

ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ വലിയ പുരോഗതി കൈവരിച്ചെന്ന് ട്രംപ് പറഞ്ഞു. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന യുദ്ധത്തെ കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം കൈവരിക്കാനായില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വൈകാതെ ആ ലക്ഷ്യത്തിലേക്ക് എത്തുമെന്നും അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

‘ഇനിയും കുറച്ച് ചെയ്യാനുണ്ട്. പക്ഷേ, ഈ മീറ്റിങ് മുമ്പുള്ളതിനേക്കാള്‍ മെച്ചെപ്പെട്ട നിലയിലെത്തി എന്നാണ് ഞാന്‍ കരുതുന്നത്. പരിഹാരത്തിനുള്ള ആരംഭ പോയിന്റാണ് ഈ ചര്‍ച്ച. ഇനി വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അവിടെ എത്താന്‍ നമുക്ക് നല്ല സാധ്യതയുണ്ട്,’ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കിയുമായി ഇതുവരെ സംസാരിച്ചില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ യൂറോപ്യന്‍ നേതാക്കളുമായി അക്കാര്യത്തിലേക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചര്‍ച്ചയിലുണ്ടായ പുരോഗതി ഇല്ലാതാക്കുന്ന കാര്യങ്ങള്‍ ഉക്രെയ്‌ന്റെയോ യൂറോപ്യന്‍ രാജ്യങ്ങളുടെയോ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറഞ്ഞു. ഉക്രെയ്‌നിലെ നിലവിലെ സാഹചര്യങ്ങള്‍ റഷ്യയുടെ ആഭ്യന്തര സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അതെല്ലാം പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറയുന്നു.

‘ദീര്‍ഘകാലത്തേക്ക് സമാധാനം ഉണ്ടാകണമെങ്കില്‍ സംഘര്‍ഷങ്ങളുടെ മൂലകാരണങ്ങള്‍ ഇല്ലാതാകണം. റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. ഉക്രെയ്ന്‍ ഞങ്ങളുടെ സഹോദരരാജ്യമാണ്. ഉക്രെയ്‌ന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന കാര്യത്തില്‍ ഞാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനൊപ്പം യോജിക്കുന്നു,’ പുടിന്‍ പറഞ്ഞു.

പരസ്പര ബഹുമാനത്തോടെയുള്ള അന്തരീക്ഷത്തിലാണ് ചര്‍ച്ച നടന്നതെന്ന് ഇരുനേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ ട്രംപിനൊപ്പവും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗേയ് ലാവ്‌റോവ് എന്നിവരും പങ്കെടുത്തു.

Content Highlight: Trump and Putin meeting over in USA

We use cookies to give you the best possible experience. Learn more