| Thursday, 23rd April 2026, 8:06 pm

ഈ നാട്ടില്‍ ജനിച്ചതില്‍ എനിക്കഭിമാനമുണ്ട്, പക്ഷേ വോട്ട് ഞാന്‍ തമിഴ്‌നാട്ടില്‍ ചെയ്യും; ജയറാമിനെ ട്രോളി സോഷ്യല്‍ മീഡിയ

അശ്വിന്‍ രാജേന്ദ്രന്‍

മലയാളി പ്രേക്ഷകരെന്നും ഹൃദയത്തോട് ചേര്‍ത്തുവെച്ച അഭിനേതാവാണ് ജയറാം. മിമിക്രിയില്‍ നിന്നും സിനിമയിലെത്തി 1988 ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ ചിത്രം അപരനിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച ജയറാം നായകനായി ഒട്ടനവധി ചിത്രങ്ങളാണ് മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്. സമീപകാലത്ത് അന്യഭാഷ ചിത്രങ്ങളിലും സജീവമായ താരം അങ്ങ് വൈകുണ്ഠപുരത്ത്, പൊന്നിയന്‍ സെല്‍വന്‍, ഗെയിം ചെയ്ഞ്ചര്‍, കാന്താര ചാപ്റ്റര്‍ 2 തുടങ്ങിയ വമ്പന്‍ അന്യഭാഷ ചിത്രങ്ങളിലും ഭാഗമായിരുന്നു.

മറ്റ് ഭാഷകളിലെ ചിത്രങ്ങളില്‍ തിരക്കിലായ താരം നീണ്ട ഇടവേളക്ക് ശേഷമാണ് മകന്‍ കാളിദാസ് ജയറാമിനൊപ്പം ആശകള്‍ ആയിരം എന്ന ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. നല്ല സിനിമകള്‍ മാത്രം നോക്കി ചെയ്യാനായിരിക്കും താന്‍ ഇനി ശ്രദ്ധിക്കുക എന്നായിരുന്നു ജയറാം ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. ഇപ്പോഴിതാ ഇന്ന് (വ്യാഴം) നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കുടുംബത്തോടൊപ്പം താരം വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ജയറാം. Photo: Reddit

മലയാളിയായിരുന്നിട്ടും തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കി അവിടെ വോട്ട് ചെയ്യുന്ന താരത്തിനെതിരെ ട്രോളുകളുമായി എത്തിയിരിക്കുകയാണ് ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ. താരം അഭിനയിച്ച് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട മുണ്ടിന്റെ പരസ്യത്തിലെ വാചകങ്ങള്‍ ഉപയോഗിച്ചാണ് താരത്തിനെതിരെ ട്രോളുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.

‘എന്റെ നാടിന്റെ ആര്‍പ്പോ വിളികളില്‍ എനിക്കഭിമാനമുണ്ട്….
എന്റെ നാടിന്റെ കലകളില്‍ എനിക്ക് അഭിമാനമുണ്ട്. എന്റെ നാടിന്റെ താളത്തില്‍ എനിക്കഭിമാനമുണ്ട്….
എന്റെ നാടിന്റെ സംസ്‌കാരത്തില്‍ എനിക്ക് അഭിമാനമുണ്ട്. ഈ നാട്ടില്‍ ജനിച്ചതില്‍ എനിക്കഭിമാനമുണ്ട്’

എന്നായിരുന്നു പരസ്യത്തില്‍ താരം പറയുന്ന വാചകങ്ങള്‍. ഇത് പശ്ചാത്തലമാക്കിയാണ് താരം തമിഴ്‌നാട്ടില്‍ വോട്ട് ചെയ്യാന്‍ വരി നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ ചെയ്യപ്പെടുന്നത്.

ജയറാം. Photo: Mathrubhumi English

സ്വന്തം നാടിനെക്കുറിച്ച് ഇത്രയും കാര്യങ്ങളില്‍ അഭിമാനമുണ്ടായിട്ടും കുടുംബത്തോടൊപ്പം വേറൊരു നാട്ടില്‍ പോയി താമസിക്കുന്നത് മോശമാണെന്നാണ് പലരുടെയും അഭിപ്രായം. കേരളത്തില്‍ താമസിക്കാന്‍ കഴിയാത്ത ആളെന്തിനാണ് ഇത്രയും ഡയലോഗ് അടിച്ച് ആളുകളെ പറ്റിക്കുന്നതെന്നും ചോദ്യമുണ്ട്. സിനിമ ചെയ്യാനായി നാട്ടില്‍ വന്ന് തിരിച്ച് തമിഴ്‌നാട്ടില്‍ പോയി താമസിക്കുകയാണെന്നും ജയറാമിന് നാടിനെക്കുറിച്ചോര്‍ത്ത് അഭിമാനമില്ലെന്നും കമന്റുകള്‍ കാണാം. താരത്തിന് പുറമെ ദുല്‍ഖര്‍ സല്‍മാന്‍, കെ.എസ്. ചിത്ര തുടങ്ങിയവരും ഇത്തരത്തില്‍ തമിഴ്‌നാട്ടില്‍ വോട്ട് ചെയതിരുന്നു.

Content Highlight: Troll to Jayaram for voting in Tamilnadu assembly election

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more