| Tuesday, 20th January 2026, 10:16 pm

പാര്‍ട്ടിയെ വഞ്ചിച്ചു; ബേപ്പൂരില്‍ പി.വി. അന്‍വറിനെതിരെ മത്സരിക്കുമെന്ന് തൃണമൂല്‍

രാഗേന്ദു. പി.ആര്‍

മലപ്പുറം: പി.വി. അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) സംസ്ഥാന നേതൃത്വം. ബേപ്പൂരില്‍ അന്‍വറിനെതിരെ തൃണമൂല്‍ മത്സരിക്കുമെന്ന് ടി.എം.സി സംസ്ഥാന പ്രസിഡന്റ് സി.ജെ. ഉണ്ണി പറഞ്ഞു.

ബേപ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുമതിയില്ലാതെ അന്‍വര്‍ യു.ഡി.എഫിന്റെ അസോസിയേറ്റ് മെമ്പറായെന്നും അദ്ദേഹം ടി.എം.സിയുടെ ദേശീയ നേതൃത്വത്തെ വഞ്ചിച്ചുവെന്നും സി.ജെ. ഉണ്ണി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യാതൊരുവിധ ചലനവും ഉണ്ടാക്കാന്‍ കഴിയാത്ത അന്‍വറിനെ എങ്ങനെയാണ് യു.ഡി.എഫിന് അസോസിയേറ്റ് അംഗമായി പരിഗണിക്കാന്‍ കഴിയുന്നതെന്നും ടി.എം.സി ചോദിക്കുന്നു.

കോണ്‍ഗ്രസ് എം.പിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എയെ വരെ ചോദ്യം ചെയ്ത അന്‍വറിനെ പിന്തുണക്കേണ്ട ഗതികേടിലാണ് യു.ഡി.എഫെന്നും സി.ജെ. ഉണ്ണി പറഞ്ഞു.

ബേപ്പൂരില്‍ നിലവിലെ പൊതുമരാമത്ത് മന്ത്രിയും സി.പി.ഐ.എം നേതാവുമായ പി.എ. മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുമെന്ന് പി.വി. അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. അന്‍വറിന്റെ പ്രഖ്യാപനം യു.ഡി.എഫ് അനുയായികള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം യു.ഡി.എഫിന്റെ നിര്‍ദേശമനുസരിച്ച് ബേപ്പൂരില്‍ അന്‍വര്‍ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മുന്നണിയിലെ ധാരണപ്രകാരം ബേപ്പൂര്‍ സീറ്റായിരിക്കും യു.ഡി.എഫ് തൃണമൂലിന് നല്‍കുക. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്‍വറിന്റെ നീക്കങ്ങള്‍.

1982 മുതല്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളാണ് ബേപ്പൂരില്‍ ജയിക്കുന്നത്. 1977ലാണ് അവസാനമായി ഒരു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബേപ്പൂരില്‍ ജയിച്ചത്. കോണ്‍ഗ്രസ് നേതാവ് എന്‍.പി. മൊയ്തീനായിരുന്നു അന്നത്തെ എം.എല്‍.എ.

പിന്നീട് 1980 ലും അദ്ദേഹം ജയം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ മൊയ്തീന്‍ പ്രതിനിധീകരിച്ചിരുന്ന കോണ്‍ഗ്രസ് (യു) അന്ന് ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുഹമ്മദ് റിയാസ് ബേപ്പൂരില്‍ നിന്നും വിജയിച്ചത്.

Content Highlight: Trinamool Congress says it will contest against PV Anvar in Beypore

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more