തമിഴകത്ത് മാത്രമല്ല സൗത്ത് ഇന്ത്യയിലാകെ വന്‍ ആരാധക പിന്തുണയുള്ള താരമാണ് ദളപതിയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നടന്‍ വിജയ്. എന്നാല്‍ കോളിവുഡില്‍ തനിക്ക് വട്ടം വെക്കാന്‍ ആരുമില്ലാത്തത്ര പീക്കില്‍ നില്‍ക്കുന്ന സമയത്താണ് സിനിമാജീവിതം അവസാനിപ്പിച്ച് താരം രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചത്. എം.ജി.ആര്‍, ജയലളിത തുടങ്ങി സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി സംസ്ഥാനത്തെ കൈപ്പിടിയിലൊതുക്കിയവരുടെ കൂട്ടത്തിലേക്കാണ് വിജയ്‌യുടെയും യാത്ര.
വിജയ് പ്രസംഗത്തിനിടെ. Photo: screen grab/ Mahesh peringanad/ facebook.com
എന്നാല്‍ വന്‍ വിവാദങ്ങളാണ് ഒന്നിന് പുറകെ മറ്റൊന്നായി രാഷ്ട്രീയ പ്രവേശനത്തോടെ വിജയ്‌യെ തേടിയെത്തിയത്. തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തിനിടെ കരൂരിലുണ്ടായ ദുരന്തത്തില്‍ നാല്‍പതിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പിന്നീട് താരത്തിന്റെ കരിയറിലെ അവസാന ചിത്രം ജന നായകന്റെ പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ് തടഞ്ഞതും പുലി എന്ന ചിത്രവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പുമായി ഉണ്ടായ വിഷയങ്ങളടക്കം വലിയ സമ്മര്‍ദം താരത്തിനു നേരെ ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇപ്പോഴിതാ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വിജയ് ഒരു രാഷ്ട്രീയ സമ്മേളനത്തിനിടെ നടത്തിയ പ്രസംഗമാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. അഭിനയത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്കെത്തിയ ഒരാള്‍ക്ക് വേണ്ട എല്ലാ ഗുണഗണങ്ങളോടെയുമാണ് വിജയ് തന്റെ പ്രസംഗം നടത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന വീഡിയോയില്‍ വളരെയധികം വൈകാരികമായി സംസാരിക്കുന്ന വിജയ്‌യെ കാണാന്‍ സാധിക്കും. കൈ മുഷ്ഠി ചുരുട്ടി തന്റെ മുഴുവന്‍ ശബ്ദവും പുറത്തെടുത്ത് ‘സെന്‍സിറ്റീവാനാ സെന്റിമെന്റ്’ അത് എന്ന് പറയുന്ന വീഡിയോയുടെ ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. താരത്തിന്റെ ശബ്ദം ഉയരുന്നതിനൊപ്പം ഒരു ആക്ഷന്‍ ചിത്രം കാണുന്ന പ്രതീതിയോടെ കാണികളുടെ ശബ്ദം ഉയരുന്നതും വീഡിയോയില്‍ കാണാം. എന്താണ് നേതാവ് പറയുന്നത് എന്നതിലുപരി വിജയ്‌യുടെ സൗണ്ട് മോഡുലേഷനും മാസ് ഡയലോഗുകള്‍ക്കും വേണ്ടിയാണ് കാണികള്‍ കാത്തിരിക്കുന്നത്.
വിജയ്‌യും കാണികളും പ്രസംഗത്തിനിടെ. Photo: screen grab/ Mahesh Peringanad/ facebook.com
എന്നാല്‍ പ്രസംഗത്തിലെ ഹൈലൈറ്റ് ഭാഗം വരുന്നത് അത്രയും നേരം വൈകാരികമായി സംസാരിച്ചതിന് മുന്നിലുള്ളവരോട് ക്ഷമ ചോദിക്കുന്ന ഘട്ടത്തിലാണ്. മറ്റെന്തോ പറയാന്‍ തുടങ്ങുന്നതിന് മുമ്പ് ഇടയില്‍ വെച്ച് കൈയുയര്‍ത്തി സോറി എന്ന് പറയുന്നതും ശേഷം അരയില്‍ കൈ വെച്ച് അല്പ നേരം താഴേക്ക് നോക്കി നില്‍ക്കുന്നതുമാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. പറഞ്ഞു പഠിപ്പിച്ചത് പോലെയുണ്ടെന്നായിരുന്നു രംഗം കണ്ടതിന് ശേഷം പലരുടെയും അഭിപ്രായം. ഈ അഭിനയം സിനിമയില്‍ കാണിച്ചില്ലല്ലോയെന്നും ഓണ്‍സ്‌ക്രീനിലെക്കാള്‍ നന്നായി ഓഫ് സ്‌ക്രീനിലഭിനയിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് വിജയ് എന്നും തുടങ്ങി ഒട്ടനവധി കമന്റുകളാണ് വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.
ഇത്രയും കഷ്ടപ്പെട്ട് ഒരാള്‍ ഇമോഷണലായി സംസാരിക്കുമ്പോള്‍ സദസിലിരുന്ന് വിസിലടിക്കുന്ന ആരാധകരെയും പാര്‍ട്ടി പ്രവര്‍ത്തകരെയുമാണ് താരത്തിന് ലഭിച്ചത് തുടങ്ങിയ കമന്റുകളും കാണാം. ടി.വി.കെ യുടെ ഔദ്യോഗിക ചിഹ്നമാണ് വിസില്‍. പ്രസംഗത്തിന്റെ അവസാന ഭാഗത്തില്‍ തനിക്ക് ഇവിടെ നിന്നും ചെന്നൈ വരെ നാല് മണിക്കൂര്‍ റോഡ് മാര്‍ഗം യാത്ര ചെയ്ത് പോകണമെന്നും അതുകൊണ്ട് ദയവ് ചെയ്ത് വാഹനത്തിന് പിന്നാലെ പിന്തുടര്‍ന്ന് വന്ന് അപകടമുണ്ടാക്കരുതെന്നും കൈകൂപ്പി പറയുന്ന വിജയ് യുടെ ദയനീയാവസ്ഥയും കാണാം.
നേരത്തേ നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രിയായ സ്റ്റാലിന്‍ വീട്ടമ്മമാര്‍ക്ക് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൊങ്കലിന് പണം നല്‍കിയതിനെ വിജയ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ സ്റ്റാലിന്‍ നല്‍കിയ പണം വാങ്ങിയതിന് തന്റെ അമ്മയെ അടിച്ചിട്ടാണ് താന്‍ വന്നിരിക്കുന്നതെന്ന് പറഞ്ഞ വിജയ് ആരാധകന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Content Highlight: Troll against Vijay’s election campaign speech
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ