സിനിമയേതെന്നോ രാഷ്ട്രീയമേതെന്നോ തിരിച്ചറിയാനാകാത്ത വിധമാണ് സമീപകാലത്തായി തമിഴ്‌നാട്ടില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍. നിലവില്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വിജയ് സിനിമാ അഭിനയം അവസാനിപ്പിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയതാണ് ഇത്തരത്തിലൊരു സ്ഥിതിവിശേഷത്തിന് തുടക്കം കുറിച്ചത്.
തമിഴക വെട്രി കഴഗം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ഏപ്രില്‍ 23ന് നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുകയാണ് വിജയ്. രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയായി കൊണ്ടാണ് താരം ജനവിധി തേടുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് മുതല്‍ താരം നേരിടുന്ന വെല്ലുവിളികളും റോഡ് ഷോകളിലും പൊതുപരിപാടികളിലുമുള്ള താരത്തിന്റെ പ്രവര്‍ത്തികളുമാണ് സോഷ്യല്‍ മീഡിയയിലെ ശ്രദ്ധേയ വിഷയങ്ങളിലൊന്ന്.
ജനനായകന്‍. Photo: Zee News
ശതകോടികളുടെ മുതല്‍മുടക്കില്‍ നിര്‍മിച്ച വിജയ് ചിത്രം ജനനായകന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം ഡാര്‍ക്ക് വെബിലൂടെ വ്യാപകമായി പ്രചരിച്ചതോടെ പുതിയ കുരുക്കാണ് താരത്തിന് മേല്‍ വന്നിരിക്കുന്നത്. വലിയ മാര്‍ക്കറ്റുണ്ടായിരുന്ന ചിത്രത്തിന്റെ പല ക്ലിപ്പുകളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപിക്കുകയും ചിത്രത്തില്‍ വിജയ് അഭിനയിച്ച പല രംഗങ്ങള്‍ക്കും ട്രോളുകള്‍ ലഭിക്കുകയും ചെയ്തതോടെ ചിത്രത്തിന്റെ മാര്‍ക്കറ്റിനെ ഇത് കാര്യമായി ബാധിക്കുകയും ചെയ്തു.
എന്നാല്‍ ഇതിലൊന്നും പ്രതികരണം നടത്താതെ തെരഞ്ഞടുപ്പ് പ്രചാരണത്തിന് വേണ്ടി വിജയ് ചെയ്യുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തെ മണ്ഡലങ്ങളിലുടനീളം റോഡ് ഷോകള്‍ നടത്തുന്നതിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രത്യേകം സഞ്ജമാക്കിയ വാഹനത്തില്‍ നിന്നുകൊണ്ട് തന്റെ ആരാധകരെ അഭിവാദ്യം ചെയ്ത് കടന്നുപോകുന്നതാണ് താരത്തിന്റെ രീതി.
എന്നാല്‍ ഇപ്പോള്‍ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുന്നത് വിജയ്ക്ക് ആരാധകര്‍ എറിഞ്ഞു നല്‍കുന്ന സാധനങ്ങളുടെ ലിസ്റ്റാണ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും തല പുറത്തേക്കിട്ട് നില്‍ക്കുന്ന താരത്തിന് നേന്ത്രപഴം, കൂളിങ്ങ് ഗ്ലാസ്, കാംപ കോള, ആരാധകരുടെ ഷര്‍ട്ട്, പൂമാല എന്നിവയാണ് റോഡിന് ഇരുവശത്തും കൂടിനില്‍ക്കുന്നവര്‍ എറിഞ്ഞു നല്‍കുന്നത്.
ഇതൊരു റീല്‍ വീഡിയോ ആയി ചിത്രീകരിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം താരത്തിന് നേരെ സാധനങ്ങള്‍ വലിച്ചെറിയുന്നവരും കൂട്ടത്തിലുണ്ട്. വണ്ടിക്ക് മുകളിലിരിക്കുന്ന താരത്തിന്റെ അംഗരക്ഷകരുടെ പ്രധാന ജോലി ഇത്തരത്തില്‍ വലിച്ചെറിയുന്ന സാധനങ്ങള്‍ ദേഹത്ത് കൊള്ളാതെ തടയുന്നതാണ്. വലിച്ചെറിയുന്ന മിക്ക സാധനങ്ങളും താരം വണ്ടിക്കുള്ളിലേക്ക് മാറ്റിവെക്കുന്നതും കാണാം.
റോഡ് ഷോക്കിടെ ക്യാച്ചെടുക്കുന്ന വിജയ്. Photo: Sathyam News
ഒരു വെറൈറ്റിക്കായി വണ്ടിയില്‍ നിന്നും താഴെയിറങ്ങി സൈക്കിളില്‍ ആരാധകര്‍ക്കിടയിലൂടെ അതിവേഗത്തില്‍ പോകുന്ന വീഡിയോയ്ക്ക് കേരളത്തില്‍ നിന്നും ട്രോളുകളുണ്ട്. പൂമാലയും കൂളിങ് ഗ്ലാസും ധരിച്ച് സൈക്കിള്‍ ചവിട്ടുന്നത് കണ്ടാല്‍ തമിഴ്‌നാട്ടില്‍ ആചാര പ്രകാരം മൃതദേഹം കൊണ്ട് പോകുന്നതിന് സമാനമാണെന്നാണ് പരിഹാസം. ജയറാം അഭിനയിച്ച മയിലാട്ടത്തിലെ സീനുമായി ചേര്‍ത്താണ് ഇതിന് ട്രോള്‍ ലഭിക്കുന്നത്.
ജനനായകന്റെ കോപ്പി ലീക്കായതില്‍ ആശങ്ക അറിയിച്ചുകൊണ്ട് രജിനികാന്ത്, ചിരഞ്ജീവി, ശിവകാര്‍ത്തികേയന്‍, വിജയ് ദേവരകൊണ്ട തുടങ്ങി പ്രമുഖര്‍ രംഗത്തെത്തുമ്പോഴും നായകന്‍ മൗനം വെടിയാത്തത് പലരെയും ചൊടിപ്പിക്കുന്നുണ്ട്. 250 കോടിയോളം പ്രതിഫലം വാങ്ങിയ ആളെന്ന നിലയില്‍ നിര്‍മാതാവിനെക്കാള്‍ വിജയ്ക്ക് വിഷയത്തില്‍ ഉത്തരവാദിത്തമുണ്ടെന്നാണ് പലരുടെയും വാദം.
Content Highlight: Troll For Vijay for his roadshow