| Monday, 20th July 2026, 11:21 am

അവനെ ആര്‍ക്കും അറിയില്ല, ഞാനിനി എങ്ങനെ ചെന്നൈയില്‍ പോകും; ധ്യാനിന്റെ പ്രസംഗത്തിന് പിന്നാലെ വിനീതിനും ട്രോളുകള്‍

അമര്‍നാഥ് എം.

മനസില്‍ തോന്നുന്നതെന്തും ആരെയും പേടിക്കാതെ വിളിച്ചുപറയുന്ന നടന്മാരിലൊരാളാണ് ധ്യാന്‍ ശ്രീനിവാസന്‍. നടനായും സംവിധായകനുമായും മോളിവുഡില്‍ തന്റെ സാന്നിധ്യമറിയിച്ച ധ്യാനിന്റെ ഓഫ് സ്‌ക്രീന്‍ ലൈഫിനും ആരാധകരേറെയാണ്. പ്രൊമോഷന്‍ ഇന്റര്‍വ്യൂകളിലെല്ലാം ധ്യാനിന്റെ തഗ് ഡയലോഗുകള്‍ വൈറലാകാറുണ്ട്.

അത്തരത്തില്‍ അടുത്തിടെ ധ്യാന്‍ നടത്തിയ പ്രസംഗം അതിര്‍ത്തി കടന്ന് ചര്‍ച്ചയായിരിക്കുകയാണ്. പുതിയ സിനിമയായ വിസിറ്ററിന്റെ ടൈറ്റില്‍ ലോഞ്ചില്‍ തമിഴ് നടന്‍ വിജയ്‌യെക്കുറിച്ച് ധ്യാന്‍ പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയായി. താന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മുന്‍നിരയില്‍ നവ്യ നായരുണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് തമാശരൂപേണ ധ്യാന്‍ പറഞ്ഞു.

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തൃഷ പങ്കെടുത്തതിനെ തമാശരൂപത്തില്‍ മെന്‍ഷന്‍ ചെയ്യുകയായിരുന്നു ധ്യാന്‍. തമിഴ്‌നാട്ടില്‍ ധ്യാനിന്റെ വാക്കുകള്‍ വിജയ് ആരാധകരെ മുഴുവന്‍ ചൊടിപ്പിച്ചു. താരത്തിനെതിരെ വലിയ രീതിയില്‍ സൈബര്‍ അറ്റാക്കിന് വിജയ് ആരാധകര്‍ ആഹ്വാനം ചെയ്തു. എന്നാല്‍ ധ്യാനിന്റെ വാക്കുകളെ ഏറ്റെടുത്ത് ഒരുക്കിയ ട്രോളുകള്‍ എല്ലാവരെയും ചിരിപ്പിക്കുന്നുണ്ട്.

ധ്യാനിന്റെ സഹോദരന്‍ വിനീത് ശ്രീനിവാസനെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് ചില ട്രോളുകള്‍. ധ്യാന്‍ വിജയ്‌യെ കളിയാക്കിയത് വിനീതിന് തിരിച്ചടിയാകുമെന്നും ഇനി പാസത്തിന്റെ പേര് പറഞ്ഞ് ചെന്നൈിലേക്ക് പോകാനാകില്ലെന്ന് പറയുന്ന ട്രോളാണ് ഇതില്‍ ഹൈലൈറ്റ്. ‘അവന് ആരെയും പേടിക്കണ്ട, ആര്‍ക്കും അവനെ അറിയില്ല. എന്റെ കാര്യമോ? ഞാനിനി എങ്ങനെ ചെന്നൈയിലേക്ക് പോകും’ എന്ന് വിനീതിന്റെ മുഖം വെച്ചുകൊണ്ടുള്ള മീം ഹൈലൈറ്റാണ്.

‘ഞങ്ങളുടെ അണ്ണനെ അപമാനിച്ച ധ്യാനിന്റെ സിനിമകള്‍ എല്ലാവരും ചേര്‍ന്ന് ഫ്‌ളോപ്പാക്കു. ഒന്ന് പോലും ഓടാന്‍ പാടില്ല എന്ന് തമിഴ് പേജുകള്‍ പറയുമ്പോള്‍ ‘അല്ലേലും എന്റെ പടമൊന്നും ഓടില്ല’ എന്ന് ധ്യാന്‍ തഗ് മറുപടി നല്‍കുന്ന ട്രോളും വൈറലായി. പാണ്ടിപ്പട എന്ന ചിത്രത്തില്‍ തമിഴ് ഗുണ്ടകളുടെ കൈയിലകപ്പെടുന്ന കൊച്ചിന്‍ ഹനീഫക്ക് വിനീത് ശ്രീനിവാസന്റെ മുഖം നല്‍കിയ ട്രോളും ചിരിപ്പിക്കുന്നുണ്ട്.

ധ്യാനിന്റെ വാക്കുകളും അതിന് നവ്യ നല്‍കിയ മറുപടിയും ചേര്‍ത്ത് എ.ഐ വീഡിയോയും ചിലര്‍ നിര്‍മിച്ചു. ധ്യാനിന്റെ തമാശകള്‍ക്കിടയില്‍ പാന്‍ ഇന്ത്യന്‍ റീച്ച് ലഭിക്കാന്‍ പോകുന്നത് ഇതിനായിരിക്കുമെന്നും കമന്റുകളുണ്ട്. ധ്യാനിന്റെ അടുത്ത ഇര ആരായിരിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുയരുന്നുണ്ട്.

Content: Trolls about Vineeth Sreenivasan and Dhyan viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more