| Wednesday, 20th May 2026, 5:04 pm

കരിപ്പൊടി യൂണിവേഴ്‌സ് ഇനി എത്ര കാലം; ഡ്രാഗണ്‍ ഗ്ലിമ്പ്‌സിന് പിന്നാലെ വിമര്‍ശനവുമായി സിനിമാലോകം

അശ്വിന്‍ രാജേന്ദ്രന്‍

തങ്ങളുടെതായ ലോകത്ത് മാത്രം ഒതുങ്ങിക്കൂടി സൗത്ത് ഇന്ത്യയിലെ സിനിമാ ഇന്‍ഡസ്ട്രികളില്‍ പിന്നാക്കം നിന്നിരുന്ന സിനിമാ മേഖലായിരുന്നു സാന്‍ഡല്‍വുഡ് എന്നറിയപ്പെടുന്ന കന്നട ഫിലിം ഇന്‍ഡസ്ട്രി. എന്നാല്‍ തങ്ങളുടെ പൊട്ടന്‍ഷ്യല്‍ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് ചാപ്റ്റര്‍ വണ്‍ തിയേറ്ററുകളിലേക്കെത്തിയത്. ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് മൊത്തം സിഗ്നല്‍ നല്‍കിയ ചിത്രം അതിന്റെ രണ്ടാം ഭാഗത്തിലൂടെ 1250 കോടിയിലധികം നേടിക്കൊണ്ടാണ് വരവറിയിച്ചത്.

ഡ്രാഗണ്‍. Photo: 123telugu.com

ചിത്രത്തിലൂടെ ഇന്ത്യയിലെ തന്നെ മുന്‍നിര സംവിധായകര്‍ക്കിടയിലേക്ക് ഇടംപിടിക്കാന്‍ സംവിധായകന്‍ പ്രശാന്ത് നീലിന് സാധിച്ചിരുന്നു. പ്രഭാസിനെയും മലയാളി താരം പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി 2023ല്‍ പുറത്തിറക്കിയ സലാറും തിയേറ്ററുകളില്‍ വിജയമാക്കി മാറ്റാന്‍ സംവിധായകന് സാധിച്ചിരുന്നു. ഇതിന് ശേഷം ഇന്ത്യന്‍ സിനിമയൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി കൊണ്ട് പ്രശാന്ത് ഒരുക്കുന്ന ഡ്രാഗണ്‍. കഴിഞ്ഞ ദിവസം നായകന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് വീഡിയോ പ്രശാന്തിന്റെ സ്ഥിരം സ്റ്റൈലിലുള്ള ചിത്രം തന്നെയായിരിക്കും ഡ്രാഗണുമെന്ന് സൂചന നല്‍കിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സംവിധായകന്റെ മാസ്റ്റര്‍ പീസ് ഐറ്റമായ കെ.ജി.എഫിലെ പോലെ തന്നെ ഒരേ പാറ്റേണിലുള്ള കഥ പറച്ചിലും സെറ്റിങ്ങുമാണ് ചിത്രത്തിനുള്ളതെന്നതാണ് പ്രേക്ഷകരുടെ വിമര്‍ശനം. കെ.ജി,എഫിലെ പോലെ തന്നെ കരിപൊടി യൂണിവേഴ്‌സാണ് ഡ്രാഗണുമെന്നാണ് പലരും വിമര്‍ശിക്കുന്നത്. ഇരുണ്ട രീതിയിലും പശ്ചാത്തലത്തിലുമാണ് നായകനെയും കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നതെന്നും എല്ലാ ചിത്രങ്ങളും ഒരേ പാറ്റേണില്‍ വരുമ്പോള്‍ പ്രേക്ഷകന് മടുപ്പ് തോന്നുമെന്നും പലരും അഭിപ്രായപ്പെടുന്നു.

മാത്രമല്ല കെ.ജി.എഫിലേതിന് സമാനമായാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതെന്നതും ഡയലോഗ് ഡെലിവറിയിലും അവതരണ രീതിയിലുമെല്ലാം കെ.ജി.എഫിലെയും സലാറിലെയും റിപ്പീറ്റേഷനാണെന്നും സിനിമാ പേജുകള്‍ ചൂണ്ടിക്കാണിക്കുന്നു. കരിപ്പൊടി യൂണിവേഴ്‌സിന് ഒരു അന്ത്യം കുറിക്കാന്‍ സമയമായെന്നും ഒരേ പാറ്റേണ്‍ തന്നെ തുടര്‍ന്ന് പോയാല്‍ എത്ര നല്ല തിരക്കഥയായാലും പ്രേക്ഷകരില്‍ സ്വാധീനം സൃഷ്ടിക്കാന്‍ ചിത്രത്തിന് കഴിയില്ലെന്നും കമന്റുകളുണ്ട്.

ഡ്രാഗണ്‍. Photo: X.com

ആര്‍.ആര്‍.ആര്‍. എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം സ്വന്തമാക്കിയ ജൂനിയര്‍ എന്‍.ടി.ആറിന്റെ കരിയറില്‍ ഏറെ നിര്‍ണായകമായ ചിത്രമാണ് ഡ്രാഗണ്‍. താരത്തിന്റെതായി പുറത്തിറങ്ങിയ ദേവരയ്ക്ക് കാര്യമായി ഓളം സൃഷ്ടിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ ആരാധകര്‍ നോക്കിക്കാണുന്നത്.

Content Highlight: Troll for jr NTR new movie directed by Prashanath Neel saying it as black powder universe

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more