ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ബജറ്റിലും സ്റ്റാര്‍ കാസ്റ്റിലുമൊരുങ്ങുന്ന ചിത്രമാണ് രാമായണ. ഹിന്ദു ഐതിഹ്യമനുസരിച്ചുള്ള കാവ്യം ബോളിവുഡ് ഒരുപാട് തവണ സിനിമയാക്കിയിട്ടുണ്ട്. ഇത്തവണ രാമായണക്ക് ചലച്ചിത്രഭാഷ്യമൊരുക്കുന്നത് നിതേഷ് തിവാരിയാണ്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം ഈ വര്‍ഷം തിയേറ്ററുകളിലെത്തും.
കഴിഞ്ഞദിവസം രാമായണയുടെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അതിരാവിലെ ബ്രഹ്‌മ മുഹൂര്‍ത്തത്തിലായിരുന്നു ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പ്രതീക്ഷിച്ച ഗ്രാന്‍ഡ്വര്‍ നല്‍കാന്‍ ട്രെയ്‌ലറിന് സാധിച്ചിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
വിവേക് ഒബ്രോയ് Photo: Cineportion/ Facebook
എന്നാല്‍ ട്രെയ്‌ലറിലെ പല രംഗങ്ങളും ഇതിനോടകം ട്രോള്‍ മെറ്റീരിയലായി മാറി. അത്തരത്തിലൊന്നാണ് ട്രെയ്‌ലറിലെ ഷാജി പാപ്പന്റെ സാന്നിധ്യം. ആട് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്‍ എന്ന ഐക്കോണിക് കഥാപാത്രത്തെപ്പോലെ ഒരാള്‍ ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് ട്രോളന്മാര്‍ കണ്ടുപിടിച്ചിരിക്കുകയാണ്.
വിവേക് ഒബ്രോയ് അവതരിപ്പിക്കുന്ന വിദ്യുത്ജീവക്കാണ് ഷാജി പാപ്പന്റെ സാമ്യതയുള്ളത്. ഒറ്റനോട്ടത്തില്‍ ആര്‍ക്കായാലും ഈയൊരു കാര്യം തോന്നുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഫേസ്ബുക്കിലെ സിനിമാ പാരഡൈസോ ക്ലബ്ബിലാണ് ഈ സാമ്യതയെക്കുറിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഷാജി പാപ്പന് രാമായണത്തില്‍ എന്താണ് കാര്യമെന്നാണ് ചോദ്യം.
രസകരമായ പല കമന്റുകളും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നുണ്ട്. ആട് 3യുടെ ക്ലൈമാക്‌സില്‍ ഷാജി പാപ്പന്‍ മറ്റൊരു ടൈംലൈനിലേക്ക് പോകുന്നതായാണ് കാണിക്കുന്നത്. പാപ്പന്‍ നേരെ ചെന്നുകയറിയത് രാവണന്റെ കോട്ടയിലേക്കാണെന്നും ചെന്ന സ്ഥിതിക്ക് യുദ്ധത്തിന് സഹായിച്ചെന്നുമൊക്കെയാണ് പ്രധാന കമന്റുകള്‍.
‘നോം പാപ്പനല്ല, രാജാവാണ്, പദ്മനാഭ രാജാവ്’, ‘ആട് 4ല്‍ ഇതിന്റെ എക്‌സ്പ്ലനേഷന്‍ ഉണ്ടാകും’, ‘റോക്കി ഭായ്‌യും മലര്‍ മിസ്സും ഉണ്ടായിരുന്നെങ്കിലും ട്രെയ്‌ലറില്‍ ഒറ്റ ഷോട്ട് കൊണ്ട് സീന്‍ തൂക്കിയത് മ്മടെ ഷാജി പാപ്പന്‍ തന്നെ’, ‘വേറെ യൂണിവേഴ്‌സിലേക്ക് കയറാനുള്ള പ്ലാനാണല്ലേ പാപ്പാ’ എന്നിങ്ങനെയാണ് ഫേസ്ബുക്കിലും എക്‌സിലും വരുന്ന കമന്റുകള്‍.
4000 കോടിയിലേറെ ചെലവഴിച്ചാണ് രാമായണ ഒരുക്കിയത്. രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയും എത്തുമ്പോള്‍ കന്നഡ താരം യഷ് ആണ് രാവണനായി വേഷമിടുന്നത്. സംഗീത ലോകത്തെ ലെജന്‍ഡുകളായ ഹാന്‍സ് സിമ്മറും എ.ആര്‍. റഹ്‌മാനും ചേര്‍ന്നാണ് രാമായണയുടെ സംഗീതം.
Content Highlight: Troll pages saying Vivek Oberoi’s character in Ramayana movie looks like Shaji Pappan