| Tuesday, 24th February 2026, 8:02 am

അല്ലുവിന്റെതും വിജയ്‌യുടെതും മോശം പടങ്ങള്‍; പൃഥ്വിരാജിന്റെ പഴയ അഭിമുഖത്തെ വിടാതെ പിന്തുടര്‍ന്ന് സോഷ്യല്‍ മീഡിയ

അശ്വിന്‍ രാജേന്ദ്രന്‍

മലയാള താരങ്ങളെ പോലെ തന്നെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന അന്യഭാഷ താരങ്ങളാണ് തമിഴിലെ ദളപപതി വിജയ്‌യും മല്ലു അര്‍ജുന്‍ എന്നറിയപ്പെടുന്ന തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനും. പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ എന്ന ആശയം ഇന്ത്യന്‍ സിനിമാ മേഖലയില്‍ പ്രാവര്‍ത്തികമാകുന്നതിന് വര്‍ഷങ്ങള്‍ മുമ്പ് തന്നെ കേരള ബോക്‌സ് ഓഫീസില്‍ വലിയ സ്വാധീനമാണ് ഇരുവരുടെയും ചിത്രങ്ങള്‍ സൃഷ്ടിച്ചത്. അല്ലു അര്‍ജുന്റെ മൊഴിമാറ്റ ചിത്രങ്ങള്‍ക്കും ഇതിലെ ഗാനങ്ങള്‍ക്കും ലഭിച്ച സ്വീകാര്യത എടുത്തുപറയേണ്ട ഒന്നാണ്.

അല്ലുവും പൃഥ്വിയും ഫിലിം ഫെയറില്‍. Photo: Allu Babloo AADHF/ X.com

മലയാളത്തിലെ സൂപ്പര്‍ താരം പൃഥ്വിരാജ് തന്റെ കരിയറിന്റെ തുടക്കകാലത്ത് ഇരുവരെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കരിയറിന്റെ ആരംഭത്തില്‍ തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയില്‍ താനെവിടെയായിരിക്കും എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടോടെ സംസാരിക്കുന്ന താരത്തിന്റെ അഭിമുഖങ്ങള്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ അന്യഭാഷ താരങ്ങളെക്കുറിച്ച് പറയുന്ന ഈ വീഡിയോക്ക് വലിയ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വരുന്നത്.

‘അല്ലു അര്‍ജുന്‍ പടവും വിജയ് പടവും, ഞാന്‍ തുറന്ന് സംസാരിക്കാം വളരെ മോശമായിട്ടുള്ള ഏസ്‌തെറ്റിക്‌സും ഒരു തരത്തിലും നമുക്ക് നല്ല കഥയെന്നോ നല്ല സിനിമയെന്നോ തോന്നിക്കുന്ന ഒന്നും തന്നെ ഇല്ലാത്ത അത്തരം സിനിമകള്‍ നാലുകോടി രൂപക്കും മൂന്നേമുക്കാല്‍ കോടി രൂപക്കും ഒരു വിതരണക്കാരന് ഇവിടെ എടുക്കാനുള്ള ധൈര്യം കൊടുക്കുന്നത് നമ്മളാണ്. ആ സിനിമയില്‍ കുറെ പാട്ടും ഡാന്‍സും ഉണ്ടായാല്‍ മതി നമ്മള്‍ തിയേറ്ററില്‍ പോയി കണ്ടോളാം എന്ന് നമ്മളാണ് ധൈര്യം കൊടുക്കുന്നത്. അത് മാറ്റണം,’ പൃഥ്വിരാജ് പറയുന്നു.

ഒരന്യഭാഷ ചിത്രം നിര്‍മിക്കപ്പെട്ട് ഇവിടെ റിലീസാകുമ്പോള്‍ അതിനോട് കാണക്കുന്ന അഭിനിവേശം, അതെങ്കിലും നമ്മള്‍ ഒരു മലയാള സിനിമയോട് കാണിച്ചാല്‍ നമ്മുടെ സിനിമയുടെ ഗതി കുറച്ച് കൂടെ മെച്ചപ്പെടുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന എഴുപതാമത് ഫിലിംഫെയര്‍ അവാര്‍ഡ്‌സില്‍ അല്ലു അര്‍ജുനും പൃഥ്വിയും ഹസ്തദാനം നല്‍കുന്ന വീഡിയോ പങ്കുവെച്ചാണ് പൃഥ്വിക്കെതിരെ ട്രോളുകള്‍ ഉയരുന്നത്.

ബണ്ണിയുടെയും ആദിയുടെയും പോസ്റ്റര്‍. Photo: Amazon.in/ Flickr

പേജുകളില്‍ നിന്ന് ട്രോളുകള്‍ ഉയരുമ്പോഴും പൃഥ്വിക്ക് പിന്തുണയറിയിച്ചാണ് പലരും കമന്റുകള്‍ പലരും രംഗത്തെത്തുന്നത്. അന്നത്തെക്കാലത്ത് പലര്‍ക്കും തോന്നിയ കാര്യമാണിതെന്നും പൃഥ്വി ഇത് ധൈര്യത്തോടെ പറഞ്ഞുവെന്നും വീണ്ടും കുത്തിപൊക്കുന്നത് എന്തിനാണെന്നും പലരും ചോദിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ കാര്യമല്ലേയെന്നും അന്ന് മോഹന്‍ലാലിനും മമ്മൂട്ടിക്കും എതിരെ വരെ താരം പറഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ അതെല്ലാം മാറിയില്ലേ എന്നും പലരും ചോദിക്കുന്നു.

Content Highlight: troll against prithviraj’s old interview about Vijay and allu arjun

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more