| Tuesday, 1st September 2026, 11:40 pm

ജോയലിന്റെ സാത്തുക്കുടി പ്രണയം വരെ റിലീസായി, ലോകേഷിന്റെ എല്‍.സി.യു ഷോര്‍ട്ട് ഫിലിം എവിടെയെന്ന് ട്രോളന്മാര്‍

അമര്‍നാഥ് എം.

മലയാളത്തില്‍ ആദ്യമായി ഒരു ഫീച്ചര്‍ ഫിലിമിന്റെ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി ഷോര്‍ട്ട് ഫിലിം പുറത്തുവിട്ടിരിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ സംഗീത് അവതരിപ്പിച്ച ജോയല്‍ എന്ന കഥാപാത്രം എടുക്കുന്ന ഷോര്‍ട്ട് ഫിലിം നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസ് കഴിഞ്ഞദിവസം പുറത്തവിട്ടു.

സോള്‍മേറ്റ്‌സ്; ഒരു സാത്തുക്കുടി പ്രണയമെന്ന് പേരിട്ട ഷോര്‍ട്ട് ഫിലിം ഇതിനോടകം ഏഴ് മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിക്കഴിഞ്ഞു. സമീപകാലത്ത് മലയാളത്തില്‍ ഒരുങ്ങിയ പല ഷോര്‍ട്ട് ഫിലിമുകളുടെയും സ്പൂഫിനൊപ്പം ബെത്‌ലഹേം കുടുംബ യൂണിറ്റുമായി കണക്ട് ചെയ്യുന്ന സീനുകളും പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്.

സാത്തുക്കുടി പ്രണയം റിലീസായതിന് പിന്നാലെ മറ്റൊരു ഷോര്‍ട്ട് ഫിലിമും സിനിമാപേജുകളില്‍ ചര്‍ച്ചയാവുകയാണ്. തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജ് അണിയിച്ചൊരുക്കിയ എല്‍.സി.യു ഒറിജിന്‍ ഷോര്‍ട്ട് ഫിലിം ഇതുവരെ പുറത്തുവന്നിട്ടില്ല. 2024ല്‍ ഷൂട്ട് തീര്‍ന്ന എല്‍.സി.യു ചാപ്റ്റര്‍ സീറോ, പുള്ളൈയാര്‍ സുഴിക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

കൈതി, വിക്രം എന്നീ ചിത്രങ്ങളിലെ പ്രധാന ഇവന്റുകള്‍ ആരംഭിക്കുന്നതിന് മുമ്പ് നടക്കുന്ന കാര്യങ്ങളാണ് ഷോര്‍ട്ട് ഫിലിമിലുള്ളത്. നരേയ്ന്‍, അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഷോര്‍ട്ട് ഫിലിമാണിത്. ദില്ലി, വിക്രം, റോളക്‌സ് എന്നീ കഥാപാത്രങ്ങളെക്കുറിച്ച് ഇതില്‍ മെന്‍ഷന്‍ ചെയ്‌തേക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

എന്നാല്‍ രണ്ട് വര്‍ഷമായിട്ടും വെളിച്ചം കാണാത്തതോടെ ചാപ്റ്റര്‍ സീറോയെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. രണ്ടാഴ്ച മുമ്പ് റിലീസായ സിനിമയിലെ ഷോര്‍ട്ട് ഫിലിം വരെ പുറത്തുവന്നെന്നും എന്നാല്‍ എല്‍.സി.യു ഷോര്‍ട്ട് ഫിലിം ഇതുവരെ പുറത്തുവരാത്തത് ലോകേഷിന്റെ പരാജയമാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നു.

‘ഒരു വടക്കന്‍ സെല്‍ഫിയില്‍ ഉമേഷിന്റെ ഷോര്‍ട്ട് ഫിലിം ഹാര്‍ഡ് ഡിസ്‌കടക്കം കളഞ്ഞുപോയതുപോലെയാണോ ഇത്’, ‘ലോകേഷ് ഇനി എല്‍.സി.യു ഒന്നും എടുക്കില്ല, ആളെപ്പറ്റിക്കാനായി ഓരോന്ന് പടച്ചുവിട്ടതാണ്’ എന്നൊക്കെയാണ് കമന്റുകള്‍. കൈതി 2 വൈകുന്നതടക്കം ഒരുപാട് ട്രോളുകളാണ് ഇപ്പോള്‍ ലോകേഷ് നേരിടുന്നത്.

Content Highlight: Trolls for Lokesh because of delaying LCU Short film

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more