| Thursday, 25th September 2025, 10:58 am

ഒന്നും രണ്ടുമല്ല, നടന്നത് മൂന്ന് അട്ടിമറി; ഞാന്‍ അപമാനിക്കപ്പെട്ടു; ഐക്യരാഷ്ട്രസഭയിലെ എസ്‌കലേറ്റര്‍, ടെലിപ്രോംപ്റ്റര്‍ തകരാറില്‍ ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എന്‍ പൊതുസഭയിലെ എസ്‌കലേറ്ററിന്റെ പ്രവര്‍ത്തനം നിലച്ച സംഭവത്തിലും ടെലിപ്രോംപ്റ്റര്‍ തകരാറിലായ സംഭവത്തിലും ഗൗരവമായ അന്വേഷണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നടന്നത് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത അട്ടിമറിയാണെന്ന് ട്രൂത്ത് സോഷ്യലില്‍ എഴുതിയ കുറിപ്പില്‍ ട്രംപ് പറഞ്ഞു.

ഐക്യരാഷ്ട്രസഭയില്‍ എസ്‌കലേറ്റര്‍ നിലച്ചുപോയതും ടെലിപ്രോംപ്റ്ററിന് തകരാര്‍ സംഭവിച്ചതും പിന്നീട് മൈക്കിനുണ്ടായ തകരാറും വെറും സാങ്കേതിക തകരാറുകള്‍ മാത്രമായി തനിക്ക് തോന്നുന്നില്ലെന്നും മനഃപൂര്‍വമായ അട്ടിമറിയാണെന്നും ട്രംപ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തോട് ഇതില്‍ അന്വേഷണം നടത്താനും ട്രംപ് ഉത്തരവിട്ടു.

‘ഐക്യരാഷ്ട്രസഭയില്‍ കഴിഞ്ഞ ദിവസം ഞാന്‍ അപമാനിക്കപ്പെട്ടു. ഒന്നല്ല, രണ്ടല്ല മൂന്ന് തവണ. ഗൗരവമായ ചില കാര്യങ്ങളാണ് അവിടെ നടന്നത്. ഞാന്‍ വരുന്ന സമയത്ത് തന്നെ ഈ മൂന്ന് വീഴ്ചകള്‍ സംഭവിച്ചു. ഇത് വെറും സാങ്കേതിക വീഴ്ച മാത്രമാണോ?

മെയിന്‍ സ്പീക്കിംഗ് ഫ്‌ളോറിലേക്ക് എത്താനായുള്ള എസ്‌കലേറ്റര്‍, ഞാനും പ്രഥമ വനിതയും കയറിയ ഉടനെ നിലച്ചു. ആ സ്റ്റീല്‍ പടികളുടെ മൂര്‍ച്ചയുള്ള ഭാഗത്തേക്ക് ഞാനും മെലാനിയയും വീഴാതിരുന്നത് ഭാഗ്യംകൊണ്ടാണ്. ഞങ്ങള്‍ രണ്ടു പേരും ഹാന്‍ഡ്റെയില്‍ മുറുകെ പിടിച്ചിരുന്നു, അല്ലെങ്കില്‍ അത് ഒരു ദുരന്തമാകുമായിരുന്നു, ഇതൊരു പൂര്‍ണ അട്ടിമറിയാണ്,’ താന്‍ എത്തുമ്പോള്‍ എസ്‌കലേറ്റര്‍ ഓഫ് ചെയ്യുമെന്ന് യു.എന്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് പറഞ്ഞതായുള്ള ലണ്ടന്‍ ടൈംസ് റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു ട്രംപിന്റെ വിമര്‍ശനം.

ഐക്യരാഷ്ട്രസഭയില്‍ ലോക നേതാക്കളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ തന്റെ ടെലിപ്രോംപ്റ്റര്‍ തകരാറിലായെന്നും തനിക്ക് ഒന്നും കാണാനോ കേള്‍ക്കാനോ സാധിക്കുന്നുണ്ടായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.

‘ആദ്യം എസ്‌കലേറ്ററിന് പ്രശ്‌നം, പിന്നീട് ടെലിപ്രോംപ്റ്റര്‍. ഇത് എന്താണ്? ഏകദേശം 15 മിനിറ്റിനുശേഷം മാത്രമാണ് ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തിച്ചത്. ഏറ്റവും ഒടുവില്‍, ഞാന്‍ പ്രസംഗിക്കുമ്പോള്‍ ഓഡിറ്റോറിയത്തിലെ ശബ്ദ സംവിധാനം തകരാറിലായി. ലോക നേതാക്കള്‍ക്ക് എന്റെ പ്രസംഗം കേള്‍ക്കാന്‍ കഴിഞ്ഞില്ല.

പ്രസംഗശേഷം മെലാനിയയെ കണ്ടപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത് ‘നിങ്ങള്‍ പറഞ്ഞ ഒരു വാക്ക് പോലും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല.’ എന്നായിരുന്നു. ഇത് യാദൃശ്ചികമല്ല,’ ട്രംപ് പറഞ്ഞു.

വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്നും പ്രത്യേകിച്ച് എസ്‌കലേറ്റര്‍ നിലച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കണെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ എസ്‌കലേറ്റര്‍ നിലച്ച സംഭവത്തില്‍ അട്ടിമറി ഒന്നും ഇല്ലെന്നും ട്രംപും മെലാനിയയും എസ്‌കലേറ്ററില്‍ കയറുന്നതിന് മുന്‍പ് യു.എസ് പ്രതിനിധി സംഘത്തിലെ ഒരു വീഡിയോഗ്രാഫര്‍ മുന്നിലായി ഓടി എസ്‌കലേറ്ററില്‍ കയറിയപ്പോള്‍ സുരക്ഷയുടെ ഭാഗമായി അതിന്റെ പ്രവര്‍ത്തനം നിലച്ചതാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു.

എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ ഈ മറുപടിയില്‍ ട്രംപോ വൈറ്റ് ഹൗസോ തൃപ്തരായിട്ടില്ല. നടന്നത് അസീക്വാര്യമായ കാര്യമാമെന്നും വെറുമൊരു സാങ്കേതിക പിഴവായി ഇതിനെ കണക്കാക്കാന്‍ കഴിയില്ലെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞത്.

Content Highlight: Triple sabotage Trump orders Secret Service to probe ‘sinister’ UN mishaps

We use cookies to give you the best possible experience. Learn more