| Monday, 16th February 2026, 12:36 pm

നിവിന്റെ എമ്പുരാനാണോ ഇത്? നിവിന്‍ പോളി- ഉണ്ണികൃഷ്ണന്‍ പ്രൊജക്ടിന്റെ അപ്‌ഡേറ്റുകള്‍ ചര്‍ച്ച ചെയ്ത് സിനിമാപേജുകള്‍

അമര്‍നാഥ് എം.

യുവതാരങ്ങളില്‍ ഏറ്റവും വലിയ ഫാന്‍ബേസുള്ളവരില്‍ പ്രധാനിയാണ് നിവിന്‍ പോളി. ചുരുങ്ങിയ കാലം കൊണ്ട് കുടുംബപ്രേക്ഷകരില്‍ വരെ വലിയ സ്വാധീനമുണ്ടാക്കിയ നിവിന് ഇടക്ക് കുറച്ചുകാലം ബോക്‌സ് ഓഫീസില്‍ അത്ര നല്ല കാലമല്ലായിരുന്നു. സര്‍വ്വം മായയിലൂടെ തന്റെ ഫാന്‍ ബേസിന് കൈമോശം വന്നിട്ടില്ലെന്ന് നിവിന്‍ തെളിയിച്ചെങ്കിലും ബേബി ഗേളിലൂടെ താരത്തിന് വീണ്ടും അടിതെറ്റി.

ബേബി ഗേളിന് ശേഷം നിവിന്റെ അടുത്ത ചിത്രം റിലീസിന് തയാറെടുക്കുകയാണ്. ബി. ഉണ്ണികൃഷ്ണനുമായി നിവിന്‍ ആദ്യമായി കൈകോര്‍ക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ടൈറ്റിലും ട്രെയ്‌ലറും പുറത്തുവിടുമെന്ന് അറിയിച്ച പോസ്റ്ററുകളാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

പുറത്തുവിട്ട രണ്ട് പോസ്റ്ററുകളും സൂചിപ്പിക്കുന്നത് പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് ഈ പ്രൊജക്ട് എന്നാണ്. എന്നാല്‍ രണ്ട് പോസ്റ്ററുകള്‍ക്കും ഹിറ്റ് ചിത്രമായ ലൂസിഫറിന്റെയും എമ്പുരാന്റെയും പോസ്റ്ററുകളുമായി ചെറുതല്ലാത്ത സാമ്യമുണ്ട്. നിവിന്റെ എമ്പുരാനാകുമോ ഈ ചിത്രമെന്നാണ് പലരും തമാശരൂപത്തില്‍ ചോദിക്കുന്നത്.

ബി. ഉണ്ണികൃഷ്ണന്‍ തന്നെയാണ് ഈ ചിത്രത്തിന്റെ രചന. ക്രിസ്റ്റഫറിന് ശേഷം ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹിറ്റാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സര്‍വ്വം മായക്ക് ശേഷം നിവിന്‍ കമ്മിറ്റ് ചെയ്ത പ്രൊജക്ട് താരത്തിന്റെ കരിയറിലെ രണ്ടാമത്തെ പൊളിറ്റിക്കല്‍ ചിത്രമാണ്. 2016ല്‍ റിലീസായ സഖാവാണ് നിവിന്റെ ആദ്യ പൊളിറ്റിക്കല്‍ ത്രില്ലര്‍.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു പൊളിറ്റിക്കല്‍ ചിത്രവുമായി നിവിന്‍ എത്തുകയാണ്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരനായി നിവിന്‍ വേഷമിടുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷകളേറെയാണ്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി 90 ദിവസത്തെ ഷൂട്ടായിരുന്നു ചിത്രത്തിന്. മാര്‍ച്ച് 19ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.

ആട് 3, ധുരന്ധര്‍ 2, ടോക്‌സിക് എന്നീ വമ്പന്‍ സിനിമകള്‍ക്കൊപ്പമാണ് ചിത്രം ക്ലാഷിനെത്തുന്നത്. മൂന്ന് വലിയ സിനിമകള്‍ക്കൊപ്പം റിലീസ് ചെയ്യുമ്പോള്‍ ചിത്രത്തിന് വേണ്ടത്ര സ്‌ക്രീനുകള്‍ ലഭിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഗോകുലം മൂവീസും ആര്‍.ഡി. ഇല്ലുമിനേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Troll pages claiming that Nivin Pauly’s new movie poster similar to Empuraan and Lucifer poster

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more