| Thursday, 25th September 2025, 11:04 pm

കൈകോര്‍ത്ത് പിടിച്ച് ട്രംപും കുറ്റവാളിയായ എപ്സ്റ്റീനും; നാഷണല്‍ മാളിലെ പ്രതിമ നീക്കം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: നാഷണല്‍ മാളില്‍ സ്ഥാപിക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അന്തരിച്ച ജെഫ്രി എപ്സ്റ്റീനും കൈകോര്‍ത്ത് നില്‍ക്കുന്ന പ്രതിമ നീക്കം ചെയ്തു. ട്രംപിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കുറ്റവാളിയായിരുന്ന എപ്സ്റ്റീനുമായി സൗഹൃദം പങ്കിടുന്ന പ്രതിമ അജ്ഞാതര്‍ സ്ഥാപിച്ചത്.

12 അടി ഉയരത്തിലാണ് യു.എസ് കാപിറ്റോളിന് സമീപം ഈ പ്രതിമ സ്ഥാപിക്കപ്പെട്ടത്. ‘ബെസ്റ്റ് ഫ്രണ്ട്‌സ് ഫോര്‍എവര്‍’ എന്നായിരുന്നു ഈ പ്രതിമയ്ക്ക് പേര് നല്‍കിയിരുന്നത്.

നാഷണല്‍ മാളില്‍ കുറച്ചുനാളുകളിലായി പ്രത്യക്ഷപ്പെടുന്ന ആക്ഷേപഹാസ്യ പ്രതിമകളുടെ കൂട്ടത്തിലാണ് ട്രംപിന്റെയും എപ്സ്റ്റീന്റെയും പ്രതിമയും പ്രത്യക്ഷപ്പെട്ടത്.

‘പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപും ആദ്ദേഹത്തെ ആത്മസുഹൃത്ത് ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള ദീര്‍ഘകാലത്തെ ബന്ധം ഞങ്ങള്‍ ആഘോഷിക്കുകയാണ്’, എന്നെഴുതിയ ഫലകത്തിന് മുകളിലായാണ് ഈ പ്രതിമ സ്ഥാപിക്കപ്പെട്ടിരുന്നത്. ഇതിനോടൊപ്പം ട്രംപ്, 50ാം പിറന്നാള്‍ ആഘോഷിക്കുകയായിരുന്ന എപ്സ്റ്റീന് എഴുതിയതെന്ന് കരുതുന്ന ലൈംഗികപരാമര്‍ശങ്ങളുള്ള കുറിപ്പിന്റെ ഭാഗങ്ങളും ചേര്‍ത്തിരുന്നു.

പ്രതിമയ്ക്ക് പിന്നില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റുകളാണ് എന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ ആരോപിച്ചു. ഈ പ്രതിമക്കായി പണം പാഴാക്കുന്ന ഡെമോക്രാറ്റുകള്‍ക്കും മാധ്യമങ്ങള്‍ക്കും എപ്സ്റ്റീനെ കുറിച്ചും അയാളുടെ കുറ്റകൃത്യങ്ങളെ കുറിച്ചും അറിവുണ്ടെന്നും ട്രംപിന്റെ ജീവിതം സുതാര്യമാണെന്നും വൈറ്റ് ഹൗസ് കുറിപ്പില്‍ പറഞ്ഞിരുന്നു.

അതേസമയം, അനുമതിയില്ലാതെ സ്ഥാപിച്ചതുകൊണ്ടാണ് പ്രതിമ പൊളിച്ചുമാറ്റിയതെന്ന് നാഷണല്‍ പാര്‍ക്ക് സര്‍വീസസും പൊലീസും അറിയിച്ചു.

ഈ മാസമാദ്യമാണ് ട്രംപും എപ്സ്റ്റീനും തമ്മില്‍ അടുത്തബന്ധമുണ്ടെന്ന് തെളിയിക്കുന്ന കുറിപ്പുകള്‍ കണ്ടെത്തിയതായി അറിയിച്ച് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി രംഗത്തെത്തിയത്. യു.എസ് ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥരുടെയും വിമര്‍ശകരില്‍ പ്രധാനികളാണ് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി.

ട്രംപിന്റെ മോശമായ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന രചനയില്‍ ‘ജന്മദിനാശംസകള്‍’ എന്നും എല്ലാദിവസവും മനോഹരമായ രഹസ്യമായിരിക്കട്ടെ എന്നും ആശംസിക്കുന്നുണ്ട്. ട്രംപിന്റെ ഒപ്പ് എന്ന് സംശയിക്കുന്ന ഒപ്പ് ഉള്‍പ്പടെയുള്ള ചിത്രവും കുറിപ്പുമാണ് ഇവര്‍ പുറത്തുവിട്ടത്.

15 വര്‍ഷത്തോളം ട്രംപിന് എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ ബന്ധം വെളിവാക്കുന്ന ഫയലുകള്‍ പുറത്തുവിടുന്നത് നീതിന്യായ വകുപ്പ് തടഞ്ഞിരുന്നു. തുടര്‍ന്ന് ട്രംപിന് എപ്സ്റ്റീനുമായി വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു ഉയര്‍ന്ന ആരോപണം.

വ്യവസായിയായിരുന്ന ജെഫ്രി എഡ്വാര്‍ഡ് എപ്സ്റ്റീന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2008ല്‍ ശിക്ഷ വിധിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചയാളാണ്. 13 മാസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ പിന്നീട്, 2019 ജൂലൈയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കടത്തിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഓഗസ്റ്റ് 29ന് എപ്സ്റ്റീനെ മെട്രോ പൊളിറ്റന്‍ കറക്ഷന്‍ സെന്ററില്‍ വെച്ച് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഇയാളുടെ മരണത്തെ സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്.

Content Highlight: Trump and convicted offender Epstein holding hands; statue removed from National Mall

We use cookies to give you the best possible experience. Learn more