| Friday, 19th June 2026, 10:29 pm

ഈ സീനൊക്കെ ശ്രീനിവാസന്‍ നേരത്തെ വിട്ടതാ... മാറ്റിപ്പിടിച്ചൂടെ, കല്യാണവും കോടതിയും മാറി മാറി കാണിച്ച സീനിനെയും വറുത്തെടുത്ത് ട്രോളന്മാര്‍

അമര്‍നാഥ് എം.

റിലീസ് സമയത്ത് കംപ്ലീറ്റ് പോസിറ്റീവ് പറഞ്ഞവര്‍ പോലും ഒ.ടി.ടി റിലീസില്‍ എടുത്തിട്ടലക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് ദൃശ്യം 3. മലയാളത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളിലൊന്നിന്റെ മൂന്നാം ഭാഗത്തെ സംവിധായകന്‍ അലസമായി സമീപിച്ചെന്നാണ് പലരും വിമര്‍ശിക്കുന്നത്. കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ച ചിത്രം ഇപ്പോഴും എയറിലാണ്.

ചിത്രത്തിലെ പല സീനുകളും കീറിമുറിച്ച് വറുത്തെടുക്കുകയാണ് ട്രോളന്മാര്‍. സ്‌ക്രിപ്റ്റിലെ ലോജിക്കില്ലായ്മയും പല കഥാപാത്രങ്ങളെയും അവതരിപ്പിച്ച രീതിയും വിമര്‍ശിക്കപ്പെടുമ്പോള്‍ ചില പ്രത്യേക സീനുകളെ സംവിധായകന്‍ സമീപിച്ച രീതിയും ട്രോള്‍ മെറ്റീരിയലായി മാറി. അത്തരത്തിലൊന്നാണ് രണ്ടാം പകുതിയില്‍ ജോര്‍ജുകുട്ടിയുടെ മകള്‍ അഞ്ജുവിന്റെ കല്യാണ സീന്‍.

ദൃശ്യം 3 Photo: Troll Meme Malayalam/ Facebook

അഞ്ജുവിന്റെ കല്യാണം മുടക്കാനായി പ്രഭാകറും സഹദേവനുമെല്ലാം കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അപേക്ഷ ഫയല്‍ ചെയ്തത് ജഡ്ജി പരിഗണിക്കുന്നതും ജോര്‍ജുകുട്ടിയുടെ കുടുംബം കല്യാണത്തിന് തയാറെടുക്കുന്നതും ഇടവിട്ട് കാണിക്കുന്നുണ്ട്. ഈ സീനിനെ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. പല ട്രോള്‍ പേജിലും ഈ വീഡിയോയാണ് ചര്‍ച്ച.

അഴകിയ രാവണനില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച അംബുജാക്ഷന്‍ പറയുന്ന ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന നോവലിലെ ‘താലികെട്ടും പാലുകാച്ചും ഇടവിട്ട് കാണിക്കണം’ എന്ന ഡയലോഗും ദൃശ്യം 3യിലെ സീനും മിക്‌സ് ചെയ്തുകൊണ്ടുള്ള ട്രോള്‍ വീഡിയോ വൈറലായിരിക്കുകയാണ്. ജീത്തു ജോസഫിനെ ഒരു ട്രോളന്മാരും വെറുതെ വിടുന്നില്ല.

ദൃശ്യം 3 Photo: Troll Meme Malayalam/ Facebook

ജമ്പ് കട്ട് സീനുകളിലൂടെ പ്രേക്ഷകരില്‍ ടെന്‍ഷന്‍ ബില്‍ഡ് ചെയ്യുന്നത് സിനിമയില്‍ പുതിയ കാഴ്ചയല്ല. പല വമ്പന്‍ സംവിധായകരും ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുമുണ്ട്. എന്നാല്‍ ജീത്തു ജോസഫ് ദൃശ്യം 3യിലേക്ക് എത്തിയപ്പോള്‍ ഈ ട്രെന്‍ഡ് കൃത്യമായി ഉപയോഗിക്കാന്‍ സാധിച്ചില്ലെന്ന് പലരും വിമര്‍ശിക്കുകയാണ്.

ദൃശ്യം എന്ന ബ്രാന്‍ഡിനും മോഹന്‍ലാല്‍ എന്ന നടനുമുള്ള സ്വീകാര്യതയാണ് ദൃശ്യം 3 ഇത്രയും വലിയ വിജയമാകാന്‍ കാരണം. ബോക്‌സ് ഓഫീസില്‍ 200 കോടിയിലേറെ നേടിയ ചിത്രത്തിന് ഇത്രയും വലിയ ട്രോള്‍ ലഭിക്കുമെന്ന് കടുത്ത ആരാധകര്‍ പോലും കരുതിയിരുന്നില്ല. നാലാം ഭാഗം എടുക്കുന്നുണ്ടെങ്കില്‍ ഇത്തരം അബദ്ധങ്ങള്‍ ജീത്തു ജോസഫ് ആവര്‍ത്തിക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Troll pages saying Jeethu Joseph failed in Wedding scene in Drishyam 3 movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more