| Monday, 10th August 2026, 9:54 am

എന്റെ ആദ്യ ചിത്രം ഫസ്റ്റ് ഷോ കാണാന്‍ കഴിയാത്ത വിഷമത്തിലായിരിക്കും അച്ഛന്‍; വൈറലായി ട്രോള്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ ഏറ്റവും വലിയ താരകുടുംബത്തില്‍ നിന്നുമുള്ള മറ്റൊരു സിനിമാ പ്രവേശനത്തിനാണ് മോളിവുഡ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. മലയാള സിനിമയുടെ അമരക്കാരനായ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച തുടക്കം എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. മലയാളത്തിലെ ഹിറ്റ് സംവിധായകരിലൊരാളായ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തിയതോടെ ആദ്യ ദിനം മുതല്‍ തന്നെ തിയേറ്ററുകള്‍ നിറയുകയായിരുന്നു. അരങ്ങേറ്റമായിരുന്നിട്ടും യാതൊരു പോരായ്മകളും വരുത്താതെ മികച്ച പ്രകടനമാണ് വിസ്മയ കാഴ്ചവെച്ചതെന്നാണ് ചിത്രം കണ്ടിറങ്ങിയവര്‍ ഓരോരുത്തരും അഭിപ്രായപ്പെടുന്നത്.

Photo: District

ചിത്രത്തിന് മുമ്പ് മോഹന്‍ലാല്‍ കുടുംബത്തോടൊപ്പമെത്തി നല്‍കിയ അഭിമുഖങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് പിന്നാലെ പുതിയൊരു ട്രോളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ന്യൂസിലാന്‍ഡ് ഷോയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സിനിമാ പേജുകളിലെ ട്രോളുകളുടെ തുടക്കം.

താന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കുടുംബത്തോടൊപ്പം കാണാന്‍ സാധിക്കാത്തതിന്റെ വിഷമത്തിലായിരിക്കും അച്ഛന്‍ എന്ന് പറയുന്ന വിസ്മയ മോഹന്‍ലാലിന്റെ പോയിന്റ് ഓഫ് വ്യൂവിലാണ് ട്രോള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിന് തൊട്ട് താഴെ ന്യൂസിലന്‍ഡിലെ സ്‌റ്റേജ് ഷോയില്‍ ആടിതിമിര്‍ക്കുന്ന ലാലേട്ടന്റെ ചിത്രവും ട്രോളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലാലേട്ടന് മകളുടെ ചിത്രം കാണാന്‍ സാധിക്കാത്തതിന്റെ സങ്കടത്തിലല്ലെന്നും മറ്റൊരു വിദശ രാജ്യത്ത് മറ്റൊരു സ്റ്റേജ് ഷോ അവതരിപ്പിക്കാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണെന്നുമാണ് ട്രോളിന്റെ സാരം.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി ഹിറ്റടിച്ച ധുരന്ധറിലെ പ്രധാനകഥാപാത്രങ്ങളിലൊന്നായ റഹ്‌മാന്‍ ദക്കൈത്തിനെ അവതരിപ്പിച്ച അക്ഷയ് ഖന്നയുടെ ഷേര്‍-ഇ ബലൂച്ച് എന്ന പശ്ചാത്തല സംഗീതത്തിനും മോണിക്ക എന്ന തമിഴ് ഗാനത്തിനും നൃത്തം ചെയ്യുന്ന മോഹന്‍ലാലിന്റെ വീഡിയോസാണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലാകുന്നത്. ഇതിന് മുമ്പ് സാനിയ ഇയപ്പനും സ്വാസികയ്ക്കും ഒപ്പമുള്ള നൃത്തവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

മോഹന്‍ലാല്‍ സ്‌റ്റേജ് ഷോയില്‍. Photo: X.com

വിസ്മയക്ക് പുറമെ നിര്‍മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരിന്റെ മകനായ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സായി കുമാര്‍, മനോജ്. കെ ജയന്‍, ഗണേശ് കുമാര്‍, ജാഫര്‍ ഇടുക്കി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.

Content Highlight: Troll For Vismaya after her new Film Thudakkam release

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more