| Friday, 25th April 2025, 9:31 am

സൗദി അറേബ്യയ്ക്ക് 100 മില്യണ്‍ ഡോളറിന്റെ ആയുധപാക്കേജ് നല്‍കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയുടെ സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്ക് 100 ബില്യണ്‍ ഡോളര്‍ വില വരുന്ന ആയുധപാക്കേജ് നല്‍കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനിടെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. അതേസമയം വൈറ്റ് ഹൗസും സൗദി ഭരണകൂടവും ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

അമേരിക്ക വളരെക്കാലങ്ങളായി സൗദി അറേബ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നുണ്ട്. 2017 ല്‍ മാത്രം ട്രംപ് സൗദി അറേബ്യയ്ക്ക് ഏകദേശം 110 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ 2018ല്‍ 14.5 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന മാത്രമേ നടന്നിട്ടുള്ളൂ. എന്നാല്‍ പിന്നീടങ്ങോട്ട് സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് യു.എസ് കോണ്‍ഗ്രസ് സൗദിയുമായുള്ള അമേരിക്കയുടെ ഇടപാടുകളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. യു.എസിലെ നിയമപ്രകാരം മറ്റൊരു രാജ്യത്തിന് ആയുധ വില്‍പ്പന നടത്തണമെങ്കില്‍ കോണ്‍ഗ്രസില്‍ ഈ വിഷയം ചര്‍ച്ച ചെയ്യണം.

സൗദി അറേബ്യയും ഇസ്രഈലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ബൈഡന്‍ ഭരണകൂടം സൗദിയുമായി ഒരു പ്രതിരോധ കരാറില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ശ്രമം. എന്നാല്‍ ബൈഡന്റെ കരാറിന്റെ സമയത്ത് സൗദി ചൈനയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവെക്കണമെന്നും സൗദിയിലെ ചൈനീസ് നിക്ഷേപം നിയന്ത്രിക്കണമെന്നും ബൈഡന്‍ നിബന്ധന വെച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ സൗദിക്ക് നൂതന ആയുധങ്ങള്‍ നല്‍കാമെന്നായിരുന്നു ബൈഡന്റെ നിര്‍ദേശം. എന്നാല്‍ ട്രംപ് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

എന്നാല്‍ ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ആഗോള എണ്ണ വ്യാപാരം മാറി മാറിയാന്‍ തുടങ്ങിയതോടെ മൂന്ന് വര്‍ഷം മുമ്പാണ് ബൈഡന്‍ ഭരണകൂടം സൗദി അറേബ്യയോടുള്ള നിലപാട് മയപ്പെടുത്താന്‍ തുടങ്ങിയത്. കൂടാതെ ഗസയിലെ ഇസ്രഈല്‍ വംശഹത്യയുടെ പശ്ചാത്തലത്തില്‍ യുദ്ധാനന്തര ഗസയ്ക്കുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതിനായി യു.എസും സൗദിയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ആയുധ വില്‍പ്പനയ്ക്കുള്ള തടസവും നീങ്ങി കിട്ടി.

ട്രംപ് ഭരണത്തില്‍ സൗദി അറേബ്യയുമായുള്ള യു.എസിന്റെ പ്രതിരോധ ബന്ധം മുമ്പെത്തേക്കാളും ശക്തമാണെന്നും സൗദിയുടെ പ്രതിരോധ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി തങ്ങള്‍ സൗദി അറേബ്യയുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ഒരു യു.എസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചിട്ടുണ്ട്.

ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പ്പിന്റെ സി-130 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ ഉള്‍പ്പെടെ നിരവധി നൂതന ആയുധ സംവിധാനങ്ങളും ലോക്ക്ഹീഡ് മിസൈലുകളും റഡാറുകളും യു.എസ് സൗദിക്ക് കൈമാറുമെന്നാണ് സൂചന. ആര്‍.ടി.എക്‌സ് കോര്‍പ്പറേഷന്‍, ബോയിങ് കമ്പനി പോലുള്ള പ്രധാന യു.എസ് പ്രതിരോധ കരാറുകാരില്‍ നിന്നുള്ള സപ്ലൈകളും ആയുധ പാക്കേജില്‍ ഉണ്ടാവുമെന്ന സൂചനയുണ്ട്.

Content Highlight: Trump administration reportedly preparing to provide Saudi Arabia with $100 million arms package

We use cookies to give you the best possible experience. Learn more