| Saturday, 4th October 2025, 2:30 pm

അത്ര അറിയപ്പെടാത്ത ആളല്ലാത്തതുകൊണ്ട് അന്ന് എനിക്ക് വലിയ പ്രഷറില്ലായിരുന്നു; ഇപ്പോഴും ആ സിനിമ സ്‌പെഷ്യലാണ്: തൃപ്തി ദിമ്രി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ ഭാഗമായ ലൈല മജ്‌നു എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടി തൃപ്തി ദിമ്രി. സാജിദ് അലിയുടെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ അത്രകണ്ട് വിജയിച്ചിരുന്നില്ല.

ഇപ്പോള്‍ ഫിലിം ഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ലൈല മജ്‌നുവിനെ കുറിച്ച് സംസാരിച്ചത്. താന്‍ ലീഡ് റോളിലെത്തിയ ആദ്യ സിനിമയാണ് ലൈല മജ്‌നുവെന്നും അതുകൊണ്ട് തന്നെ ആ സിനിമ തനിക്ക് സ്‌പെഷ്യലാണെന്നും നടി പറഞ്ഞു.

‘ആ സിനിമ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുവെന്ന് ഞാന്‍ കരുതുന്നു. 20 അല്ലെങ്കില്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി കശ്മീര്‍ താഴ്വരകളില്‍ അപ്പോള്‍ ഷൂട്ടിങ് ഉണ്ടായിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഒരോ ദിവസവും. ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ചിന്തിച്ച് പലപ്പോഴും കരഞ്ഞു, കാരണം സിനമയുടെ ഷൂട്ടിങ്ങ് ഒരിക്കലും എളുപ്പമല്ലായിരുന്നു. മജ്‌നു എനിക്ക് എപ്പോഴും സ്‌പെഷ്യലാണ്,’ തൃപ്തി പറഞ്ഞു.

ഈ സിനിമ ചെയ്യുമ്പോള്‍ തങ്ങളൊന്നും അത്ര പ്രശസ്തരല്ലായിരുന്നുവെന്നും അതിനാല്‍ സമ്മര്‍ദമില്ലായിരുന്നുവെന്നും തൃപ്തി പറഞ്ഞു. അന്ന് തങ്ങള്‍ അടുത്ത വീടുകളില്‍ പോയി ഭക്ഷണം കഴിക്കുമായിരുന്നുവെന്നും കശ്മീരിനോട് തനിക്ക് ആഴമായ ഒരു അടുപ്പമുണ്ടെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു. സിനിമ വിജയിക്കാതിരുന്നപ്പോള്‍ തനിക്ക് നിരാശ തോന്നിയെന്നും നടി പറഞ്ഞു.

അവിനാശ് തിവാരി തൃപ്തി ദിമ്രിയും പ്രധാനവേഷത്തിയ ലൈ മജ്‌നുവിന്റെ തിരക്കഥ എഴുതിയത് ഇംതിയാസ് അലിയാണ്. ബോക്‌സ് ഓഫീസില്‍ പരാജയമായി തീര്‍ന്ന സിനിമ പിന്നീട് ശ്രദ്ധിക്കപ്പെട്ടു.

ധടക് 2വാണ് തൃപ്തിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കരണ്‍ ജോഹര്‍ നിര്‍മിച്ച ഈ സിനിമ തമിഴ് ചിത്രം പരിയേറും പെരുമാളിന്റെ റീമേക്കാണ്.

Content highlight:   Tripti Dimri  talking about the film Laila Majnu

We use cookies to give you the best possible experience. Learn more