| Saturday, 28th February 2026, 9:45 am

ചരിത്രം കുറിക്കാന്‍ മേനക ഗുരുസ്വാമി; ഇന്ത്യയിലെ ആദ്യ എല്‍.ജി.ബി.ടി.ക്യു.ഐ.എ എംപിയായേക്കും; രാജ്യസഭയിലേക്ക് തൃണമൂല്‍ കരുനീക്കം

യെലന കെ.വി

കൊല്‍ക്കത്ത: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകയും എല്‍.ജി.ബി.ടി.ക്യു.ഐ.എ ആക്ടിവിസ്റ്റുമായ മേനക ഗുരുസ്വാമിയാണ് പട്ടികയിലെ ശ്രദ്ധേയ സാന്നിധ്യം. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയിലെ ആദ്യ എല്‍.ജി.ബി.ടി.ക്യു.ഐ.എ പാര്‍ലമെന്റ് അംഗമാവും മേനക ഗുരുസ്വാമി.

ഇന്ത്യയില്‍ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീം കോടതിയുടെ ചരിത്രപ്രസിദ്ധമായ സെക്ഷന്‍ 377 വിധിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനികളില്‍ ഒരാളാണ് മേനക.
2018-ല്‍ തന്റെ പങ്കാളിയും സഹ-അഭിഭാഷകയുമായ അരുന്ധതി കട്ജുവിനൊപ്പമാണ് മേനക ഈ നിയമപോരാട്ടത്തില്‍ വിജയിച്ചത്.

ഓക്‌സ്‌ഫോര്‍ഡിലെ റോഡ്‌സ് ഹൗസില്‍ ഛായാചിത്രം സ്ഥാപിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതിയും ഇവര്‍ക്കുണ്ട്.

മേനക ഗുരുസ്വാമിക്ക് പുറമെ മന്ത്രി ബാബുല്‍ സുപ്രിയോ, വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിമാറിയ മുന്‍ ബംഗാള്‍ ഡി.ജി.പി രാജീവ് കുമാര്‍, പ്രശസ്ത നടി കോയല്‍ മല്ലിക് എന്നിവരും തൃണമൂല്‍ പട്ടികയിലുണ്ട്. ബംഗാളില്‍ നിന്ന് ഒഴിവ് വരുന്ന അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കാണ് മാര്‍ച്ച് 16-ന്
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ ഭൂരിപക്ഷം അനുസരിച്ച് ഇതില്‍ നാല് സീറ്റുകളില്‍ തൃണമൂലിന് വിജയം ഉറപ്പാണ്.

ഇന്ത്യന്‍ പാര്‍ലമെന്റിലെ ലിംഗനീതിയുടെ ശബ്ദമാകാന്‍ മേനക എത്തുമ്പോള്‍ അത് മനുഷ്യാവകാശ പോരാട്ടങ്ങളില്‍ പുതിയ അധ്യായമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, സ്ഥാനാര്‍ത്ഥികളില്‍ പകുതിയും ബംഗാളികള്‍ അല്ലെന്നാരോപിച്ച് ബി.ജെ.പി ഇതിനോടകം രാഷ്ട്രീയ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: Trinamool nominates advocate Menaka Guruswamy, 3 others to Rajya Sabha

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more