ഏഷ്യാ കപ്പിന് മുന്നോടിയായി അഫ്ഗാനിസ്ഖാന്‍-യു.എ.ഇ-പാകിസ്ഥാന്‍ ടീമുകള്‍ തമ്മില്‍ നടക്കുന്ന ട്രൈനേഷന്‍ സീരിസില്‍ ഫൈനലിന് യോഗ്യത നേടി പാകിസ്ഥാന്‍. കഴിഞ്ഞ ദിവസം യു.എ.ഇയ്‌ക്കെതിരായ മത്സരത്തില്‍ വിജയം സ്വന്തമാക്കിയതോടെയാണ് പാകിസ്ഥാന്‍ ഫൈനലിന് ടിക്കറ്റെടുത്തത്. കലാശപ്പോരാട്ടത്തില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ നേരിടും.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 31 റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. പാക് പട ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എ.ഇക്ക് 140 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ബാറ്റിങ്ങില്‍ ഫഖര്‍ സമാന്റെയും ബൗളിങ്ങില്‍ അബ്രാര്‍ അഹമ്മദിന്റെയും മികടച്ച പ്രകടനങ്ങളാണ് പാകിസ്ഥാന് വിജയവും ഫൈനല്‍ ബെര്‍ത്തും സമ്മാനിച്ചത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാനായി ഓപ്പണര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. സഹിബ്‌സാദ ഫര്‍പാന്‍ 16 റണ്‍സും സയീം അയ്യൂബ് പത്ത് റണ്‍സിനും പുറത്തായി. ക്യാപ്റ്റന്‍ ആഘാ സല്‍മാന്‍ (അഞ്ച് പന്തില്‍ ഏഴ്) പാടെ നിരാശപ്പെടുത്തിയെങ്കിലും ഫഖര്‍ സമാന്‍ ചെറുത്തുനിന്നു.
44 പന്ത് നേരിട്ട താരം പുറത്താകാതെ 77 റണ്‍സ് നേടി. പത്ത് ഫോറും രണ്ട് സിക്‌സറും അടക്കം 175.00 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
മുഹമ്മദ് ഹാരിസ് (17 പന്തില്‍ 14), ഹസന്‍ നവാസ് (ആറ് പന്തില്‍ നാല്) എന്നിവരും മങ്ങിയപ്പോള്‍ മുഹമ്മദ് നവാസ് ഫഖര്‍ സമാനി പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റില്‍ 91 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. മുഹമ്മദ് നവാസ് 27 പന്തില്‍ പുറത്താകാതെ 37 റണ്‍സ് നേടി.
യു.എ.ഇക്കായി ഹൈദര്‍ അലി രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മജദ് റോഹിദ്, ധ്രുവ് പരാശര്‍, ജുനൈദ് സിദ്ദിഖ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇയ്ക്കായി അലിഷന്‍ ഷറഫു തകര്‍ത്തടിച്ചെങ്കിലും ക്യാപ്റ്റനടക്കം ഒരാളുടെ പോലും പിന്തുണ ലഭിക്കാതെ വന്നതോടെയാണ് യു.എ.ഇ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്.
ഷറഫു 51 പന്തില് 68 റണ്‍സ് നേടി. നാല് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 19 പന്തില് 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് വസീമാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ യു.എ.ഇ 140ന് പോരാട്ടം അവസാനിപ്പിച്ചു.
പാകിസ്ഥാനായി അബ്രാര്‍ അഹമ്മദ് നാല് വിക്കറ്റ് നേടി. നാല് ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങിയാണ് താരം ഫോര്‍ഫര്‍ പൂര്‍ത്തിയാക്കിയത്. ഹൈദര്‍ അലി റണ്‍ ഔട്ടായി മടങ്ങിയപ്പോള് ഷഹീന്‍ അഫ്രിദിയും മുഹമ്മദ് നവാസും ചേര്‍ന്നാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
സെപ്റ്റംബര്‍ ഏഴിനാണ് ട്രൈനേഷന്‍ സീരീസ് ഫൈനലില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ നേരിടുന്നത്.
Content Highlight: Trination Series: Pakistan qualified for the finals