| Saturday, 27th June 2026, 8:34 pm

ഇനി ആരെയും പുകഴ്ത്തരുത്, അവരും ജീവിച്ചുപൊയ്‌ക്കോട്ടെ... തമിഴ് ട്രോള്‍ പേജുകളുടെ ഇരയായി ശിവകാര്‍ത്തികേയന്‍

അമര്‍നാഥ് എം.

സോഷ്യല്‍ മീഡിയയുടെ ഉപയോഗം വ്യാപകമായതോടെ ഓരോ ചെറിയ കാര്യവും കണ്ടന്റുകളായി മാറിയിരിക്കുകയാണ്. അധികം ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും ട്രോള്‍ പേജുകളില്‍ ചിരിക്കുള്ള വകുപ്പ് ഉണ്ടാക്കാറുണ്ട്. സമകാലിക വിഷയങ്ങള്‍ മുതല്‍ സൂപ്പര്‍താരങ്ങളുടെ വാക്കുകള്‍ വരെ ഇത്തരത്തില്‍ ട്രോള്‍ മെറ്റീരിയലായി മാറുന്നത് സ്ഥിരം കാഴ്ചയാണ്.

വലുപ്പചെറുപ്പമില്ലാതെ പല താരങ്ങളും ഇത്തരത്തില്‍ ട്രോളിനുള്ള വകുപ്പ് ഉണ്ടാക്കാറുണ്ട്. നിലവില്‍ തമിഴ് ട്രോള്‍ പേജുകളുടെ പ്രധാന ഇര ശിവകാര്‍ത്തികേയനാണ്. ചാനല്‍ അവതാരകനായി കരിയര്‍ ആരംഭിച്ച ശിവ ഇന്ന് തമിഴിലെ മുന്‍നിര താരമാണ്. ശിവകാര്‍ത്തികേയന്റെ സ്റ്റാര്‍ഡമൊന്നും കണക്കിലെടുക്കാതെ താരത്തെ ട്രോളുകയാണ് തമിഴ് പേജുകള്‍.

ശിവകാര്‍ത്തികേയന്‍ Photo: Red Giant movies

ഈ വര്‍ഷം ശിവകാര്‍ത്തികേയന്‍ നടത്തിയ മൂന്ന് പ്രസംഗങ്ങളാണ് ട്രോളന്മാരുടെ ഇരയായി മാറിയത്. സുധ കൊങ്കര സംവിധാനം ചെയ്ത പരാശക്തിയുടെ ഓഡിയോ ലോഞ്ചാണ് ആദ്യ വേദി. വിജയ് നായകനായ ജന നായകനൊപ്പമായിരുന്നു പരാശക്തിയുടെ ക്ലാഷ്. ഓഡിയോ ലോഞ്ചിനിടെ ശിവകാര്‍ത്തികേയന്‍ ജന നായകനെ പുകഴ്ത്തി സംസാരിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം ഇതുവരെ ജന നായകന്‍ വെളിച്ചം കണ്ടിട്ടില്ല. സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകളിലാണ് ഇപ്പോഴും ജന നായകന്‍.

ഈ വര്‍ഷത്തെ ഐ.പി.എല്ലിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നടത്തിയ ഫാന്‍സ് മീറ്റായിരുന്നു രണ്ടാമത്തെ വേദിയില്‍. സി.എസ്.കെയുടെ ഐക്കോണിക് താരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ ശിവയും മുഖ്യാതിഥിയായിരുന്നു. പരിപാടിക്കിടെ ചെന്നൈയുടെ സ്റ്റാര്‍ പ്ലെയര്‍ എം.എസ്. ധോണിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. ‘റിയല്‍ ഒ.ജി ഈസ് ബാക്ക്’ എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍. എന്നാല്‍ ഈ സീസണില്‍ ധോണി ഒരു മാച്ചില്‍ പോലും പങ്കെടുത്തിരുന്നില്ല.

ശിവകാര്‍ത്തികേയന്‍ നിര്‍മിച്ച തായ് കിഴവി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചായിരുന്നു മൂന്നാമത്തെ വേദി. ശിവയുടെ ഡോണ്‍ എന്ന ചിത്രം അണിയിച്ചൊരുക്കിയ സിബി ചക്രവര്‍ത്തിയും ചടങ്ങില്‍ അതിഥിയായിരുന്നു. രജിനി നായകനായ തലൈവര്‍ 173യുടെ സംവിധായകനായ സിബിയെ ശിവകാര്‍ത്തികേയന്‍ പ്രശംസിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ഈ പ്രൊജക്ടില്‍ നിന്ന് സിബി പിന്മാറുകയും പകരം അശ്വത് മാരിമുത്തു സംവിധാന ചുമതല ഏറ്റെടുക്കുകയും ചെയ്തു.

ഈ വര്‍ഷം ഇനി ആരെയും പുകഴ്ത്തി സംസാരിക്കരുതെന്ന് ശിവകാര്‍ത്തികേയനോട് ആവശ്യപ്പെടുകയാണ് ട്രോളന്മാര്‍. എന്നാല്‍ ഇത്തരം അന്ധവിശ്വാസം ഇപ്പോഴും കൊണ്ടുനടക്കാറുണ്ടോ എന്നും ചിലര്‍ ചോദിക്കുന്നു. തമാശകള്‍ അതിന്റെ പരിധിയില്‍ തന്നെ നിര്‍ത്താന്‍ ശ്രമിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Trolls on Sivakarthikeyan viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more