| Wednesday, 22nd April 2020, 1:38 pm

'ആ പണം തിരിച്ചു തരണം'; ഹാര്‍ഡ്‌വാര്‍ഡ് യൂണിവേഴ്‌സിറ്റിയോട് കൊവിഡ് ദുരിതാശ്വാസ ധനം തിരിച്ചു തരണമെന്നാവശ്യപ്പെട്ട് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് സഹായധനമായി ഹാര്‍ഡ്‌വാര്‍ഡ് യൂണിവേഴ്‌സിറ്റിക്ക് ലഭിച്ച തുക മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ള ഹാര്‍ഡ്‌വാര്‍ഡിന് ദുരിതാശ്വാസ ധനം ആവശ്യമില്ലെന്നാണ് ട്രംപ് പറയുന്നത്.
അമേരിക്കയില്‍ കൊവിഡ് പ്രതിസന്ധി കാരണം സാമ്പത്തിക പ്രശ്‌നം നേരിടുന്നവര്‍ക്കായി തയ്യാറാക്കിയ പെയ്‌മെന്റ് പ്രൊട്ടക്ഷന്‍ പ്രോഗ്രാം മുഖേനയാണ് യൂണിവേഴ്‌സിറ്റിക്ക് അന്യായമായി പണം ലഭിച്ചതെന്ന് ട്രംപ് ആരോപിക്കുന്നു.

‘ അവര്‍ പണം തിരിച്ചു തരണം. എനിക്കതിഷ്ടമല്ല. അത് തൊഴിലാളികള്‍ക്കാവശ്യപ്പെട്ടതാണ്, സമ്പന്നരായ സ്ഥാപനങ്ങള്‍ക്കുള്ളതല്ല,’ ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച പണം കൊവിഡ് പ്രതിസന്ധികാരണം ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായമാവുന്നാണ് ഹാര്‍ഡ്‌വാര്‍ഡ് അറിയിച്ചിരിക്കുന്നത്. ഒപ്പം പണം ലഭിച്ചത് കൊവിഡ് കാരണം ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിയിലൂടെയല്ലെന്നും ഹാര്‍ഡ്‌വാര്‍ഡ് യൂണിവേഴ്‌സിറ്റി അറിയിച്ചു. 8.6 മില്യണ്‍ ഡോളറാണ് ഹാര്‍ഡ് വാര്‍ഡ് യൂണിവേഴ്‌സിറ്റിക്ക് കൊവിഡ് ധനസഹായമായി ലഭിച്ചിരിക്കുന്നത്.

ട്രംപ് കഴിഞ്ഞ മാസം ഒപ്പിട്ട പദ്ധതിയായ കൊറോണ വൈറസ് എയ്ഡ്, റിലീഫ് ആന്‍ഡ് എക്കണോമിക് സെക്യൂരിറ്റി ആക്ട് മുഖേനയാണ് ഹാര്‍ഡ്‌വാര്‍ഡിന് പണം ലഭിച്ചതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more