| Saturday, 20th June 2026, 10:16 pm

ചെങ്കണ്ണും മുളകുപൊടിയൊന്നുമല്ല, ജോര്‍ജുകുട്ടിയെ കാത്തിരുന്ന് ഉറക്കമൊഴിച്ച് കണ്ണ് ചുവന്നതാ... സഹദേവന്റെ കണ്ണിലെ ബ്രില്യന്‍സ് കണ്ടുപിടിച്ച് ട്രോളന്മാര്‍

അമര്‍നാഥ് എം.

അടുത്ത കാലത്തൊന്നും എയറില്‍ നിന്ന് ഇറങ്ങാന്‍ സാധ്യതയില്ലാത്ത ചിത്രമാണ് ദൃശ്യം 3. തിയേറ്ററില്‍ വന്‍ വിജയമായ ചിത്രം ഒ.ടി.ടിയില്‍ ഇത്രക്ക് തിരിച്ചടി നേരിടുന്നത് പലരെയും അത്ഭുതപ്പെടുത്തുന്നു. ദൃശ്യം പോലെ ഇന്റര്‍നാഷണല്‍ റീച്ചുള്ള ഫ്രാഞ്ചൈസിയില്‍ ഇത്തരമൊരു സ്‌ക്രിപ്റ്റ് ഒരുക്കിയ ജീത്തു ജോസഫ് ഈ ട്രോളുകള്‍ അര്‍ഹിക്കുന്നുണ്ടെന്നും കമന്റുകളുണ്ട്.

ലോജിക്കില്ലായ്മക്കൊപ്പം പല കഥാപാത്രങ്ങളെയും അവതരിപ്പിച്ച രീതിയും ട്രോളിന് ഇരയാവുകയാണ്. ദൃശ്യത്തിന്റെ ആദ്യഭാഗത്തില്‍ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ച സഹദേവന്‍ മൂന്നാം ഭാഗത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഗംഭീര ബില്‍ഡപ്പോടെയാണ് ജീത്തു സഹദേവനെ കൊണ്ടുവന്നത്. എന്നാല്‍ വെറും കോമാളി ലെവലിലേക്ക് ഈ കഥാപാത്രത്തെ ചെയ്തുവെച്ചന്നാണ് പലരുടെയും കമന്റുകള്‍.

പഴയതിനെക്കാള്‍ ക്രൂരനാണെന്ന് കാണിക്കാനായി കണ്ണെല്ലാം ചുവപ്പിച്ചാണ് ജീത്തു സഹദേവനെ അവതരിപ്പിച്ചത്. ജോലി പോയതിന് ശേഷം മദ്യപാനം തുടങ്ങിയെന്ന് സഹദേവനെക്കുറിച്ച് ഒരു കഥാപാത്രം പറയുന്നുണ്ട്. എന്നാല്‍ കണ്ണ് ചുവപ്പിച്ച് സഹദേവനെ അവതരിപ്പിച്ചത് സിനിമയിലെ ഏറ്റവും വലിയ നെഗറ്റീവായി മാറിയിട്ടുണ്ട്.

സഹദേവന്റെ കണ്ണ് ചുവക്കാനുള്ള കാരണത്തെക്കുറിച്ച് ട്രോളന്മാര്‍ പടച്ചുവിടുന്ന കാരണങ്ങളെല്ലാം ചിരിയുണര്‍ത്തുകയാണ്. കണ്ണില്‍ മുളകുപൊടി വിതറിയിട്ടാണ് സഹദേവന്‍ വരുന്നതെന്നാണ് പ്രധാന കമന്റ്. കഷ്ടപ്പാടിന്റെ ഇടയില്‍ സഹദേവന് ചെങ്കണ്ണ് ബാധിച്ചെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതിനിടയില്‍ ലോജിക്കുള്ള ഒരു ട്രോള്‍ ശ്രദ്ധ നേടി.

‘എല്ലാ ദിവസവും പറമ്പില്‍ ജോര്‍ജുകുട്ടി വരുന്നതും കാത്ത് സഹദേവന്‍ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുന്നുണ്ട്. ജോര്‍ജുകുട്ടി കുഴിയെടുക്കുന്നത് ഷൂട്ട് ചെയ്യാനായി പല ദിവസവും ഉറക്കം കളഞ്ഞ് ഇരുന്നതുകൊണ്ടാണ് പാവത്തിന്റെ കണ്ണ് ചുവന്നത്. ജീത്തു ജോസഫ് പറയാതെ പറഞ്ഞ ഡയറക്ടര്‍ ബ്രില്യന്‍സ് തന്നെയിത്’ എന്നാണ് ട്രോളില്‍ പറഞ്ഞുവെക്കുന്നത്.

അത്രയും ടെറര്‍ വില്ലനായി അവതരിപ്പിച്ച സഹദേവന്‍ അവസാനം ജോര്‍ജുകുട്ടിയുടെ മുന്നില്‍ കരഞ്ഞ് കാല് പിടിക്കുന്ന സീന്‍ സംവിധായകനെന്ന നിലയില്‍ ജീത്തു ജോസഫിന്റെ പരാജയമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത്രയും മണ്ടനായ ഒരു വില്ലനെ അടുത്ത കാലത്തൊന്നും മലയാളസിനിമ കണ്ടിട്ടില്ലെന്നും പലരും അഭിപ്രായം പങ്കുവെച്ചു.

Content Highlight: Trolls about Shajon’s red eye in Drishyam 3

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more