| Friday, 27th March 2026, 10:36 pm

ദൈവത്തിന്റെ പോരാളികള്‍ ചരിത്രം ആവര്‍ത്തിച്ചാല്‍ കൊല്‍ക്കത്തയ്ക്ക് രണ്ട് പോയിന്റ്; സംഭവമിങ്ങനെ

ആദര്‍ശ് എം.കെ.

ഐ.പി.എല്ലിന്റെ 19ാം എഡിഷനുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. മാര്‍ച്ച് 28ന് നടക്കുന്ന ഓപ്പണിങ് മാച്ചില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി.

മാര്‍ച്ച് 29നാണ് ഫാന്‍ ഫേവറിറ്റുകളായ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ അജിന്‍ക്യ രഹാനെയുടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍.

എന്നാല്‍ ഐ.പി.എല്ലില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയിക്കാത്ത മുംബൈ ഇന്ത്യന്‍സിന്റെ ശീലം ചൂണ്ടിക്കാട്ടി ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ടീം ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്.

ആദ്യ സീസണായ 2008 മുതല്‍ 2025 വരെയുള്ള 18 സീസണുകളില്‍ നാല് തവണ മാത്രമാണ് മുംബൈ ഇന്ത്യന്‍സിന് തങ്ങളുടെ ആദ്യ മത്സരം വിജയിക്കാന്‍ സാധിച്ചത്.

2009ല്‍ ടൂര്‍ണമെന്റിന്റെ ഓപ്പണിങ് മാച്ചില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയായിരുന്നു ടീമിന്റെ വിജയം. കേപ് ടൗണില്‍ നടന്ന മത്സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത ഓവറില്‍ 146 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ശേഷം 2010ല്‍ രാജസ്ഥാന്‍ റോയല്‍സ്, 2011ല്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, 2012ല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് എന്നിവരോട് വിജയിച്ച മുംബൈ തുടര്‍ന്നങ്ങോട്ട് പരാജയങ്ങളുടെ ഘോഷയാത്രയ്ക്കാണ് സാക്ഷ്യം വഹിച്ചത്.

ഇത് ചൂണ്ടിക്കാട്ടിയാണ് ടീമിനെതിരെ ട്രോളുകള്‍ ഉയരുന്നത്.

ഇത്തവണ രണ്ട് പോയിന്റ് വെറുതെ കിട്ടാന്‍ പോകുന്ന ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണെന്നാണ് ട്രോളുകള്‍. വെറുതെ കളിച്ച് സമയം കളയേണ്ടെന്നും രണ്ടാം മത്സരം മുതല്‍ ടൂര്‍ണമെന്റിനെ സീരിയസായി കണ്ടാല്‍ മതിയെന്നുമാണ് ഇവര്‍ പറയുന്നത്. ‘ദൈവത്തിന്റെ പോരാളികളെന്ന’ ക്യാച്ച് ഫ്രേസ് ഇപ്പോഴേ ചര്‍ച്ചയാകുന്നുണ്ട്.

ആദ്യ മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ്

2008 v റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (തോല്‍വി)

2009 v ചെന്നൈ സൂപ്പര്‍ കിങ്സ് (ജയം)

2010 v രാജസ്ഥാന്‍ റോയല്‍സ് (ജയം)

2011 v ദല്‍ഹി ഡെയര്‍ഡെവിള്‍സ് (ജയം)

2012 v ചെന്നൈ സൂപ്പര്‍ കിങ്സ് (ജയം)

2013 v റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (തോല്‍വി)

2014 v കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (തോല്‍വി)

2015 v കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (തോല്‍വി)

2016 v റൈസിങ് പൂനെ സൂപ്പര്‍ജയന്റ്സ് (തോല്‍വി)

2017 v റൈസിങ് പൂനെ സൂപ്പര്‍ജയന്റ്സ് (തോല്‍വി)

2018 v ചെന്നൈ സൂപ്പര്‍ കിങ്സ് (തോല്‍വി)

2019 v ദല്‍ഹി ക്യാപിറ്റല്‍സ് (തോല്‍വി)

2020 v ചെന്നൈ സൂപ്പര്‍ കിങ്സ് (തോല്‍വി)

2021 v റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (തോല്‍വി)

2022 v ദല്‍ഹി ക്യാപിറ്റല്‍സ് (തോല്‍വി)

2023 v റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (തോല്‍വി)

2024 v ഗുജറാത്ത് ടൈറ്റന്‍സ് (തോല്‍വി)

2025 v ചെന്നൈ സൂപ്പര്‍ കിങ്സ് (തോല്‍വി)

Content Highlight: Trolls point out Mumbai Indians’ habit of not winning their first matches in the IPL

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more