ഐ.പി.എല്‍ 2023ലെ 35ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. സ്വന്തം തട്ടകത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടി.
അര്‍ധ സെഞ്ച്വറി നേടിയ ശുഭ്മന്‍ ഗില്ലും തകര്‍പ്പന്‍ ഇന്നിങ്സ് പടുത്തുയര്‍ത്തിയ ഡേവിഡ് മില്ലറും അഭിനവ് മനോഹറും കാമിയോ ഇന്നിങ്സുമായി തിളങ്ങിയ രാഹുല്‍ തേവാട്ടിയയുമാണ് ടൈറ്റന്‍സ് സ്‌കോര്‍ 207ല്‍ എത്തിച്ചത്.
34 പന്തില്‍ നിന്നും ഗില്‍ 56 റണ്‍സ് നേടിയപ്പോള്‍ ഡേവിഡ് മില്ലര്‍ 22 പന്തില്‍ നിന്നും 46 റണ്‍സും അഭിനവ് മനോഹര്‍ 21 പന്തില്‍ നിന്നും 42 റണ്‍സും നേടി. അഞ്ച് പന്തില്‍ നിന്നും മൂന്ന് സിക്‌സര്‍ ഉള്‍പ്പെടെ 20 റണ്‍സാണ് തെവാട്ടിയ നേടിയത്.
പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് മുംബൈ ഇന്ത്യന്‍സിന് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. രണ്ടാം ഓവറിലും വെറും രണ്ട് റണ്‍സാണ് മുംബൈ ഇന്ത്യന്‍സിന് നേടാന്‍ സാധിച്ചത്.
രണ്ടാം ഓവറിലെ അവസാന പന്തില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് രോഹിത് ശര്‍മ പുറത്തായത്.
പുറത്താകുമ്പോള്‍ എട്ട് പന്തില്‍ നിന്നും വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു രോഹിത് ശര്‍മയുടെ സമ്പാദ്യം.
രോഹിത്തിന്റെ ഈ മോശം ഇന്നിങ്‌സിന് പിന്നാലെ നിരവധി ട്രോളുകളാണ് രോഹിത് ശര്‍മക്കെതിരെ ഉയരുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സ്‌ക്വാഡ് അനൗണ്‍സ് ചെയ്തപ്പോഴേക്കും അതിനുള്ള പ്രാക്ടീസ് തുടങ്ങിയോ എന്നടക്കം ആരാധകര്‍ ചോദിക്കുന്നുണ്ട്.
അതേസമയം, പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 58 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. രോഹിത് ശര്‍മക്ക് പുറമെ ഇഷാന്‍ കിഷനും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 21 പന്തില്‍ നിന്നും 13 റണ്‍സാണ് താരം സ്വന്തമാക്കിയത്. മൂന്ന് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടിയ തിലക് വര്‍മയുടെ വിക്കറ്റാണ് മൂന്നാമതായി മുംബൈക്ക് നഷ്ടമായത്.
Content Highlight: Trolls against Rohit Sharma