| Thursday, 26th March 2026, 9:20 pm

'അതുപോലൊരണ്ണം നിനക്കും വേണ്ടെടാ അച്ചുവേ'; ആട് 3 ക്ക് പിന്നാലെ മമ്മൂട്ടിക്ക് ട്രോളുമായി സോഷ്യല്‍ മീഡിയ

അശ്വിന്‍ രാജേന്ദ്രന്‍

ആദ്യ കാലങ്ങളില്‍ എത്ര ദിവസം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു എന്നതില്‍ നിന്നും മാറി എത്ര കോടി രൂപ ചിത്രത്തിന് കളക്ഷനായി ലഭിച്ചു എന്നതാണ് ഇന്ന് സിനിമകളുടെ വിജയം അളക്കാനായി ഉപയോഗിക്കുന്ന രീതി. മറ്റ് ഭാഷയിലെ ഇന്റസ്ട്രികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ താരതമേന്യ ചെറിയ ബോക്‌സ് ഓഫീസ് മാര്‍ക്കറ്റാണ് മലയാളത്തിലേത്. എന്നിരുന്നാലും ചിത്രത്തിന്റെ ബഡ്ജറ്റും ലഭിക്കുന്ന കളക്ഷനും തമ്മിലുള്ള അനുപാതം വെച്ച് വലിയ വിജയമാണ് തിയേറ്ററുകളില്‍ നിന്നും മലയാള സിനിമ സ്വന്തമാക്കാറുള്ളത്. 20 കോടിക്ക് താഴെ ബഡ്ജറ്റില്‍ നിര്‍മിച്ച് തിയേറ്ററുകളില്‍ നിന്നും 240 കോടിയിലധികം സ്വന്തമാക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് ഇതിന് ഉദാഹരണമാണ്.

പുലിമുരുകന്‍. Photo: Jio Hotstar

ഇത്തരത്തില്‍ മലയാള ചിത്രങ്ങളുടെ വിജയനേട്ടം അളക്കാനുള്ള ബെഞ്ച് മാര്‍ക്കായിട്ടാണ് നൂറ് കോടി, ഇരുനൂറ് കോടി തുടങ്ങിയ ക്ലബ്ബുകള്‍ മലയാളത്തില്‍ രൂപപ്പെട്ടത്. 2016 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനാണ് ഈ ക്ലബ്ബില്‍ ഇടം പിടിക്കുന്ന ആദ്യ മലയാള ചിത്രം. പിന്നാലെ താരത്തിന്റെ ലൂസിഫറും മറ്റ് ഒട്ടനവധി ചിത്രങ്ങളും ഇടം പിടിച്ച ക്ലബ്ബിലേക്ക് പുതിയ എന്‍ട്രിയായിരിക്കുന്നത് ജയസൂര്യ ചിത്രം ആട് 3 യാണ്.

ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച്ചക്കുള്ളില്‍ ക്ലബ്ബില്‍ ഇടംപിടിച്ചതോടെ ഇപ്പോള്‍ സിനിമാ പേജുകളില്‍ ചര്‍ച്ചയായിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയാണ്. ഉണ്ണി മുകുന്ദനും കല്ല്യാണി പ്രിയദര്‍ശനുമടക്കം മലയാളത്തിലെ യുവതാരങ്ങള്‍ ഇടംപിടിച്ച ലിസ്റ്റിലേക്ക് മമ്മൂട്ടിക്ക് കയറിപറ്റാന്‍ കഴിയാത്തതാണ് പ്രേക്ഷകര്‍ ട്രോളാക്കി മാറ്റിയിരിക്കുന്നത്. താരത്തിന്റെ അണ്ണന്‍ തമ്പി എന്ന സിനിമയിലെ ‘അതുപോലൊരണ്ണം നിനക്കും വേണ്ടെടാ അച്ചുവേ’എന്ന ഡയലോഗും മീമും ഉപയോഗിച്ചാണ് ട്രോളുകള്‍ ഭൂരിഭാഗവും.

മമ്മൂട്ടി. Photo: X.com

അതേസമയം മലയാളത്തിന്റെ അഭിമാനമായി മാറിയ താരമാണ് മമ്മൂട്ടിയെന്നും ഭ്രമയുഗവും കളങ്കാവലും പോലെ ലോകോത്തര നിലവാരമുള്ള ചിത്രങ്ങളും പ്രകടനവും കാഴ്ച്ചവെച്ച നടന്റെ വിജയം അളക്കേണ്ടത് കോടിയിലൂടെയല്ലെന്നാണ് ആരാധകരുടെ വാദം. ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്ത താരത്തിനൊപ്പം എത്തിപ്പിടിക്കാന്‍ മറ്റൊരു നടനും സാധിക്കില്ലെന്നും പലരും ഓര്‍മപെടുത്തുന്നു.

മലയാളത്തില്‍ നൂറ് കോടി ക്ലബ്ബില്‍ സ്ഥാനം പിടിച്ച ചിത്രങ്ങള്‍

പുലിമുരുകന്‍
ലൂസിഫര്‍
2018
മഞ്ഞുമ്മല്‍ ബോയ്‌സ്
പ്രേമലു
ഗോട്ട് ലൈഫ്
ആവേശം
എ.ആര്‍.എം
മാര്‍ക്കോ
എമ്പുരാന്‍
ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര
സര്‍വ്വം മായ
ആട് 3*

Content Highlight: Troll For Mammootty for not getting 100 crore gross movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more