| Monday, 18th May 2026, 10:15 pm

ദേവരയില്‍ നിന്നും ഡ്രെസ് പോലും മാറ്റാതെ നേരെ വന്ന് പെഡ്ഡിയിലഭിനയിച്ചു; ട്രെയ്‌ലറിന് പിന്നാലെ ജാന്‍വി കപൂറിന് ട്രോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ആര്‍.ആര്‍ എന്ന രാജമൗലി ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡത്തിലേക്കുയര്‍ന്ന രാംചരണിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പെഡ്ഡി. ആര്‍.ആര്‍.ആര്‍ സൂപ്പര്‍ വിജയമായെങ്കിലും പിന്നാലെ ഷങ്കറിനൊപ്പം രാംചരണ്‍ ചെയ്ത ഗെയിം ചേഞ്ചര്‍ തിയേറ്ററുകളില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഏറെ പ്രതീക്ഷയോടെയാണ് സ്‌പോര്‍ട് ആക്ഷന്‍ ഴോണറിലൊരുക്കിയ പെഡ്ഡി ജൂണ്‍ നാലിന് തിയേറ്ററുകളിലേക്കെത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെതായി പുറത്തുവന്ന ട്രെയ്‌ലറാണ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ക്രിക്കറ്റിലും ഗുസ്തിയിലും ഓട്ടത്തിലും ഒരുപോലെ ചാമ്പ്യനായ പെഡ്ഡി പെഹല്‍വാനായിട്ടാണ് ചിത്രത്തില്‍ രാം ചരണ്‍ വേഷമിടുന്നതെന്ന് കാണാം. ഒരു അത്‌ലറ്റായിട്ടുള്ള താരത്തിന്റെ മേക്കോവറിനും ബോഡി ട്രാന്‍സ്‌ഫോമേഷനും വലിയ പ്രശംസയാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Peddi. Photo: District

എന്നാല്‍ പെഡ്ഡിയില്‍ നായികയായെത്തുന്ന ജാന്‍വി കപൂറിന് ലഭിക്കുന്ന ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ആന്ധ്രപ്രദേശിലെ ഒരു ഗ്രാമപ്രദേശത്ത് നടക്കുന്ന കഥയില്‍ യാതൊരു സാമ്യവുമില്ലാത്ത കഥാപാത്രമായാണ് ജാന്‍വി കപൂറെത്തുന്നതെന്നാണ് വിമര്‍ശനങ്ങളുടെ പ്രധാന കാരണം. പുറത്തു വന്ന ട്രെയ്‌ലറിലുടനീളം മിസ്‌കാസ്റ്റായി ഫീല്‍ ചെയ്തത് ജാന്‍വി കപൂറിനെയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ജൂനിയര്‍ എന്‍.ടി.ആര്‍ നായകനായി കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തി പരാജയമായ ദേവര എന്ന ചിത്രത്തില്‍ ജാന്‍വി അവതരിപ്പിച്ച തങ്കം എന്ന കഥാപാത്രവുമായി പെഡ്ഡിയിലെ കഥാപാത്രത്തിന് യാതൊരു വ്യത്യാസവുമില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ താരം ഉപയോഗിച്ച വസ്ത്രങ്ങളടക്കം അതേ പടി പെഡ്ഡിയിലും ഉപയോഗിച്ചിട്ടുണ്ടെന്നും വെറും ഗ്ലാമറസ് ഷോയ്ക്ക് വേണ്ടിയാണ് താരം ചിത്രത്തിലുള്ളതെന്നും പലരും അഭിപ്രായപ്പെടുന്നു.

ദേവരയില്‍ ജാന്‍വി കപൂര്‍. Photo: Filmibeat

അതേസമയം ആര്‍.ആര്‍.ആറിലൂടെ ഇന്ത്യ മൊത്തത്തില്‍ ശ്രദ്ധിക്കപ്പെട്ട ജൂനിയര്‍ എന്‍.ടി.ആറിന് ജാന്‍വി ഒരു പരാജയം സമ്മാനിച്ചുവെന്നും അടുത്തത് രാംചരണിന്റെ ഊഴമാണെന്നും പരിഹസിക്കുന്നവരുണ്ട്. ബിഗ് ബഡ്ജറ്റിലെത്തുന്ന ചിത്രങ്ങളുടെ ഹൈപ്പ് കൂട്ടാന്‍ വേണ്ടി മാത്രം ബോളിവുഡ് താരങ്ങളെ ചിത്രത്തില്‍ കാസ്റ്റ് ചെയ്യരുതെന്നും കഥയ്ക്ക് അനുയോജ്യരായ അഭിനേതാക്കളെ ഇത്തരം വേഷങ്ങളിലേക്ക് പരിഗണിക്കണമെന്നും സംവിധായകന് നിര്‍ദേശം നല്‍കുന്നവരെയും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും.

Content Highlight: Troll for Jhanvi  Kapoor after Peddi trailer

We use cookies to give you the best possible experience. Learn more