| Thursday, 28th May 2015, 8:00 am

ത്രിപുരയില്‍ അഫ്‌സ്പ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍തല: ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച സായുധ സേന പ്രത്യേക അധികാര നിയമം (അഫ്‌സ്പ) പിന്‍വലിക്കാന്‍ ത്രിപുരയിലെ സി.പി.ഐ.എം. സര്‍ക്കാര്‍ തീരുമാനിച്ചു.

മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സായുധ കലാപം നിയന്ത്രിക്കാന്‍ 18 വര്‍ഷമായി ത്രിപുരയില്‍ നിലനില്‍ക്കുന്ന നിയമമാണ് പിന്‍വലിക്കുന്നത്.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് ത്രിപുര ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അറിയിച്ചു.

“പ്രശ്‌നബാധിത മേഖലകളിലെ സാഹചര്യങ്ങള്‍ ഞങ്ങള്‍ എല്ലാ ആറുമാസം കൂടിമ്പോഴും പരിശോധിക്കുകയും സംസ്ഥാന പോലീസുമായും മറ്റ് സുരക്ഷാ സേനകളുമായും ചര്‍ച്ച ചെയ്യാറുമുണ്ട്.” മണിക് സര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍ ഈ നിയമത്തിന്റെ ആവശ്യകതയില്ലെന്ന നിര്‍ദേശമാണ് അവരില്‍ നിന്നു ലഭിച്ചത്. അഫ്‌സ്പ പിന്‍വലിക്കുന്നതായുള്ള തീരുമാനം സംബന്ധിച്ച് ഗസറ്റ് നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

1997 ഫെബ്രുവരി 16നാണ് ത്രിപുരയില്‍ അഫ്‌സ്പ നടപ്പിലാക്കിയത്. നിയമം കൊണ്ടുവരുന്ന സമയത്ത് ത്രിപുരയില്‍ 42 പോലീസ് സ്‌റ്റേഷനുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇതിന്റെ മൂന്നിലൊന്നും അഫ്‌സ്പ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഇടങ്ങളായിരുന്നെന്നും ത്രിപുര മുഖ്യമന്ത്രി വ്യക്തമാക്കി.

ത്രിപുരയില്‍ ഇപ്പോള്‍ 74 പോലീസ് സ്‌റ്റേഷനുകളുണ്ട്. ഇതില്‍ 26 പോലീസ് സ്‌റ്റേഷനുകള്‍ മുഴുവനായും നാലു സ്‌റ്റേഷനുകള്‍ ഭാഗികമായും ഈ നിയമത്തിന്റെ പരിധിയിലായിരുന്നെന്നും മണിക് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more