| Thursday, 26th February 2026, 9:05 am

ഗീതാ പ്രഭാകര്‍ ബി.ജെ.പിയില്‍, ലക്ഷ്യം ആഭ്യന്തര മന്ത്രിസ്ഥാനം, മോഹന്‍ലാല്‍- പിണറായി അഭിമുഖത്തിന് പിന്നാലെ ട്രോളുമായി സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

മുഖ്യമന്ത്രി പിണറായി വിജയനും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ മോഹന്‍ലാലും തമ്മിലുള്ള അഭിമുഖത്തിന്റെ ടീസറായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മിണ്ടിയും പറഞ്ഞും ഇരുവര്‍ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖം ഇന്ന് വൈകിട്ട് സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. മോഹന്‍ലാലും പിണറായി വിജയനും സംസാരിച്ചിരിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇതിനോടകം വൈറലായി.

എന്നാല്‍ ട്രോളന്മാര്‍ ഇതിനെ മറ്റൊരു രീതിയില്‍ കണ്ടതാണ് ചിരിക്ക് വകവെച്ചത്. ദൃശ്യം എന്ന ഐക്കോണിക് ചിത്രത്തിലെ ജോര്‍ജുകുട്ടി എന്ന കഥാപാത്രമായാണ് മോഹന്‍ലാലിനെ പലരും ചിത്രീകരിച്ചത്. ഏപ്രില്‍ രണ്ടിന് ദൃശ്യം 3 റിലീസാകാനിരിക്കെയാണ് ഇത്തരം ട്രോളുകള്‍ വൈറലായത്. വരുണിന്റെ കേസില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് പറയാന്‍ വേണ്ടി ജോര്‍ജുകുട്ടി മുഖ്യമന്ത്രിയെ കണ്ടതെന്ന് പറയുന്ന പോസ്റ്റുകള്‍ ചിരിപടര്‍ത്തി.

മിണ്ടിയും പറഞ്ഞും ഇരുവര്‍ Photo: Screen grab/ Asianet

എന്നാല്‍ ഇതിന് മറുപടിയായി മറ്റ് ചില പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ജോര്‍ജുകുട്ടി മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ ഐ.ജി ഗീതാ പ്രഭാകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന് പറയുന്ന പോസ്റ്റ് വൈറലായി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉടുമ്പഞ്ചോലയില്‍ നിന്ന് ഗീത മത്സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അറിയിച്ചെന്നും പോസ്റ്റിലുണ്ട്.

മകന്റെ തിരോധാനത്തെക്കാള്‍ തന്നെ വേദനിപ്പിച്ചത് ജോര്‍ജുകുട്ടി ഗോമാതാവിനെ തല്ലിക്കൊന്ന് കുഴിച്ചിട്ടതിലാണെന്ന് ഗീതാ പ്രഭാകര്‍ മാധ്യമങ്ങളോട് പറഞ്ഞെന്നും പോസ്റ്റിലുണ്ട്. ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ തന്നെ ഉടുമ്പഞ്ചോലയില്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് തുറന്നെന്നും പോസ്റ്റില്‍ പറയുന്നു. ജോര്‍ജുകുട്ടിയെ അഴിയെണ്ണിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഗീത പറഞ്ഞതായി പോസ്റ്റിലുണ്ട്.

ഇതിലേറെ ചിരിപ്പിച്ചത് മറ്റൊരു കാര്യമാണ്. ഗീതാ പ്രഭാകറിന്റെ നമ്പര്‍ പാലക്കാട് എം.എല്‍.എ ആവശ്യപ്പെട്ടന്ന ഭാഗമാണ് ഹൈലൈറ്റ്. രാഹുല്‍ മാങ്കൂട്ടത്തിലിനുള്ള ഇന്‍ഡയറക്ട് ട്രോള്‍ പലരെയും ചിരിപ്പിക്കുന്നുണ്ട്. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും തന്ത്രിയുമായ കേന്ദ്ര കലുങ്ക് മന്ത്രി ഗീതയെ സ്വാഗതം ചെയ്‌തെന്നും താനും പണ്ട് ഐ.ജിയായിരുന്നെന്ന് മാധ്യമങ്ങളെ ഓര്‍മപ്പെടുത്തിയെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. മനോജ് വെള്ളനാട് കഴിഞ്ഞദിവസം പങ്കുവെച്ച പോസ്റ്റിന് മറുപടിയായാണ് രായന്‍ ചോരന്‍ ഈ പോസ്റ്റ് പങ്കുവെച്ചത്.

‘ഒറിജിനല്‍ ഐ.പി.എസിനെ തേച്ചുവിട്ട ടീമാണ്, അപ്പോഴാണ് ഒരു കഥാപാത്രം’, ‘കോണ്‍സ്റ്റബിള്‍ സഹദേവന് അപ്പോഴും നീതി കിട്ടിയില്ല’, ‘ഡി.ജി.പി ആയില്ലെങ്കില്ലെന്താ, ബി.ജെ.പി ആയില്ലേ’, ‘ഇനിമുതല്‍ ഓഗസ്റ്റ് രണ്ട് സ്വര്‍ഗീയ വരുണ്‍ പ്രഭാകര്‍ ഓര്‍മദിനമായി ആചരിക്കും’ എന്നിങ്ങനെയാണ് പോസ്റ്റിന് ലഭിക്കുന്ന കമന്റുകള്‍.

Content Highlight: Troll post about Mohanlal Pinarayi Vijayan interview viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more