2026ല്‍ പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ധുരന്ധര്‍ 2. മാര്‍ച്ച് 19ന് തിയേറ്ററുകളിലേക്കെത്തിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായിക്കൊണ്ടായിരുന്നു തിയേറ്റര്‍ വിട്ടത്. ആറോളം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള വിലക്കിനെയും മറികടന്ന് 1800 കോടിയിലധികമായിരുന്നു ചിത്രം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ബിഗ് സ്‌ക്രീനിലെ പ്രകടനത്തിന് ശേഷം ചിത്രം കഴിഞ്ഞയാഴ്ച്ച ജിയോ ഹോട്‌സ്റ്റാറിലൂടെ ഒ.ടി.ടിയിലും പ്രദര്‍ശനം ആരംഭിച്ചിരുന്നു.
ധുരന്ധര്‍ 2. Photo: Zoom Tv
മോദി ഭരണകൂടത്തിന് വേണ്ടി വലിയ രീതിയില്‍ സ്തുതി പാടുന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉടലെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മലയാളം ഡബ്ബ് വേര്‍ഷനനാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ധുരന്ധര്‍ 2വിന്റെ ആദ്യപകുതിയില്‍ വില്ലന്മാര്‍ പിടിച്ചുകൊണ്ടുപോയ തന്റെ സഹോദരിയെ രക്ഷിക്കാനായി രണ്‍വീറിന്റെ ജസ്‌കിരാത് സിങ് എന്ന കഥാപാത്രം ശ്രമിക്കുന്ന രംഗത്തിലെ ഡയലോഗുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.
സീനില്‍ തോക്ക് ചൂണ്ടി തന്റെ സഹോദരി എവിടെ എന്ന് ചോദിക്കുമ്പോള്‍ വില്ലനും നായകനും പരസ്പരം പറയുന്ന ഹിന്ദി അസഭ്യവാക്കുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണ് വൈറലാവുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചുരുളിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു സീനെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതോടെപ്പം ചിത്രത്തിലെ മലയാളം ഡയലോഗ് ഡെലിവെറിയും ചിരിയുണര്‍ത്തുന്നു. നാടന്‍ രീതിയില്‍ പറയുന്ന പോലെയാണ് ചിത്രത്തില്‍ ഈ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കാണാം. ചുരുളിയില്‍ പാലം കടന്ന് കഴിയുമ്പോള്‍ ഉണ്ടാകുന്ന മാറ്റം ധുരന്ധര്‍ 2വിലെ ഈയൊരു സീനില്‍ പ്രകടമായെന്നാണ് പലരും കമന്റുകള്‍ രേഖപ്പെടുത്തുന്നത്.
ചുരുളി. Photo: Koimoi
പാകിസ്ഥാനില്‍ നിന്നും രാജ്യത്തിനെതിരെ വരുന്ന ഭീകരാക്രമണങ്ങള്‍ തടയാനായി ഇന്ത്യ അയക്കുന്ന ചാരന്റെ കഥ പറയുന്ന ചിത്രത്തില്‍ ഹംസ അലി മസാരിയെന്ന ഇന്ത്യന്‍ ചാരനായാണ് രണ്‍വീര്‍ പ്രത്യക്ഷപ്പെടുന്നത്. മോദി ഗവണ്‍മെന്റിന്റെ ഭരണത്തിലെ ഏറ്റവും വലിയ പരാജയ നടപടികളിലൊന്നായ നോട്ട് നിരേധനത്തെയടക്കം വെള്ളപൂശി കാണിക്കുന്നതിനെതിരെയും മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്ത്വത്തിലുണ്ടായിരുന്ന യു.പി.എ സര്‍ക്കാരിനെ മോശമാക്കി ചിത്രീകരിച്ചതിനും വലിയ വിമര്‍ശനം ചിത്രത്തിനെതിരെ ഉയര്‍ന്നിരുന്നു.
Content Highlight: Troll for the Malayalam dubbed version of Dhurandhar 2