വാഷിങ്ടണ്‍: ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം തടഞ്ഞ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ നിര്‍ദേശങ്ങള്‍ സര്‍വകലാശാല പാലിക്കാത്ത സാഹചര്യത്തിലാണ് ഹാര്‍വാര്‍ഡിനെതിരെ ട്രംപ് ഭരണകൂടം പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇപ്പോള്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദേശവിദ്യാര്‍ത്ഥികള്‍ മറ്റ് സര്‍വകലാശാലയിലേക്ക് മാറണമെന്ന നിര്‍ദേശവുമുണ്ട്. ഇല്ലാത്തപക്ഷം ഈ വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് വിസ റദ്ദാക്കും.
സര്‍വകലാശാലയിലെ 6800 വിദേശവിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നതാണ് ഭരണകൂടത്തിന്റെ നടപടി. സര്‍വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27%പേരും വിദേശ വിദ്യാര്‍ത്ഥികളാണ്. ഏകദേശം 140 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഹാര്‍വാര്‍ഡില്‍ പഠിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള 788 വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ പഠിക്കുന്നുണ്ട്.
വിദേശവിദ്യാര്‍ത്ഥികളുടെ പൂര്‍ണ വിവരം 48 മണിക്കൂറിനുള്ളില്‍ കൈമാറണമെന്നും സര്‍വകലാശാലയ്ക്ക് നിര്‍ദേശമുണ്ട്. നേരത്തെ സര്‍വകലാശാലയ്ക്കുള്ള 2.3 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ട് ഭരണകൂടം റദ്ദാക്കിയിരുന്നു.
ട്രംപിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചായിരുന്നു ഫെഡറല്‍ ഫണ്ട് വെട്ടിക്കുറച്ചത്. വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയന്ത്രിക്കണം, വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങളും സ്റ്റുഡന്റ് ഗ്രൂപ്പുകളുടെ അധികാരം എന്നിവ നിയന്ത്രിക്കണം, ഡി.ഇ.എ (ഡൈവേഴ്‌സിറ്റി, ഇക്വിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍) പ്രോഗ്രാമുകള്‍ റദ്ദാക്കണം തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു ട്രംപ് സര്‍വകലാശാലയ്ക്ക് മുന്നില്‍ വെച്ചിരുന്നത്.
ആക്രമണം, ജൂതവിരുദ്ധത എന്നിവയ്ക്ക് ക്യാമ്പസില്‍ അവസരമൊരുക്കിയതിനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസില്‍ ഏകോപിപ്പിച്ചതിനുമാണ് ഭരണകൂടം ഹാര്‍വാര്‍ഡിനെതിരെ ഇത്തരമൊരു നടപടിയെടുത്തതെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിമിന്റെ എക്‌സ് പോസ്റ്റില്‍ ആരോപിച്ചിരിക്കുന്നത്.
കൂടാതെ വിദേശ വിദ്യാര്‍ത്ഥികളെ സര്‍വകലാശാലയില്‍ ചേര്‍ക്കാന്‍ കഴിയുന്നത് ഒരു അവകാശമല്ലെന്നും മറിച്ച് അതൊരു പ്രിവിലേജാണെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ഇത് സര്‍വകലാശാലയോടുള്ള പ്രതികാര നടപടിയാണിതെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രസ്താവനയിലൂടെ പ്രതികരിച്ചു. ‘സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണ്. 140ലധികം രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയും സ്‌കോളര്‍മാരെയും ആതിഥേയത്വം വഹിക്കാനും സര്‍വകലാശാലയെയും ഈ രാജ്യത്തെയും സമ്പന്നമാക്കാനുമുള്ള ഹാര്‍വാര്‍ഡിന്റെ അവസരം നിലനിര്‍ത്താന്‍ ഞങ്ങള്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്,’ എന്ന് സര്‍വകലാശാല പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഏപ്രില്‍ മാസത്തില്‍ തന്നെ, നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഹാര്‍വാര്‍ഡ് വിദേശ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത് നിരോധിക്കുമെന്ന് ട്രംപ് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു.
ഹാര്‍വാര്‍ഡിനെ ഇനി ഒരു മാന്യമായ പഠന സ്ഥലമായി പോലും കണക്കാക്കാന്‍ കഴിയില്ലെന്നും ലോകത്തിലെ മികച്ച സര്‍വകലാശാലകളുടെയോ കോളേജുകളുടെയോ പട്ടികയിലും ഇതിനെ പരിഗണിക്കരുതെന്നും ട്രംപ് പരിഹസിച്ചിരുന്നു.
Content Highlight: Trump Administration bans Harvard University From Enrolling Foreign Students; foreign students should transfer to other universities