തമിഴ് സിനിമയില്‍ വലിയൊരു വിപ്ലവം സൃഷ്ടിച്ച സംവിധായകന്‍ പാ. രഞ്ജിത്. ആദ്യചിത്രമായ അട്ടക്കത്തി മുതല്‍ തന്റെ ഓരോ സിനിമയും തന്റെ രാഷ്ട്രീയം പറയാനുള്ള ആയുധമാക്കി രഞ്ജിത് മാറ്റി. സംവിധാനത്തിന് പുറമെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമകള്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ നീലം സ്റ്റുഡിയോസ് എന്ന പേരില്‍ പ്രൊഡക്ഷന്‍ ഹൗസും രഞ്ജിത് ആരംഭിച്ചിട്ടുണ്ട്.
തന്റെ അടുത്ത പ്രൊജക്ടിനെക്കുറിച്ച് രഞ്ജിത് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. വേട്ടുവം എന്ന് പേരിട്ടിരിക്കുന്ന ചിത്രം തന്റെ സ്ഥിരം ശൈലിയില്‍ നിന്ന് മാറിക്കൊണ്ടുള്ള ഒന്നാണെന്ന് രഞ്ജിത് പറഞ്ഞു. ഗ്യാങ്സ്റ്റര്‍ സിനിമയായി ഉദ്ദേശിച്ച കഥ പിന്നീട് മറ്റൊരു രീതിയില്‍ ഒരുക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അഞ്ച് വ്യത്യസ്ത കുലങ്ങളുടെ കഥയാണ് വേട്ടുവം പറയുന്നത്. ഓരോ ഗ്യാങ്ങിനും ഒരു നേതാവുണ്ട്. ഇതില്‍ ദിനേശ് അവതരിപ്പിക്കുന്നത് അത്യാവശ്യം ചെറുപ്പക്കാരനായ ഒരു നേതാവിനെയാണ്. മാര്‍ഷ്യല്‍ ആര്‍ട്‌സും അടിമുറൈയും പഠിച്ച ഒരാളാണ് ഈ കഥാപാത്രം. ആര്യ ഇതില്‍ വില്ലന്‍ വേഷമല്ല ചെയ്യുന്നത്. അഞ്ച് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. ഈ അഞ്ച് പേരും ഒരാള്‍ക്ക് മറ്റൊരാള്‍ വില്ലന്‍ എന്ന രീതിയാണ്.
നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണെന്ന് പറഞ്ഞെങ്കിലും ആര്യ ഈ സിനിമക്ക് ഓക്കെ പറയുകയായിരുന്നു. എന്റെ നല്ലൊരു സുഹൃത്താണ് അവന്‍. ശോഭിത ധൂലിപാല അഞ്ച് നേതാക്കന്മാരില്‍ ഒരാള്‍. ചിത്രത്തിന്റെ ഷൂട്ട് അവസാനിച്ചു. കുറച്ച് പാച്ച്‌വര്‍ക്ക് ബാക്കിയുണ്ട്. രണ്ട് മാസത്തിനുള്ളില്‍ എല്ലാം തീര്‍ത്ത് പടം റിലീസ് ചെയ്യാനാകുമെന്ന് കരുതുന്നു,’ പാ. രഞ്ജിത് പറയുന്നു.
എന്നാല്‍ രഞ്ജിത്തിന്റെ വാക്കുകള്‍ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ചില ട്രോള്‍ പേജുകള്‍ രംഗത്തെത്തി. രഞ്ജിത് പറഞ്ഞ കഥ മുമ്പ് ഒരു സിനിമയില്‍ വന്നിട്ടുണ്ടായിരുന്നെന്നാണ് ചിലര്‍ ഓര്‍മിപ്പിക്കുന്നത്. തിയേറ്ററില്‍ വന്‍ പരാജയമാവുകയും ഒ.ടി.ടിയില്‍ ട്രോള്‍ മെറ്റീരിയലാവുകയും ചെയ്ത കങ്കുവയുടെ കഥയും ഇത് തന്നെയാണെന്ന് ചിലര്‍ കമന്റ് പങ്കുവെച്ചു.
എന്നാല് പാ. രഞ്ജിത് ഇത്തരമൊരു കഥയുമായി എത്തുമ്പോള്‍ പലരും ആവേശത്തിലാണ്. ആക്ഷനും, സയന്‍സ് ഫിക്ഷനും ഗ്യാങ് വാറും ചേര്‍ന്ന ഴോണറിലാണ് രഞ്ജിത് വേട്ടുവം ഒരുക്കുന്നത്. അട്ടക്കത്തി ദിനേശ് ചിത്രത്തിനായി നടത്തിയ മേക്ക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. വന്‍ ഹൈപ്പിലെത്തിയ തങ്കലാന്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയിരുന്നു. തങ്കലാന് ശേഷം രണ്ട് വര്‍ഷത്തോളം സമയമെടുത്താണ് രഞ്ജിത് വേട്ടുവം ഒരുക്കിയത്.
Content Highlight: Troll pages saying that Pa Ranjith’s Vettuvam movie story similar to Kanguva
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ