| Sunday, 7th June 2026, 4:15 pm

ഫുട്‌ബോള്‍ എന്റ ജീവനാണ്, അതില്ലെങ്കില്‍ ഞാനില്ല; ട്രോളന്മാര്‍ കുത്തിപൊക്കി മാധവ് സുരേഷിന്റെ പഴയ വീഡിയോ

അശ്വിന്‍ രാജേന്ദ്രന്‍

അഭിനയിച്ച ചിത്രങ്ങളെക്കാള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകളിലൂടെ ശ്രദ്ധേയനായ താരപുത്രനാണ് മാധവ് സുരേഷ്. 2024ല്‍ പുറത്തിറങ്ങിയ കുമ്മാട്ടിക്കളി എന്ന ചിത്രത്തിലെ രംഗങ്ങളായിരുന്നു താരത്തെ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്. ചിത്രത്തിലെ ‘എന്തിനാടാ കൊന്നിട്ട്, നമ്മള്‍ അനാഥരാണ് ഗുണ്ടകളല്ല’ എന്ന ഡയലോഗ് ഡെലിവെറിയിലൂടെ താരത്തെ ട്രോളന്മാര്‍ ഏറ്റെടുക്കുകയായിരുന്നു.

ഓണ്‍സ്‌ക്രീനിന് പുറമെ ഓഫ് സ്‌ക്രീനിലും താരത്തിന്റെ പ്രസ്താവനകള്‍ വലിയ രീതിയില്‍ പരിഹസിക്കപ്പെടാറുണ്ട്. ഗോകുല്‍ സുരേഷും ഷൈന്‍ ടോം ചാക്കോയും പ്രധാനവേഷത്തിലെത്തി കഴിഞ്ഞ മാസം റിലീസ് ചെയ്ത ചിത്രമായിരുന്നു അങ്കം അട്ടഹാസം. കാണാന്‍ ആളില്ലാതെ ചിത്രം തിയേറ്ററില്‍ നിന്നും വാഷൗട്ടായി പോയെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് മാധവ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

മാധവ് സുരേഷ്. Photo: X.com

ചിത്രത്തെ ഡിഗ്രേഡ് ചെയ്യാന്‍ യൂട്യൂബര്‍ അശ്വന്ത് കോക്ക് ചിത്രത്തിന്റെ നിര്‍മാതാവിനോട് പണം ആവശ്യപ്പെട്ടു എന്ന് യാതൊരു തെളിവുകളുമില്ലാതെ വാര്‍ത്താ ചാനലിലൂടെ മാധവ് ആരോപണമുന്നയിക്കുകയും അതിന് രൂക്ഷമായ മറുപടിയുമായി അശ്വന്ത് രംഗത്തെത്തുകയും ചെയ്തതോടെ മാധവ് വീണ്ടും ‘എയറില്‍’കയറുകയായിരുന്നു. ഇതിന് ശേഷവും താരത്തെ ട്രോളന്മാര്‍ വിടാതെ പിന്തുടരുന്ന കാഴ്ചയ്ക്കാണ് സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിച്ചത്.

മാധവിന്റെ ചെറിയ പ്രായത്തില്‍ അച്ഛന്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം പങ്കെടുത്ത ഒരു സ്‌പോര്‍ട്‌സ് പ്രോഗ്രാമില്‍ ഭാവിയില്‍ തനിക്ക് ആരാകണമെന്ന് മാധവ് പറയുന്ന ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഫുട്‌ബോള്‍ തന്റെ ജീവനാണെന്നും അതില്ലെങ്കില്‍ താനില്ല എന്നുമാണ് അഭിമുഖത്തില്‍ മാധവ് പറയുന്നത്. ഇതോടൊപ്പം 2026ല്‍ ഇന്ത്യ ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് നേടുമ്പോള്‍ അതില്‍ ഒരാള്‍ മാധാവായിരിക്കുമെന്ന് അച്ഛന്‍ സുരേഷ് ഗോപിയും താരത്തെ കുറിച്ച് പറയുന്നുണ്ട്.

മാധവ് സുരേഷ്. Photo: X.com

ഇപ്പോഴിതാ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താരത്തെ കമന്റുകളിട്ട് ട്രോളുകയാണ് ആരാധകര്‍. മാധവ് പറഞ്ഞ പോലെ ഇന്ത്യയ്ക്ക് വേള്‍ഡ് കപ്പ് കിട്ടിയില്ലെങ്കിലും 2026ല്‍ താരത്തിന് അശ്വന്ത് കോക്കിന്റെ കൈയില്‍ നിന്നും കപ്പ് കിട്ടിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചെറിയ പ്രായത്തില്‍ താരം അഭിപ്രായം അറിയിച്ചപ്പോള്‍ തന്നെ മാധവിനെ സുരേഷ് ഗോപി ഫുട്‌ബോളിനായി വിട്ടുനല്‍കണമായിരുന്നുവെന്നും അങ്ങനെ ചെയ്തിരുന്നെങ്കില്‍ മലയാളികള്‍ക്ക് താരത്തിന്‍രെ അഭിനയം സഹിക്കേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Troll for Madhav Suresh’s old video where he talks about football

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more