| Sunday, 24th May 2026, 6:38 pm

ഭരതനാട്യം മരിച്ചു, അനന്യ പാണ്ഡെ കൊന്നു; താരത്തിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

അശ്വിന്‍ രാജേന്ദ്രന്‍

2019ല്‍ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2 എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച ഹിന്ദി നടിയാണ് അനന്യ പാണ്ഡെ. പിന്നീട് ഡ്രീം ഗേള്‍ 2, ഗെഹരിയാന്‍, ഖോ ഗയേ ഹം കഹാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ട്രോളന്മാരുടെ ഇരയുമാണ്. നെപ്പോട്ടിസത്തിന്റെ പ്രൊഡക്ടാണ് താരമെന്നും യാതൊരു മെറിറ്റുമില്ലാതെയാണ് താരം ഹോളിവുഡിലേക്കെത്തിയത് എന്നും ആരോപിച്ച് കൊണ്ടായിരുന്നു താരത്തിന് ലഭിക്കുന്ന ട്രോളുകളില്‍ ഭൂരിഭാഗവും.

അനന്യ പാണ്ഡെ. Photo: Hauterfly

ഹോളിവുഡിലെ മുന്‍നിര താരമായ ചങ്കി പാണ്ഡെയുടെ മകളായ അനന്യ പാണ്ഡെ ഇരുപതിലധികം ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ടങ്കിലും ഇതില്‍ ഭൂരിഭാഗവും ട്രോളന്മാരുടെ വാളിന് ഇരയായിരുന്നു. ഇപ്പോഴിതാ ഈ കൂട്ടത്തിലേക്ക് പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. മെയ് 22ന് തിയേറ്ററുകളിലെത്തിയ ചന്ദ് മേരാ ദില്ലിലെ ചാന്ദിനി എന്ന കഥാപാത്രത്തിന് വേണ്ടിയുള്ള താരത്തിന്റ പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

ചിത്രം കാണാനെത്തിയ പ്രേക്ഷകന്‍ പകര്‍ത്തിയ ഒരു രംഗമാണ് ട്രോളുകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. സീനില്‍ ഒരു വേദിയില്‍ ക്ലാസിക്കല്‍ ഡാന്‍സിന്റെ കോസ്റ്റിയൂമില്‍ നൃത്തം ചെയ്യുന്ന അനന്യയുടെ കഥാപാത്രത്തിന്റെ ചേഷ്ഠകളാണ് ചിരി പടര്‍ത്തുന്നത്. ക്ലാസിക്കല്‍ ഡാന്‍സിനൊപ്പം മറ്റേതോ ഒരു ഡാന്‍സ് ഫോം കൂടെ ചേര്‍ത്ത് നൃത്തം ചെയ്യുന്ന താരം ഭരതനാട്യത്തെ കൊന്നു എന്നാണ് ട്രോളന്മാരുടെ പക്ഷം.

ചന്ദ് മേരാ ദില്‍. Photo: TOI

200 ബി.സി.ഇയിലുണ്ടായ ഭരതനാട്യത്തിന് 2026 ല്‍ അനന്യ പാണ്ഡെയിലൂടെ അന്ത്യം കുറിച്ചിരിക്കുകയാണെന്ന് പരിഹസിച്ച് കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ വീഡിയോ പ്രത്യക്ഷപ്പെടുന്നത്. യാതൊരു വിധത്തിലും ആസ്വാദകരമല്ലാത്ത സ്റ്റെപ്പ് എങ്ങനെയാണ് താരം കണ്ടുപിടിച്ചതന്നാണ് പലരും ആശ്ചര്യപ്പെടുന്നത്. അതേസമയം നൃത്തം അവസാനിക്കുമ്പോള്‍ സിനിമയില്‍ എല്ലാവരും കൈയടിക്കുന്നത് കാണാന്‍ സാധിക്കും. ഇത് അനന്യ അവതരിപ്പിച്ച ചാന്ദിനിയുടെ കഥാപാത്രത്തെ അഭിനന്ദിച്ചുകൊണ്ട് ആയിരിക്കില്ലെന്നും പകരം എങ്ങനെയെങ്കിലും ഈ പരിപാടി അവസാനിപ്പിച്ചതിനാലാവണം എന്നും പലരും കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്.

Content Highlight: Troll for Ananya panday for her performance in her latest movie Chand mera Dil

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more