| Friday, 20th March 2026, 12:44 pm

199 രൂപ അധികമടച്ചാല്‍ മോദിയില്ലാത്ത ആഡ് ഫ്രീ വേര്‍ഷന്‍ കാണാം; ധുരന്ധര്‍ 2വിനെ ട്രോളി സോഷ്യല്‍ മീഡിയ

അശ്വിന്‍ രാജേന്ദ്രന്‍

ആറോളം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള വിലക്കും മറ്റ് ഭാഷകളില്‍ ഡബ്ബുമില്ലാതെ തിയേറ്ററുകളല്‍ നിന്നും 1400 കോടിയിലധികം നേടി വലിയ ഓളമുണ്ടാക്കിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ ധുരന്ധര്‍. പാകിസ്ഥാനിലേക്ക് ഇന്ത്യ അയക്കുന്ന ചാരന്റെ കഥ പറയുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആദ്യ ഭാഗത്തിന്റെ ഹൈപ്പ് കെട്ടടങ്ങുന്നതിന് മുമ്പ് തിയേറ്ററിലേക്കെത്തിക്കാന്‍ സാധിച്ചതും അണിയറപ്രവര്‍ത്തകരുടെ വിജയമായിരുന്നു.

ചിത്രത്തിന്റെ റിലീസിന് പിന്നാലെ വസ്തുതകളെ മറച്ചുവെച്ചുകൊണ്ട് മോദി ഗവണ്‍മെന്റിനെ പ്രശംസിക്കുന്ന തരത്തിലുള്ള ധുരന്ധറിലെ രംഗങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഹൈ വോള്‍ട്ട് സ്‌പൈ ആക്ഷന്‍ എന്റര്‍ടെയിനറിന്റെ ഇടയില്‍ ദേശീയ പുരസ്‌കാരം നേടിയെടുക്കാന്‍ ആദിത്യ ധര്‍ ചെയ്ത പൊടികൈയായി മാത്രമായാണ് പലരും ചിത്രത്തില്‍ മാധവന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്ന ചില ഡയലോഗുകളെ കണ്ടിരുന്നത്.

എന്നാല്‍ ആദ്യഭാഗത്തിന് പിന്നാലെയെത്തിയ രണ്ടാം ഭാഗത്തില്‍ പ്രൊപ്പഗണ്ടയുടെ അതിപ്രസരമായതോടെ റിലീസ് ചെയ്ത് രണ്ടാം ദിനം തന്നെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് ധുരന്ധര്‍ 2. തീവ്രവലതുപക്ഷ ആശയങ്ങളെ കണ്ണടച്ച് പ്രോത്സാഹിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്തുതി പാടുകയും ചെയ്യുന്ന പ്രൊപ്പഗണ്ടയായി മാത്രം ചിത്രം ഒതുങ്ങിപോയെന്നാണ് ധുരന്ധര്‍ 2 കണ്ടിറങ്ങിയവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

ധുരന്ധര്‍. Photo: ToI

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് കിട്ടിയ ഏറ്റവും വലിയ അടിയായ നോട്ട് നിരോധനത്തെ വെള്ള പൂശുന്നതാണ് ഇതില്‍ പ്രധാനപ്പെട്ട രംഗം. 2016 നവംബര്‍ എട്ടിന് അര്‍ധരാത്രിയില്‍ ആയിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ നിരോധിച്ചതോടെ കനത്ത തിരിച്ചടിയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് സംഭവിച്ചത്. കൈയ്യിലുണ്ടായിരുന്ന നോട്ട് മാറ്റിയെടുക്കാനായി രാജ്യത്തുടനീളം ബാങ്കുകള്‍ക്ക് മുമ്പില്‍ വരി നിന്ന് നൂറുകണക്കിനാളുകളായിരുന്നു കുഴഞ്ഞ് വീണ് മരിച്ചത്.

നടപടി വിഡ്ഢിത്തമാണെന്ന് വിമര്‍ശിച്ചുകൊണ്ട് രാജ്യത്തെ പല മുതിര്‍ന്ന എക്കണോമിസ്റ്റുകളും രംഗത്തെത്തുകയും ചെയ്തിരുന്നു. മാര്‍ക്കറ്റിലുണ്ടായിരുന്ന കറന്‍സികളുടെ ഭൂരിഭാഗവും തിരിച്ചെത്തിയെന്ന വസ്തുതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ വിമര്‍ശനം.

ഇതിന് പുറമെ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായ യോഗി ആദിത്യ നാഥിനെ പുകഴ്ത്തുന്നതും, കേരളത്തിലെ പി.എഫ്.ഐ പോലുള്ള നിരോധിത സംഘടനകള്‍ക്ക് പണം നല്‍കുന്നത് പാകിസ്ഥാനില്‍ നിന്നുമാണെന്നടക്കം ഒട്ടനവധി അജണ്ടകളാണ് ചിത്രത്തില്‍ പ്രത്യക്ഷമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Photo: Dool News

മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് അനുയോജ്യമായി ഒരു ചിത്രം നിര്‍മിക്കുന്നതിന് പകരം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ താത്പര്യങ്ങളെ പോഷിപ്പിക്കാന്‍ വേണ്ടി ധുരന്ധര്‍ 2 വളച്ചൊടിച്ചതിനെതിരെ വലിയ ട്രോളുകളാണ് ആദിത്യ ധറിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ടിക്കറ്റിന് പുറമെ 199 രൂപ അധികമടച്ചാല്‍ നരേന്ദ്ര മോദിയുടെയോ ബി.ജെ.പിയുടെയോ പരസ്യമില്ലാത്ത വേര്‍ഷന്‍ കാണാമെന്നാണ് ട്രോളുകളിലൊന്ന്. ഈ ഭാഗങ്ങളെല്ലാം കട്ട് ചെയ്ത് കളഞ്ഞാല്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം നാല്‍പ്പത് മിനുട്ട് കുറയുമെന്നും പോസ്റ്റിലുണ്ട്.

മോദിജിയെ പുകഴ്ത്തിയതിനാല്‍ അടുത്ത ദേശീയ അവാര്‍ഡിന് മറ്റൊരു ചിത്രവും മത്സരിക്കേണ്ടതില്ലെന്നും മുഴുവന്‍ അവാര്‍ഡും ധുരന്ധര്‍ 2 തൂത്തുവാരുമെന്നും പരിഹാസമുണ്ട്.

Content Highlight: Troll against Dhurandhar 2 for its propaganda

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more