| Monday, 26th January 2026, 9:31 am

വിസിലും വിജയ്‌യും തമ്മിലുള്ള ബന്ധം 20 വര്‍ഷം മുന്നേ തുടങ്ങിയതാ, ടി.വി.കെ ചിഹ്നം പുറത്തിറക്കിയതിന് പിന്നാലെ ട്രോളുമായി സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് വിജയ് ആരംഭിച്ച പാര്‍ട്ടിയാണ് തമിഴക വെട്രി കഴകം. സിനിമയില്‍ നിന്ന് പൂര്‍ണമായും മാറിനിന്നുകൊണ്ട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് അറിയിച്ചത് തമിഴ് സിനിമക്ക് വലിയ നഷ്ടമായി ആരാധകര്‍ കരുതുന്നുണ്ട്. വിജയ്‌യും ടി.വി.കെയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

തെരഞ്ഞെടുപ്പിന് ടി.വി.കെയുടെ ചിഹ്നം കഴിഞ്ഞദിവസം ഔദ്യോഗികമായി പുറത്തിറക്കി. വിസിലാണ് പാര്‍ട്ടിയുടെ ചിഹ്നം. കഴിഞ്ഞദിവസം നടന്ന ടി.വി.കെ മാനാടില്‍ ചിഹ്നം പ്രകാശനം ചെയ്തിരുന്നു. പാര്‍ട്ടിയുടെ ചിഹ്നം വിസിലാകാന്‍ സാധ്യതയുണ്ടെന്ന് കുറച്ചുദിവസം മുമ്പേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ ടി.വി.കെയും വിജയ്‌യും ട്രോളന്മാരുടെ പ്രധാന വിഷയമായി മാറി.

രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുമ്പ് വിജയ്‌യുടെ സിനിമകളില്‍ വിസിലുമായി ബന്ധപ്പെട്ട എന്തെങ്കിലുമുണ്ടോ എന്ന് പലരും അന്വേഷിച്ചു. ഈ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളും ട്രോളന്മാര്‍ക്ക് കണ്ടന്റായി മാറി. വിജയ്‌യുടെ കരിയറില്‍ നാഴികക്കല്ലായി മാറിയ ഗില്ലി എന്ന ചിത്രത്തില്‍ ‘അര്‍ജുനര്‍ വില്ല്’ എന്ന ഗാനം ആരംഭിക്കുന്നത് വിസിലടിയിലൂടെയാണെന്നാണ് ആദ്യത്തെ കണ്ടുപിടിത്തം.

കരിയറിലെ മറ്റൊരു ബ്ലോക്കബസ്റ്ററായ പോക്കിരിയില്‍ നായികയായ അസിനെ വിസിലടിപ്പിക്കാന്‍ പഠിപ്പിക്കുന്നതും പോസ്റ്റിലുണ്ട്. വേട്ടൈക്കാരനില്‍ വില്ലന്മാരിലൊരാളെ എന്‍കൗണ്ടര്‍ ചെയ്ത ശേഷം വിസിലടിക്കുന്ന രംഗം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. അറ്റ്‌ലീ സംവിധാനം ചെയ്ത ബിഗിലിന്റെ തെലുങ്ക് പതപ്പിന്റെ പേര് വിസില്‍ എന്നായിരുന്നെന്നും ചൂണ്ടിക്കാണിക്കുന്നു.

വാരിസിലെ ‘തീ ദളപതി’ എന്ന ഗാനത്തില്‍ ‘വിസിലടി’ എന്ന വരിയും ലിയോയില്‍ മകളുടെ മത്സരത്തില്‍ വിസിലടിക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ടും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. മുന്‍ ചിത്രമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമില്‍ ‘വിസില്‍ പോട്’ എന്ന ഗാനം ആകസ്മികമായി വന്നതല്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഈ പാട്ട് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് പറഞ്ഞ് ആരാധകര്‍ യുവന്‍ ശങ്കര്‍ രാജക്കെതിരെ തിരിഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് ഫ്രീയായി ഇലക്ഷന്‍ പ്രചരണ ഗാനം ലഭിച്ചെന്നാണ് പലരും ട്രോളുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രൊമോ സോങ്ങും ടി.വി.കെ ഏറ്റെടുക്കുമെന്നും ട്രോളുണ്ട്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയ ആളല്ല വിജയ് എന്നും കൃത്യമായ പ്ലാനിങ്ങോടെയാണ് അയാള്‍ പാര്‍ട്ടി ആരംഭിച്ചതെന്നും ചിലര്‍ അനുമാനിക്കുന്നു.

Content Highlight: Troll pages finds the funny facts between Vijay and Whistle symbol

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more