| Thursday, 28th December 2017, 8:26 pm

പ്രതിപക്ഷം ഉന്നയിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി; മുത്തലാഖ് ബില്‍ ലോകസഭ പാസാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിപക്ഷം ഉന്നയിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിക്കൊണ്ട് മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കി. മുസ്‌ലീം സമുദായത്തിലെ വിവാഹ മോചന രീതിയായ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള ബില്ലാണ് ലോകസഭ പാസാക്കിയത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് മുസ്‌ലീം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരില്‍ മുത്തലാഖ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്ലിലെ ചില വ്യവസ്ഥകള്‍ നീക്കം ചെയ്യണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടെയാണ് നിയമം പാസാക്കിയത്.

ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കാനും മൂന്നു വര്‍ഷം വരെ തടവും പിഴ ശിക്ഷയുമാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. ഇതിന് പുറമെ മുസ്‌ലീം സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പുവരുത്തുകയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണച്ചുമതല സ്ത്രീകള്‍ക്ക് നല്‍കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.

ബില്ല് മുസ്‌ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തി പിടിക്കുന്നതാണെന്നും ഇത് ചരിത്ര ദിനമാണെന്നും മന്ത്രി രവിശങ്കര്‍ പ്രസാദും മുസ്‌ലീം സ്ത്രീകളുടെ സമത്വവും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കുന്ന ബില്ലാണെന്ന് പ്രധാനമന്ത്രിയും പറഞ്ഞിരുന്നു. മുത്തലാഖ് ഇല്ലാതാക്കുന്നതിനെ പിന്തുണക്കുന്നെങ്കിലും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ നല്‍കാനുള്ള നീക്കത്തെ അംഗീകരിക്കാനാവില്ല എന്നും ശിക്ഷക്ക് പകരം സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ കൊണ്ടുവരണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

എന്‍.കെ.പ്രേമചന്ദ്രന്‍, എ.സമ്പത്ത്, അസദുദ്ദീന്‍ ഒവൈസി തുടങ്ങിയവര്‍ നിര്‍ദ്ദേശിച്ച ഭേദഗതിയുടെ അടിസ്ഥാനത്തില്‍ വോട്ടെടുപ്പ് നടത്തിയതെങ്കിലും തള്ളുകയായിരുന്നു. വിവാഹം എന്നത് സാമൂഹിക കരാറാണെന്നും അതിനെ ക്രിമിനല്‍ ചട്ടങ്ങളിലൂടെ കാണരുതെന്നും ഒവൈസി ആവശ്യപ്പെട്ടു. നിയമങ്ങള്‍ മനുഷ്യരെ നല്ലവരാക്കുന്നില്ലെന്നും സമൂഹമാണ് മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ് പ്രതിനിധികള്‍ സഭ വിട്ടിറങ്ങി.

നേരത്തെ മുസ്‌ലീം വ്യക്തി നിയമ ബോര്‍ഡും മുത്തലാഖ് ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നായിരുന്നു ബോര്‍ഡിന്റെ നിലപാട്. തിടുക്കപ്പെട്ട് ഉണ്ടാക്കി കൊണ്ടുവന്ന മുത്തലാഖ് ബില്ലിനോട് യോജിക്കാനാവില്ല എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more