കൊല്ലം: സംസ്ഥാനത്ത് 47 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. മണ്‍സൂണ്‍ കാലത്തെ മത്സ്യപ്രജനനം കണക്കിലെടുത്താണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ജൂലായ് 31 വരെയാണ് നിരോധനം.
മത്സ്യ ബന്ധന ബോട്ടുകള്‍ കടലില്‍ പോകുന്നത് നിരോധിക്കുന്നതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി വറുതിയുടെ കാലമാകും. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിംഗ് നിരോധം ബാധകമാകില്ല.
മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ ഒന്നുമുതല്‍ 61 ദിവസത്തെ സമ്പൂര്‍ണ നിരോധനമാണ് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കിയാല്‍ പരമ്പരാഗത മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കും. അതിനാല്‍ കേരളത്തില്‍ ജൂണ്‍ 15 മതല്‍ 47 ദിവസമാണ് ട്രോളിങ് നിരോധനം.
ട്രോളിംഗ് നിരോധനം ആരംഭിക്കും മുന്‍പ് തുറമുഖങ്ങളില്‍ നിന്ന് മത്സ്യബന്ധന ബോട്ടുകള്‍ മാറ്റി തുടങ്ങി. വലകള്‍ കരയ്‌ക്കെത്തിച്ച് അറ്റകുറ്റപണികള്‍ തീര്‍ക്കാനായി കൊണ്ട് പോകാനും ആരംഭിച്ചു. അന്യസംസ്ഥാന മത്സ്യ ബന്ധന തൊഴിലാളികളെല്ലാം നാട്ടിലേയ്ക്ക് വണ്ടികയറി. ആര്‍ദ്ധരാത്രി 12 മണിയ്ക്ക് ചങ്ങലകെട്ടി തുറമുഖം അടയ്ക്കുന്നതോടെ ട്രോളിംഗ് നിരോധനം ആരംഭിക്കും.
വള്ളങ്ങള്‍ക്ക് കടലില്‍ പോകാന്‍ അനുവാദമുണ്ടെങ്കിലും കാര്യമായ വരുമാനം ഇതില്‍നിന്നും കിട്ടില്ല. വറുതിക്കാലത്തെ സൗജന്യ റേഷന്‍ ഉള്‍പെടെയുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും, തീരദേശ പൊലീസിന്റെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.