| Saturday, 23rd August 2025, 7:10 am

തിരുമ്പി വന്തിട്ടെ ട്രിവാന്‍ഡ്രം; കൊല്ലത്തെ പരാജയപ്പെടുത്തിയത് നാല് വിക്കറ്റിന്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞദിവസം നടന്ന കെ.സി.എല്‍ മത്സരത്തില്‍ ആരീസ് കൊല്ലം സെയ്‌ലേഴ്‌സിനെപരാജയപ്പെടുത്തി ട്രിവാന്‍ഡ്രം റോയല്‍സ്. നാല് വിക്കറ്റിലാണ് ട്രിവാന്‍ഡ്രം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വിജയിച്ചു കയറിയത്.

മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സായിരുന്നു നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ട്രിവാന്‍ഡ്രം ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‌സ് നേടി 19ാം ഓവറില്‍ കളി അവസാനിപ്പിക്കുകയായിരുന്നു.

ആദ്യ മത്സരത്തിലേറ്റ വന്‍ തോല്‍വിയില്‍ നിന്നുള്ള മികച്ച തിരിച്ചു വരവായിരുന്നു ട്രിവാന്‍ഡ്രം സ്വന്തം നാട്ടില്‍ കാഴ്ചവെച്ചത്. നിലവില്‍ രണ്ടു മത്സരത്തില്‍ നിന്നും ഒരു വിജയവും ഒരു പരാജയവുമായി രണ്ടു പോയിന്റ് സ്വന്തമാക്കി നാലാം സ്ഥാനത്താണ് ട്രിവാന്‍ഡ്രം.

മത്സരത്തിലെ അവസാനഘട്ടത്തില്‍ അബ്ദുല്‍ ബാസിത്തിന്റേയും സജീവ് സതീഷിന്റെയും ചെറുത്തുനില്‍പ്പിലാണ് ട്രിവാന്‍ഡ്രം ലക്ഷ്യം ഭേദിച്ചത്. ബാസിത് 11 പന്തില്‍ രണ്ട് സിക്‌സറുകള്‍ അടക്കം 181.8 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 20 റണ്‍സ് നേടി. സജീവ് മൂന്ന് റണ്‍സിനും ക്രീസില്‍ നിന്നു.

മത്സരത്തില്‍ റിയാ ബഷീറിന്റെ മിന്നും പ്രകടനത്തിന്റെ മികവിലാണ് ട്രിവാന്‍ഡ്രം സ്‌കോര്‍ ഉയര്‍ത്തിയത്. 45 പന്തില്‍ രണ്ട് സിക്‌സറും ആറ് ഫോറും ഉള്‍പ്പെടെ 62 റണ്‍സ് ആണ് താരം നേടിയെടുത്തത്. മാത്രമല്ല ഓപ്പണറും ക്യാപ്റ്റനുമായ കൃഷ്ണപ്രസാദ് 12 പന്തില്‍ 24 റണ്‍സ് നേടി വെടിക്കെട്ട് തുടക്കമാണ് ടീമിന് നല്‍കിയത്.

കൂടാതെ ഡേവിഡ് പൈ (27 റണ്‍സ്), നിഖില്‍ എം. (26 റണ്‍സ്) എന്നിവരും ടീമിനു വേണ്ടി സംഭാവന ചെയ്തു. അതേസമയം കൊല്ലത്തിന് വേണ്ടി ബിജു നാരായണന്‍, അഖില്‍ എം.എസ്, എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വിജയ് വിശ്വനാഥ്, ഈഡന്‍ ആപ്പിള്‍ ടോം എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

കൊല്ലത്തിനു വേണ്ടി അഭിഷേക് നായര്‍ 53 റണ്‍സും വത്സല്‍ ഗോവിന്ദ് 63 റണ്‍സ് നേടി. മികവ് പുലര്‍ത്തി ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 10 റണ്‍സിനാണ് പുറത്തായത്. കൊല്ലത്തിന്റെ അഞ്ച് താരങ്ങളാണ് സിംഗിള്‍ ഡിജിറ്റിനാണ് പുറത്തായത്.

അതേസമയം ടൂര്‍ണമെന്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ആലപ്പി റിപ്പിള്‍സിനെ നേരിടും, 2.30നാണ് മത്സരം. വൈകിട്ട് 6.45 ന് തൃശൂര്‍ ടൈറ്റന്‍സും കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തമ്മിലാണ് മത്സരം.

Content Highlight: Trivandrum Royals defeat Kollam Strikers in KCL match

We use cookies to give you the best possible experience. Learn more