| Monday, 2nd November 2026, 3:00 pm

ബിഗ്‌ബോസ് കുടുംബ യൂണിറ്റ്, നേഹക്ക് പകരം ആഷ്‌ലിയും ചൊറിയന്‍ അമ്മാവനായി മോഹന്‍ലാലും; ട്രോളുകള്‍ വൈറല്‍

അമര്‍നാഥ് എം.

മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത സംഭവങ്ങള്‍ക്കാണ് കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്. മത്സരാര്‍ത്ഥിയായ നേഹയുടെ രക്ഷിതാക്കള്‍ വീക്കെന്‍ഡ് എപ്പിസോഡില്‍ വരികയും മോഹന്‍ലാലിനൊപ്പം നിന്ന് മകളെ ഉപദേശിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഇരു കൂട്ടരെയും ന്യായീകരിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ശ്രദ്ധ നേടി. നേഹയുടെ ഭാഗത്താണ് തെറ്റെന്ന് ഒരു കൂട്ടരും രക്ഷിതാക്കള്‍ ചെയ്തത് ശരിയല്ലെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു കൂട്ടരും രംഗത്തെത്തി. എന്നാല്‍ ഈയൊരു വിഷയത്തെ ട്രോളിനുള്ള കണ്ടന്റാക്കിക്കൊണ്ടാണ് മറ്റൊരു വിഭാഗം തങ്ങളുടെ ക്രിയേറ്റിവിറ്റി തെളിയിക്കുന്നത്.

നേഹക്കും രക്ഷിതാക്കള്‍ക്കും പകരം ബെത്‌ലഹേം കുടുംബ യൂണിറ്റിലെ കഥാപാത്രങ്ങളെ കൊണ്ടുവന്ന ട്രോളുകളാണ് വൈറലായത്. നേഹക്ക് പകരം മമിത ബൈജു അവതരിപ്പിച്ച ആഷ്‌ലിയും, നേഹയുടെ രക്ഷിതാക്കള്‍ക്ക് പകരം സിനിമയിലെ രക്ഷിതാക്കളുമാണ് ട്രോളിലുള്ളത്. എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കി വെച്ച് അവസാനം ഉപദേശവുമായി എത്തുന്ന അലക്‌സ് (വിനയ് ഫോര്‍ട്ട്) എന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റെ സ്ഥാനത്ത്.

ഇതേ ട്രോളിനെ വേറൊരു രീതിയിലും അവതരിപ്പിച്ചിട്ടുണ്ട്. ബെത്‌ലഹേം കുടുംബ യൂണിറ്റിലെ വീഡിയോയില്‍ ബിഗ് ബോസ് പ്രൊമോയുടെ ഓഡിയോ ഉപയോഗിച്ചുകൊണ്ടുള്ള ട്രോളും വൈറലായി. ‘എനിക്കും ഒരു മകളുണ്ട്’ എന്ന് മോഹന്‍ലാല്‍ പറയുന്ന ഡയലോഗാണ് വിനയ് ഫോര്‍ട്ടിന് നല്‍കിയിരിക്കുന്നത്. ഈ വീഡിയോയും ചര്‍ച്ചയാകുന്നുണ്ട്.

എന്നാല്‍ നേഹക്കും രക്ഷിതാക്കള്‍ക്കും പകരം ബിഗ് ബോസ് ടീമിനെ കുറ്റപ്പെടുത്തന്നവരുടെ എണ്ണവും കുറവല്ല. ഒരാളുടെ പേഴ്‌സണലായിട്ടുള്ള വിഷയം ഇത്തരത്തില് പൊതുമധ്യത്തിലേക്ക് കൊണ്ടുവന്ന് അവര്‍ക്ക് ലൈഫ്‌ടൈം ട്രോമ നല്‍കിയ നടപടി ശരിയല്ലെന്നാണ് വിമര്‍ശനം. കണ്‍ഫഷന്‍ റൂമില്‍ വെച്ചോ, സീക്രട്ട് റൂമില്‍ വെച്ചോ തീര്‍ക്കേണ്ട വിഷയത്തെ ഇങ്ങനെ ഡീല്‍ ചെയ്തത് മോശമായെന്നാണ് കമന്റുകള്‍.

ഇത്തരമൊരു സാഹചര്യത്തെ ഭംഗിയായി ഡീല്‍ ചെയ്ത നേഹക്ക് കൈയടി നല്‍കുകയാണ് പലരും. വലിയൊരു ട്രോമ നേരിട്ട് നില്‍ക്കുന്ന നേഹയോട് ചിരിക്കാന്‍ പറയുന്ന മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയെ വെറുതെ വിടുന്നില്ല. റേറ്റിങ്ങിന് വേണ്ടി ബിഗ് ബോസ് ടീം കാണിച്ച പരിപാടിയാണ് ഇതെന്നും വളരെ മോശമായിപ്പോയെന്നുമാണ് മറ്റ് കമന്റുകള്‍.

Content Highlight: Trolls relating Bigg Boss Neha issue and Bethlehem Kudumba Unit viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more