| Friday, 12th June 2026, 7:04 pm

ഒന്ന് പഞ്ചിന് പറഞ്ഞതായിരുന്നു അപ്പോഴോക്കും അനിയന്‍ കുട്ടനെ കൊണ്ടുപൊയ്‌ക്കോളാന്‍ പറഞ്ഞു; വൈറലായി വല്ല്യേട്ടന്‍ മൂവി സീന്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തില്‍ ഒട്ടനവധി ഹൈ വോള്‍ട്ട് ആക്ഷന്‍ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ആറാം തമ്പുരാന്‍, ദി കിങ്, കമ്മീഷ്ണര്‍, നരസിംഹം, ഏകലവ്യന്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകന്റെതായി പലരുടെയും ഫേവറിറ്റ് ലിസ്റ്റിലലുള്ള ചിത്രമാണ് വല്ല്യേട്ടന്‍. മമ്മൂട്ടിയെ നായകനാക്കി 2000ല്‍ പുറത്തിറങ്ങിയ ചിത്രം താരത്തിന്റെ കരിയറിലെ തന്നെ മികച്ച മാസ് ആക്ഷന്‍ ചിത്രങ്ങളിലൊന്നാണെന്ന് നിസംശയം പറയാം.

അറക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോള്‍ സഹോദര കഥാപാത്രങ്ങളായി സിദ്ദിഖ്, മനോജ്.കെ. ജയന്‍, സുധീഷ്, വിജയകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. ഇവര്‍ക്ക് പുറമെ ശോഭന, എന്‍.എഫ്. വര്‍ഗീസ്, സായ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗം വലിയ രീതിയില്‍ ട്രോളുകള്‍ക്ക് ഇരയായിരിക്കുകയാണ്.

വല്ല്യേട്ടന്‍. Photo: X.com

ചിത്രത്തില്‍ മാധവനുണ്ണിക്ക് വേണ്ടി സിദ്ദിഖ് അവതരിപ്പിച്ച അനിയന്‍ കഥാപാത്രം രഘു കൊലക്കുറ്റം ഏറ്റെടുക്കാമെന്ന് പറയുന്ന രംഗമാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. വലിയ ആവേശത്തില്‍ താന്‍ കുറ്റം ഏറ്റെടുക്കാമെന്ന് രഘു പറയുകയും രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ പൊലീസുകാരോട് രഘുവിനെ കൊണ്ടുപൊക്കോളാന്‍ പറയുകയും ചെയ്യുമ്പോള്‍ സിദ്ദിഖിന്റെ മുഖത്ത് വരുന്ന ഭാവവ്യത്യാസങ്ങളാണ് പലരിലും ചിരി പടര്‍ത്തുന്നത്.

‘ഞാനേല്‍ക്കാം വല്ല്യേട്ടാ, കുറ്റമേറ്റെടുത്താല്‍ പിന്നെ തല്ലേണ്ട ആവശ്യമില്ലല്ലോ, ഇനി അഥവാ കുറേ തല്ലിയാലും കുത്തിയാലും വല്ല്യേട്ടനെ തോല്‍പിച്ചു എന്ന് തോന്നാന്‍ അവസരം കൊടുക്കില്ല’ എന്നാണ് രഘു പറയുന്നത്. ഇത് കേട്ട ഉടനെ ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച ഇല്യാസ് എന്ന പൊലീസ് കഥാപാത്രത്തിനോട് രഘുവിനെ കെണ്ടുപോകാന്‍ മാധവനുണ്ണി പറയുമ്പോള്‍ രഘുവിന്റെ മുഖത്ത് ഞെട്ടല്‍ വരുന്നത് കാണാം.

അനിയന്‍ കുട്ടന് എന്തിന്റെ കുഴപ്പമായിരുന്നു എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാകുന്നത്. എന്നാല്‍ ഈ ഭാവം കൃത്യമായി തന്നെ സിദ്ദിഖ് തന്റെ മുഖത്ത് പ്രതിഫലിപ്പിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഒരു ആവേശത്തിന് ആളാവാന്‍ പറഞ്ഞ കാര്യം മാധവനുണ്ണി സീരിയസ് ആയി എടുത്തോ എന്ന ദയനീയ ഭാവം കൃത്യമായി തന്നെ താരം അവതരിപ്പിച്ചിട്ടുണ്ട്.

വല്ല്യേട്ടന്‍. Photo: X.com

വീഡിയോയുടെ കമന്റ് ബോക്‌സും മാധവനുണ്ണിക്കുള്ള കമന്റുകളുമായി സജീവമാണ്. അനിയന്‍ കുട്ടന്മാരെ പറ്റിക്കാന്‍ മാധവനുണ്ണി കഴിഞ്ഞിട്ടേ മറ്റൊരു കഥാപാത്രമുള്ളൂ എന്നാണ് പലരുടെയും അഭിപ്രായം. താന്‍ കല്ല്യാണം കഴിക്കില്ലെന്ന് പറഞ്ഞുനടന്ന മാധവനുണ്ണിയുടെ ഭാര്യയായി ശോഭന അവതരിപ്പിച്ച ദേവി കയറിവന്നത് മുതല്‍ വല്ല്യേട്ടന്റെ സ്വഭാവം മനസിലാക്കേണ്ടതായിരുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Troll for scene in Mammootty starrer Movie Valliettan

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more