| Friday, 16th January 2026, 11:12 am

ട്രംപിന് നൊബേല്‍ പുരസ്‌കാരം കൈമാറി മരിയ മച്ചാഡോ; വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോ. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ട്രംപിന് അവര്‍ കൈമാറുകയും ചെയ്തു.

വെനസ്വേലയുടെ ഭരണാധികാരി നിക്കോളാസ് മഡുറോയെ യു.എസ് സേന തടവിലാക്കിയതിന് പിന്നാലെ നടന്ന ഈ കൂടിക്കാഴ്ച ഏറെ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

വെനസ്വേലയെ സ്വതന്ത്രമാക്കാന്‍ ട്രംപ് നടത്തിയ ഇടപെടലുകള്‍ക്കുള്ള നന്ദി സൂചകമായാണ് ഇതെന്നും, ഇത് വെനസ്വേലയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മച്ചാഡോ മാധ്യമങ്ങളോട് പറഞ്ഞു.

പിന്നീട് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് വഴിയും ട്രൂത്ത് സോഷ്യല്‍ വഴിയും പുരസ്‌കാരം തനിക്ക് കൈമാറിയതിന് മച്ചാഡോയ്ക്ക് നന്ദി പറഞ്ഞു. എന്നാല്‍ നൊബേല്‍ സമ്മാനം മറ്റൊരാള്‍ക്ക് നല്‍കാനോ പങ്കുവെക്കാനോ കഴിയില്ലെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

മഡുറോയ്ക്ക് ശേഷം വെനസ്വേലയിലെ ഭരണത്തെക്കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കൂടിക്കാഴ്ച നടന്നിരിക്കുന്നത്.

നിലവില്‍ താല്‍ക്കാലിക പ്രസിഡന്റ് സ്ഥാനം നിര്‍വ്വഹിക്കുന്ന ഡെല്‍സി റോഡ്രിഗസിനെയാണ് ട്രംപ് പിന്തുണയ്ക്കുന്നതെങ്കിലും, മച്ചാഡോയുമായുള്ള കൂടിക്കാഴ്ചയിലൂടെ പ്രതിപക്ഷത്തെയും പരിഗണിക്കുന്ന സാഹചര്യത്തെ തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മച്ചാഡോ ട്രംപിന് നല്‍കിയ നൊബേല്‍ സമ്മാനം തങ്ങളുടെ പക്കല്‍ സൂക്ഷിക്കുന്നുവെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ട്രംപ് – മച്ചാഡോ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് കരീബിയന്‍ കടലില്‍ വെനസ്വേലയുമായി ബന്ധമുള്ള ‘വെറോണിക്ക’ എന്ന ആറാമത്തെ എണ്ണക്കപ്പലും യു.എസ് നാവികസേന പിടിച്ചെടുത്തിട്ടുണ്ടെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

Content Highlight: Trump accepts Nobel medal from Venezuelan opposition leader Machado

We use cookies to give you the best possible experience. Learn more