| Thursday, 13th August 2026, 12:21 pm

ഹോംകമിങ്ങില്‍ നിന്ന് നോ വേ ഹോമിലേക്ക്, ഐ ആം ഗെയിം റിലീസ് മാറ്റുകയാണെന്ന റൂമറുകള്‍ക്ക് പിന്നാലെ ട്രോളുകള്‍

അമര്‍നാഥ് എം.

ഓണം റിലീസുകള്‍ തിയേറ്ററുകളിലെത്താന്‍ 10 ദിവസം മാത്രം ബാക്കി നില്‍ക്കെ വന്‍ ട്വിസ്റ്റുകളാണ് അരങ്ങേറുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐ ആം ഗെയിം റിലീസ് മാറ്റിവെക്കുകയാണെന്ന് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങളുയരുകയാണ്. പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാനിക്കാത്തതിനാലാണ് റിലീസ് മാറ്റുന്നതെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.

ദുല്‍ഖര്‍ ആരാധകര്‍ക്ക് ഒരുപാട് പ്രത്യേകതകളുള്ള ചിത്രമാണ് ഐ ആം ഗെയിം. കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് പിന്നാലെ അന്യഭാഷയില്‍ ശ്രദ്ധ നല്‍കിയ ദുല്‍ഖറിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് ഐ ആം ഗെയിം. അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ പരകോടിയിലെത്തിയ ചിത്രം വന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്.

മൂന്ന് വര്‍ഷത്തിന് ശേഷം ദുല്‍ഖറിന്റെ തിരിച്ചുവരവിനെ ‘ഹോംകമിങ്’ എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ റിലീസ് മാറ്റിവെക്കുകയാണെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ട്രോളന്മാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘ദുല്‍ഖറിന്റെ ഹോംകമിങ്’ എന്ന ടാഗ്‌ലൈനാണ് ട്രോളന്മാരുടെ പ്രധാന ആയുധമായി മാറിയിരിക്കുന്നത്.

എ.ബി.സി.ഡി എന്ന ചിത്രത്തില്‍ സ്‌പൈഡര്‍മാന്‍ ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ദുല്‍ഖറിന്റെ സീനില്‍ ‘ഹോംകമിങ്’ എന്നും ‘ഫാര്‍ ഫ്രം ഹോം/ നോ വേ ഹോം’ എന്ന് എഴുതിയ മീമുകള്‍ വൈറലായി. ‘ഓണം റിലീസ് നീട്ടിവെക്കാന്‍ പറ്റുമോ’, ‘ഓണം സെപ്റ്റംബറിലാക്കിയാല്‍ കുഴപ്പമുണ്ടോ’ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ആളുകളില്‍ ചിരിയുണര്‍ത്തുന്നുണ്ട്.

എന്നാല്‍ ഐ ആം ഗെയിമിന്റെ റിലീസ് മാറ്റിയതിനെ ചിലര്‍ അനുകൂലിച്ച് സംസാരിക്കുന്നുണ്ട്. ഓണം പോലെ വലിയൊരു സീസണില്‍ ഇത്രയും മുതല്‍മുടക്കുള്ള സിനിമ ക്ലാഷ് റിലീസ് ചെയ്യുന്നത് കളക്ഷനെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മാസങ്ങള്‍ക്ക് മുന്നേ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ട് അവസാന നിമിഷം പിന്മാറുന്നത് ശരിയല്ലെന്നും ചില പോസ്റ്റുകളുണ്ട്.

ചിത്രത്തിന്റെ റിലീസ് മാറ്റിയെന്ന തരത്തില്‍ നിര്‍മാതാക്കളില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വന്‍ കളര്‍ഫുളായ ട്രെയ്‌ലര്‍ പുറത്തുവിട്ടെങ്കിലും കേരളത്തിലും മറ്റ് പ്രധാന സ്ഥലങ്ങളിലും ഇതുവരെ പ്രീ റിലീസ് ഇവന്റുകള്‍ ആരംഭിച്ചിട്ടുമില്ല. പറഞ്ഞ സമയത്ത് റിലീസ് ചെയ്ത് ഐ ആം ഗെയിം ചരിത്രവിജയമാകുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Trolls viral after the rumor that I’m Game postponed from Onam release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more