മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട അഭിനേതാവാണ് മോഹന്‍ലാല്‍. നാലുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലനായി അരങ്ങേറ്റം കുറിച്ച താരം ഇന്ന് മലയാള സിനിമയിലെ നായകന്മാരുടെ നായകനാണ്. ബോക്‌സ് ഓഫീസ് പവറിന്റെ കാര്യത്തിലാകട്ടെ മലയാളത്തില്‍ തന്നെ തനിക്ക് വട്ടം വെക്കാനാരുമില്ലെന്നും താരം തെളിയിച്ചിരുന്നു. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഇപ്പോള്‍ നിറഞ്ഞിനില്‍ക്കുന്നത് താരമാണ്. വിദേശ രാജ്യങ്ങളിലെ ഷോകളിലും മറ്റുമുള്ള മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Photo: X.com
എന്നാല്‍ രസകരമായ മറ്റൊരു വിഷയത്തിലാണ് ഇപ്പോള്‍ മോഹന്‍ലാലിന്റെ പേര് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ ലോകകപ്പില്‍ നടന്ന അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തില്‍ അര്‍ജന്റീനയെ സപ്പോര്‍ട്ട് ചെയ്ത് കൊണ്ട് മോഹന്‍ലാല്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടതോടെയാണ് ട്രോളുകള്‍ക്ക് തുടക്കമാകുന്നത്. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനെ പിന്തുണച്ച് കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ കുത്തിപ്പൊക്കിയാണ് ട്രോളന്മാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ബ്രസീലിന് കിട്ടാതെ പോയ വേള്‍ഡ് കപ്പ് തന്റെ സ്വപ്‌നത്തില്‍ വരാറുണ്ടന്നും നെയ്മറും വിനീഷ്യസും ഉള്ളത് കൊണ്ട് ഇത്തവണ ബ്രസീലിന് വേള്‍ഡ് കപ്പ് കിട്ടുമെന്നുമായിരുന്നു ടീം പുറത്താകുന്നതിന് മുമ്പ് മോഹന്‍ലാല്‍ പറഞ്ഞത്. അതേ താരം ചിരവൈരികളായ അര്‍ജന്റീനയുടെ ജേഴ്‌സിയണിഞ്ഞ് ടീമിനെ സപ്പോര്‍ട്ട് ചെയ്തതാണ് പല ബ്രസീല്‍ ആരാധകരെയും ചൊടിപ്പിച്ചത്. കളി കാണാന്‍ പോയതിലല്ല, അര്‍ജന്റീനയുടെ ജേഴ്‌സിയണിഞ്ഞതിലാണ് തങ്ങളുടെ പ്രതിഷേധം എന്നറിയിച്ചുകൊണ്ടാണ് പലരും രംഗത്തെത്തുന്നത്. നിന്ന നില്‍പ്പില്‍ മറുകണ്ടം ചാടിയെന്നും ഓന്ത് നിറം മാറുന്നത് പോലെ മഞ്ഞ ജേഴ്‌സിയില്‍ നിന്നും നീല ജേഴ്‌സിയിലേക്ക് മാറിയെന്നും പറഞ്ഞുള്ള കമന്റുകളാല്‍ നിറയുകയാണ് സോഷ്യല്‍ മീഡിയയിലെ ഇത്തരം പോസ്റ്റുകള്‍.
Photo: X.com
അതേസമയം താരത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തുന്നവരും കുറവല്ല. ഒരു യഥാത്ഥ ഫുട്‌ബോള്‍ ആരാധകന്‍ എല്ലാ മത്സരങ്ങളും ആസ്വദിച്ച് കാണാന്‍ സാധിക്കുമെന്നും മലയാളത്തിന്റെ ‘ഗോട്ട്’ ഫുട്‌ബോളിന്റെ ‘ഗോട്ടി’നെ കാണാനെത്തിയത് സന്തോഷകരമായ കാര്യമാണെന്നും പലരും പറയുന്നു. മെസിയെ പോലെ ഒരു ഇതിഹാസ താരം കളിക്കുന്ന അവസാന ലോകകപ്പായിരിക്കും ഇതെന്നും താരത്തെ നേരില്‍ കാണാന്‍ സ്റ്റേഡിയത്തിലെത്തിയത് മോഹന്‍ലാല്‍ ചെയ്ത മികച്ച കാര്യമാണെന്നും പലരും അഭിപ്രായപ്പെടുന്നു.
Content Highlight: Troll against Mohanlal for supporting Argentina being Brazil fan